സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ ക്യാമ്പുകളിലെ കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കരുത്: മന്ത്രി കെ. രാജന്‍
Kerala News
സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ ക്യാമ്പുകളിലെ കുട്ടികളുടെ മാനസികാവസ്ഥയെ ബാധിക്കരുത്: മന്ത്രി കെ. രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2024, 6:12 pm

മേപ്പാടി: വയനാട്ടിലെ ദുരന്തമുഖങ്ങളില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ വിലയിരുത്തലുമായി റവന്യൂ മന്ത്രി കെ. രാജന്‍. ദുരന്തമുഖത്ത് വേര്‍തിരിച്ച ആറ് സോണുകളില്‍ 1382 സേനാംഗങ്ങളും 1700ഓളം വളണ്ടിയര്‍മാരുമാണ് ഔദ്യോഗികമായി രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിലമ്പൂരില്‍ നിന്നും വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും 220 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 160 ശരീര ഭാഗങ്ങളും തിരച്ചലില്‍ കണ്ടെത്തി. 171 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അഞ്ച് മൃതദേഹങ്ങള്‍ കല്‍പ്പറ്റയിലെ ശ്മശാനത്തില്‍ ഇന്നലെ സംസ്‌കരിച്ചെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനായി വെള്ളരിമല വില്ലേജില്‍ 64 സെന്റ് ഭൂമി ജില്ലാ കളക്ടര്‍ ഏറ്റെടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിലയിരുത്തലുകള്‍ പ്രകാരം ഒരു സെന്റ് ഭൂമിയില്‍ ഏഴ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സാധിക്കും.

ഈ രീതിയിലായിരിക്കും സംസ്‌കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുക. എല്ലാവിധ ബഹുമതികളോടും കൂടിയായിരിക്കും മൃതദേഹങ്ങള്‍ സംസ്‌കരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഇന്ന് എട്ട് മൃതദേഹങ്ങൾ സംസ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8264 പേരാണ് കഴിയുന്നത്. ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ 17 ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഈ ക്യാമ്പുകളില്‍ 2551 പേരാണ് ഉള്ളത്. 943 സ്ത്രീകളും 981 സ്ത്രീകളും 627 കുട്ടികളും ഗര്‍ഭിണികളായ അഞ്ച് പേരുള്‍പ്പടെയാണ് ക്യാമ്പില്‍ കഴിയുന്നത്. 750 കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ ക്യാമ്പിലുള്ളതെന്നും മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.

ദുരന്തമുഖത്ത് നിന്നല്ലാതെ ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് ചാലിയാറില്‍ നിന്നും മറ്റൊന്ന് സൂചിപ്പാറയില്‍ നിന്നുമാണ്. സൂചിപ്പാറയിലെ തിരച്ചിലില്‍ ശരീര ഭാഗങ്ങളാണ് ലഭിച്ചത്. സോണുകളില്‍ പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ആറ് മണിയോടെ തിരച്ചില്‍ നടത്തുന്ന മുഴുവന്‍ ഫോഴ്സുകളുടെയും മേധാവികളുമായി കളക്ടര്‍ ഉള്‍പ്പെടയുള്ളവര്‍ പങ്കെടുക്കുന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ എന്‍.ഡി.ആറ്.എഫിന്റെ 120, ഐ.ആര്‍.ഡി.ബിയുടെ 20, കേരള പൊലീസ് ഡോഗ് സ്‌ക്വാഡിന്റെ ആറ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 1382 സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആറ് സോണുകളില്‍ ഏത് ഭാഗങ്ങളിലാണ് കൂടുതല്‍ അവശിഷ്ടങ്ങള്‍ എത്തിപ്പെട്ടത്, ആ പ്രദേശത്തെ കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിലാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്യാമ്പുകളിലും കൗണ്‍സിലിങ് ശക്തമാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ദുരന്തത്തില്‍ അകപ്പെട്ട കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും വിവരങ്ങള്‍ പങ്കുവെക്കരുതെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കിടയില്‍ ആത്മഹത്യ പ്രേരണകള്‍ ഉണ്ടാകുന്നതായി കൗണ്‍സിലര്‍മാര്‍ അറിയിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധികള്‍ക്ക് നമ്മള്‍ ഒരു കാരണമായി മാറരുതെന്നും മന്ത്രി പറഞ്ഞു.

Content Highlight: Minister K. Rajan says content on social media should not affect the mood of children in camps