Daily News
എലി കഞ്ചാവ് കടത്തുന്നു; വിചിത്ര വാദവുമായി ജാര്‍ഖണ്ഡ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 25, 01:28 pm
Friday, 25th August 2017, 6:58 pm

റാഞ്ചി: പൊലിസ് കസ്റ്റഡിയിലെ കഞ്ചാവുകള്‍ എലികള്‍ കടത്തിയെന്ന് ജാര്‍ഖണ്ഡ് പൊലീസ് കോടതിയില്‍. കഴിഞ്ഞ വര്‍ഷം ദേശീയ പാതയില്‍ വെച്ച് പൊലീസ് പിടികൂടിയ 145 കിലോ കഞ്ചാവാണ് കോടതിയിലെത്തിയപ്പോള്‍ 100 കിലോ ആയി കുറഞ്ഞത്.

സംഭവത്തെക്കുറിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് സ്‌റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിനേഷ് കുമാര്‍ വിചിത്രമായ ഉത്തരം നല്‍കിയത്. 45 കിലോ കഞ്ചാവ് എലി കൊണ്ടുപോയെന്നാണ് പൊലീസിന്റെ വിശദീകരണം.


Also Read: ദുര്‍മന്ത്രവാദിയെന്ന് ആരോപണം; 80 വയസുകാരിയെ 18 ദിവസം വീട്ടിനുള്ളില്‍ പൂട്ടിയിട്ടു


ബീഹാറില്‍നിന്ന് കടത്തുകയായിരുന്ന കഞ്ചാവാണ് 2016 മെയ് മാസത്തില്‍ ബര്‍വാഡ പൊലീസ് പിടികൂടിയത്. ബര്‍വാഡ പൊലീസ് സ്‌റ്റേഷന്‍ സ്‌റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്.

നേരത്തെ ബീഹാറില്‍ പിടികൂടിയ മദ്യം എലി കുടിച്ചു തീര്‍ത്തെന്ന വാദവുമായി പൊലീസ് രംഗത്തെത്തിയിരുന്നു. നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പൊലീസ് സ്റ്റേഷനുകളില്‍നിന്ന് അപ്രത്യക്ഷമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡി.ജി.പി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പൊലീസ് ഇത്തരത്തില്‍ വിശദീകരണം നല്‍കിയത്. സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനമാണ് ബീഹാര്‍.