മാധ്യമപ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും; ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടുവരും: അനുരാഗ് താക്കൂര്‍
national news
മാധ്യമപ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും; ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉടന്‍ നിയമം കൊണ്ടുവരും: അനുരാഗ് താക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th November 2022, 9:47 am

ന്യൂദല്‍ഹി: ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍. പ്രസ്തുത ബില്ലിന്മേലുള്ള പ്രവര്‍ത്തികള്‍ നടന്നുവരികയാണെന്നാണ് മന്ത്രി കഴിഞ്ഞദിവസം പറഞ്ഞത്.

നേരത്തെ വാര്‍ത്തകളുടെ വണ്‍-വേ കമ്മ്യൂണിക്കേഷന്‍ ആണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇലക്ട്രോണിക്- ഡിജിറ്റല്‍ മീഡിയയുടെ വികാസത്തോടെ വാര്‍ത്തകളുടെ കമ്മ്യൂണിക്കേഷന്‍ മള്‍ട്ടി ഡയമന്‍ഷനലായി മാറിയെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഒരു ഹിന്ദി ദിനപ്പത്രം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി മന്ത്രി.

ഇന്ന് ഒരു ഉള്‍ഗ്രാമത്തെക്കുറിച്ചുള്ള ചെറിയ വാര്‍ത്തകള്‍ പോലും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ദേശീയ പ്ലാറ്റ്ഫോമുകളിലെത്തുന്നു, മന്ത്രി കൂട്ടിച്ചേര്‍ത്തു.

”ഡിജിറ്റല്‍ മാധ്യമങ്ങള്‍ അവസരങ്ങളും ഒപ്പം വെല്ലുവിളികളും നല്‍കുന്നുണ്ട്. ശരിയായ ബാലന്‍സ് ഉറപ്പാക്കാന്‍ ഇക്കാര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും.

മാറ്റങ്ങള്‍ നിയമത്തിലേക്കും കൊണ്ടുവരണമെന്നാണ് ഞാന്‍ പറയുന്നത്. നിങ്ങളുടെ ജോലി എളുപ്പമാക്കാന്‍ ഞങ്ങള്‍ അത് കൊണ്ടുവരും. ഇത് സംബന്ധിച്ച ഒരു ബില്‍ അവതരിപ്പിക്കുന്നതിന്റെ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്,” അനുരാഗ് താക്കൂര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോട് കൂടി ജോലി ചെയ്യണമെന്നും ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും പറഞ്ഞ അനുരാഗ് താക്കൂര്‍ പ്രിന്റ്, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഭൂരിഭാഗവും സ്വയം നിയന്ത്രണത്തിന് സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുകയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

പത്രങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കുമെന്നും 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബുക്‌സ് ആക്ടിന് (1867 Press and Registration of Books Act) പകരമായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.

”പത്രങ്ങള്‍ ശരിയായ വാര്‍ത്തകള്‍ ശരിയായ സമയത്ത് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കണം. സര്‍ക്കാരിന്റെ പോരായ്മകളെ കുറിച്ച് പറയുന്നതിനൊപ്പം തന്നെ ജനക്ഷേമ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചും കൂടി സാധാരണക്കാരെ അറിയിക്കണം,” അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ കേന്ദ്രം പരിഗണിക്കുമെന്നും താക്കൂര്‍ ഉറപ്പുനല്‍കി.

അതേസമയം, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് മൂക്കുകയറിടുന്ന തരത്തിലായിരിക്കും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പാസാക്കുക എന്ന ആശങ്കയും വ്യാപകമായി ഉയരുന്നുണ്ട്.

Content Highlight: Minister Anurag Thakur says central govt will soon introduce law to regulate Digital Media