ഇംഗ്ലണ്ട് – പാകിസ്ഥാന്‍ ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം ടി-20യില്‍ പാകിസ്ഥാനെ ഇംഗ്ലീഷ് പട 23 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 162 റണ്‍സിന് പുറത്താവുകയായിരുന്നു.
എന്നാല്‍ മത്സരത്തില്‍ തേല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാനെ കണക്കിന് പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. പാകിസ്ഥാനോട് കളിക്കുന്നതിലും നല്ലത് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ കളിക്കുന്നതാണ് നല്ലത് എന്നാണ് വോണ്‍ തന്റെ പോഡ്കാസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാനോടുള്ള പരമ്പരയ്ക്ക് മുന്നോടിയായി ഐ.പി.എല്ലിലെ പ്ലേ ഓഫ് മത്സരത്തില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് തിരിച്ച് വരേണ്ടി വന്നിരുന്നു.
‘ഇന്ത്യയില്‍ നിന്നും ഇംഗ്ലണ്ട് കളിക്കാരെ തിരിച്ചുവിളിച്ചതിലൂടെ എല്ലാം മാറിമറിഞ്ഞു. വില്‍ ജാക്ക്സ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവരുടെ മത്സര നിലവാരം പ്ലേ ഓഫില്‍ കളിക്കുന്നത് പ്രയോജനം ചെയ്യുമായിരുന്നു. പാകിസ്ഥാനെതിരെ കളിക്കുന്നതിനേക്കാള്‍ നല്ലത് ഐ.പി.എല്ലില്‍ കളിക്കുന്നതാണ് എന്ന് ഞാന്‍ പറയും,’വോണ്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
‘അന്താരാഷ്ട്ര ക്രിക്കറ്റ് തന്നെയാണ് വലുത്. എന്നിരുന്നാലും, ഇന്ത്യയിലെ ലീഗ് സമ്മര്‍ദത്തിന് വിധേയമാണ്. ആരാധകരും ഉടമകളും സോഷ്യല്‍ മീഡിയയും കളിക്കാരെ സമ്മര്‍ദത്തിലാക്കുന്നു. ഐ.പി.എല്‍ രണ്ടാം റൗണ്ടില്‍ വില്‍ ജാക്‌സും ഫില്‍ സാള്‍ട്ടും ആര്‍.സി.ബിക്കും കെ.കെ.ആറിനും വേണ്ടി കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം 2024 ഐ.പി.എല്‍ കലാശക്കൊട്ടിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ 17ാം ഐ.പിഎല്‍ സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.
Content Highlight: Michael Vaughan Talking About Pakistan