ആന്‍ഡേഴ്‌സന്റെ പന്ത് പോലും മികച്ച രീതിയില്‍ കളിച്ചവന് ഇപ്പോള്‍ എന്ത് പറ്റി; സൂപ്പര്‍ താരത്തെക്കുറിച്ച് മൈക്കല്‍ വോണ്‍
Sports News
ആന്‍ഡേഴ്‌സന്റെ പന്ത് പോലും മികച്ച രീതിയില്‍ കളിച്ചവന് ഇപ്പോള്‍ എന്ത് പറ്റി; സൂപ്പര്‍ താരത്തെക്കുറിച്ച് മൈക്കല്‍ വോണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 17th December 2024, 3:16 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് ഗാബയില്‍ പുരോഗമിക്കുകയാണ്. മത്സരത്തിലെ നാലാം ദിനം ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് നേടിയത്. ഇനി അവശേഷിക്കുന്ന ദിനത്തില്‍ ഇന്ത്യയെ ഓള്‍ ഔട്ട് ചെയ്ത് വീണ്ടും ബാറ്റിങ്ങിന് അയച്ചാലും ഒരു ദിനം കൊണ്ട് ഇന്ത്യയെ് വീണ്ടും ഓള്‍ ഔട്ട് ചെയ്താലെ കങ്കാരുക്കള്‍ക്ക് വിജയിക്കാന്‍ സാധിക്കൂ.

ഓസീസിനെ 445 റണ്‍സിന് തളച്ച ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഇന്ത്യന്‍ നിരയുടെ ടോപ് ഓര്‍ഡര്‍ തകര്‍ത്ത് മിന്നും പ്രകടനമാണ് ഓസീസ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന വിരാട് കോഹ്ലി അടക്കമുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഓപ്പണര്‍ കെ.എല്‍ രാഹുലും രവീന്ദ്ര ജഡേജയും ടീമിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

ഹേസല്‍വുഡിന്റെ കിടിലന്‍ പന്തില്‍ താരം സൈഡ് എഡ്ജായി കീപ്പര്‍ അലക്സ് കാരിയുടെ കയ്യിലെത്തുകയായിരുന്നു. വെറും മൂന്ന് റണ്‍സ് നേടിയാണ് വിരാട് കൂടാരം കയറിയത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ താരം പിന്നീട് മോശം പ്രകടനമാണ് നടത്തിയത്.

ഇപ്പോള്‍ വിരാടിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍. വിരാട് ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന ബോള്‍ ലീവ് ചെയ്യുന്നില്ലെന്നും ഇംഗ്ലണ്ടില്‍ വിരാട് മികവ് കാണിച്ചപ്പോള്‍ ഓസ്‌ട്രേലിയയില്‍ പരാജയപ്പെടുന്നു എന്നും വോണ്‍ പറഞ്ഞു. മാത്രമല്ല വിരാടിന് ഇനിയും റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള അവസരമുണ്ടെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.

വിരാടിനെക്കുറിച്ച് വോണ്‍ പറഞ്ഞത്

‘അവന്‍ ഒരു വലിയ കളിക്കാരനാണ്. പന്ത് ലീവ് ചെയ്യാന്‍ ശ്രമിക്കാതെ ഷോട്ടുകള്‍ക്കു പോകുന്നതാണ് അയാളുടെ പ്രശ്നം. ഇംഗ്ലണ്ടില്‍ ഒരു ബമ്പര്‍ പരമ്പരയുണ്ടായപ്പോള്‍, ഓഫ് സ്റ്റമ്പിന് പുറത്ത് ജെയിംസ് ആന്‍ഡേഴ്സന്‍ എറിഞ്ഞ പന്തുകള്‍ ഉപേക്ഷിക്കാനും മികവ് കാണിക്കാനും അവന്‍ ശ്രദ്ധിച്ചിരുന്നു. അവന്‍ ഇപ്പേള്‍ ഇങ്ങനെയല്ല, അവന്‍ പരാജയപ്പെട്ടു,

വിരാട് 40 പന്തോളം കളിച്ച് കളത്തില്‍ തുടര്‍ന്നാല്‍ പിന്നീട് തന്റെ ആര്‍ജവം പുറത്തെടുക്കാന്‍ അവന് സാധിക്കും, ഓസ്‌ട്രേലിയയില്‍ അവന് റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള അവസരമുണ്ട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഇത് അല്‍പ്പം ബുദ്ധിമുട്ടാണെന്ന് തോന്നുന്നു,’ വോണ്‍ പറഞ്ഞു.

 

Content Highlight: Michael Vaughan Talking About Virat Kohli