തിരുവന്തപുരം: എസ്.എസ്.എല്‍.സി റിസള്‍ട്ട് പ്രഖ്യാപന വേളയില്‍ വികാരാധീനനായി കണ്ണീരണിഞ്ഞ് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആറ്റിങ്ങല്‍ വാഹനാപകടത്തില്‍ മരിച്ച സാരംഗിന്റെ പത്താം ക്ലാസ് റിസള്‍ട്ട് പ്രഖ്യാപിക്കവെയാണ് മന്ത്രി കണ്ണീരണിഞ്ഞത്. ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന സാരംഗിന്റെ അവയവങ്ങള്‍ ആറ് പേര്‍ക്കായി ദാനം ചെയ്യാന്‍ കുടുംബം കാണിച്ച സന്മനസ്സിനെയും വാര്‍ത്താസമ്മേളനത്തിനിടെ മന്ത്രി അഭിനന്ദിച്ചു.
ഫലപ്രഖ്യാപനത്തിനിടെ, മുഴുവന്‍ വിഷയങ്ങള്‍ക്കും സാരംഗ് എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട് എന്ന ഭാഗം വായിച്ചതോടെയാണ് വിദ്യഭ്യാസമന്ത്രി കണ്ഠമിടറിക്കൊണ്ട് കണ്ണുനീരൊഴുക്കിയത്. സാരംഗ് നമ്മളെ വിട്ടുപിരിഞ്ഞെങ്കിലും, മഹത്തരമായൊരു കാര്യമാണ് സാരംഗിന്റെ കുടുംബം ചെയ്തതെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി സാരംഗിന്റെ റിസള്‍ട്ട് പ്രഖ്യാപിച്ച് തുടങ്ങിയത്.
‘വലിയ ഫുട്‌ബോള്‍ താരമായിരുന്നു സാരംഗ്. വലിയ ദുഃഖത്തിനിടയിലും അവയവദാനം നടത്താന്‍ സാരംഗിന്റെ കുടുംബം തയ്യാറായി. അവയവദാനത്തിലൂടെ സാരംഗിന്റെ ജീവന്റെ തുടിപ്പുകള്‍ ഈ ലോകത്ത് ഉണ്ടാവുമെന്നുള്ളതാണ്. ആറ് പേര്‍ക്കാണ് അവയവങ്ങള്‍ ദാനം ചെയ്തത്. സാരംഗിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം കാണിച്ച സന്മനസിനെ ഹൃദയം കൊണ്ട് നമുക്കെല്ലാം അഭിനന്ദിക്കാം.
കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. സാരംഗിന്റെ പരീക്ഷാ ഫലം ഞാനിവിടെ പ്രഖ്യാപിക്കുന്നു. രജിസ്റ്റര്‍ നമ്പര്‍ 122913. അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്ന് ഞാന്‍ വാങ്ങിയ നമ്പറാണ്.
സാരംഗ് ബി.ആര്‍. ഗ്രേസ് മാര്‍ക്കില്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങി,’ എന്ന് പ്രഖ്യാപിച്ചതും മന്ത്രി തേങ്ങലടക്കാന്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. സാംരംഗിന്റെ റിസള്‍ട്ട് പേപ്പര്‍ താഴെ വെച്ച് നെടുവീര്‍പ്പിട്ട ശേഷം മന്ത്രി ടിഷ്യൂ പേപ്പര്‍ കൊണ്ട് തന്റെ കണ്ണീരൊപ്പി.