Entertainment
ആട് 3; കാത്തിരിക്കൂ, വരുന്നത് വലിയ സിനിമ; ഞാന്‍ എന്നോടുതന്നെ ആ കാര്യം പറയുകയാണ്: മിഥുന്‍ മാനുവല്‍ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 25, 02:24 pm
Saturday, 25th May 2024, 7:54 pm

മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുള്ള ചിത്രമാണ് ആട് ഒരു ഭീകരജീവിയാണ്. മിഥുന്‍ മാനുവല്‍ തോമസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു.

എന്നാല്‍ പരാജയത്തിന് ശേഷം ചിത്രത്തിന്റെ ഡി.വി.ഡി റിലീസായതോടെ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമായിരുന്നു ആടിന് ലഭിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ആട് 2വും മിഥുന്‍ മാനുവല്‍ ഒരുക്കിയിരുന്നു.

ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം വലിയ വിജയമായ ചരിത്രമായിരുന്നു അന്ന് മലയാളികള്‍ കണ്ടത്. ബോക്‌സ് ഓഫീസില്‍ വിജയമായ ചിത്രം മൂന്നാം ഭാഗത്തിനുള്ള സാധ്യത ബാക്കി വെച്ചിരുന്നു. ഈയിടെയായിരുന്നു ആടിന്റെ മൂന്നാം ഭാഗം വരുന്നതിന്റെ സൂചന സംവിധായകന്‍ നല്‍കിയത്.

വരാന്‍ പോകുന്നത് വലിയ സിനിമയാണെന്ന് പറയുകയാണ് മിഥുന്‍ മാനുവല്‍. ടര്‍ബോയുടെ ഭാഗമായി മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആട് 3 വലിയ സിനിമയായത് കൊണ്ട് സമയമെടുക്കുമെന്നും ക്ഷമ വേണമെന്നുമാണ് മിഥുന്‍ പറയുന്നത്.

‘ആട് 3 കുറച്ച് വലിയ സിനിമയാണ്. അത് അനൗണ്‍സ് ചെയ്തിട്ടേയുള്ളൂ. വലിയ സിനിമയായത് കൊണ്ട് സമയമെടുക്കും. ക്ഷമ വേണം, സമയമെടുക്കുമെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്,’ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു.

അതേസമയം മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായിട്ട് എത്തിയത് മമ്മൂട്ടിയാണ്.


Content Highlight: Midhun Manuel Thomas Talks About Aadu Three