ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം ലോഡ്‌സില്‍ നടന്ന മത്സരത്തില്‍ 186 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ തകര്‍ത്തു വിട്ടത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം 39 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 24.4 ഓവറില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു.
Victory by 186 runs! 🙌
Come for Livingstone’s fireworks 💥
Stay for the bowlers shining 👏
Full 4th ODI highlights 👇
🏴 #ENGvAUS 🇦🇺 | #EnglandCricket
ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ബെന്‍ ഡക്കറ്റ് എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 58 പന്തില്‍ 87 റണ്‍സ് നേടിക്കൊണ്ടായിരുന്നു ബ്രുക്ക് തിളങ്ങിയത്. 11 ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 62 പന്തില്‍ 63 റണ്‍സ് നേടി ഡക്കെറ്റും തിളങ്ങി. ആറ് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്.
അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച ലിവിങ്സ്റ്റണിന്റെ ഇന്നിങ്‌സാണ് ഏറെ ശ്രദ്ധേയമായത്. 27 പന്തില്‍ പുറത്താവാതെ 62 റൺസ് നേടിയാണ് താരം തിളങ്ങിയത്. മൂന്ന് ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളുമാണ് താരം അടിച്ചെടുത്തത്.
ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. നാല് സിക്‌സുകളും ഒരു ഫോറുമാണ് താരം സ്റ്റാര്‍ക്കിന്റെ ഓവറില്‍ നേടിയത്. ഇതിനു പിന്നാലെ ഒരു മോശം നേട്ടവും ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ സ്വന്തമാക്കി.
ഏകദിനത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന മോശം റെക്കോഡാണ് സ്റ്റാര്‍ക്കിനെ തേടിയെത്തിയത്. ഇതിനുമുമ്പ് ഈ മോശം നേട്ടം ആദം സാംപ, കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങളുടെ പേരിലായിരുന്നു. 2023ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഇരുവരും ഈ മോശം നേട്ടം സ്വന്തമാക്കിയത്. ഗ്രീനും സാംപയും ഒരു ഓവറില്‍ 26 റണ്‍സാണ് വിട്ടുനല്‍കിയിരുന്നത്.
അതേസമയം ഇംഗ്ലണ്ട് ബൗളിങ്ങില്‍ മാത്യു പോട്‌സ് നാല് വിക്കറ്റും ബ്രയ്ഡന്‍ കാര്‍സ് മൂന്ന് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റും ആദില്‍ റഷീദ് ഒരു വിക്കറ്റും നേടി ഇംഗ്ലണ്ടിന്റെ കൂറ്റന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ 23 പന്തില്‍ 34 റണ്‍സ് നേടി ട്രാവിസ് ഹെഡും 34 പന്തില്‍ 28 റണ്‍സ് നേടി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയാക്കാനും ഇംഗ്ലണ്ടിന് സാധിച്ചു. നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സീറ്റ് യൂണിക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
Content Highlight: Michell Starc Create a Unwanted Record in ODI