Entertainment
താരജാഡയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നായിക എന്നായിരുന്നു അന്ന് എന്നെപ്പറ്റി അയാള്‍ എഴുതിയത്: അനശ്വര രാജന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 22, 10:02 am
Wednesday, 22nd January 2025, 3:32 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച നടിയായി പേരെടുത്ത താരമാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലേക്ക് വന്ന അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരില്‍ അനശ്വരയുടെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റായ രേഖാചിത്രത്തിലും അനശ്വരയുടെ സാന്നിധ്യമുണ്ടായിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ താന്‍ നേരിട്ട സൈബര്‍ അറ്റാക്കുകളെപ്പറ്റി സംസാരിക്കുകയാണ് അനശ്വര രാജന്‍. പണ്ടുമുതലേ താന്‍ കല്യാണത്തിനും മറ്റ് ഫങ്ഷനുകള്‍ക്കൊന്നും അധികം പോകാറില്ലെന്ന് അനശ്വര പറഞ്ഞു. ആദ്യത്തെ സിനിമ കഴിഞ്ഞ സമയത്ത് വീട്ടുകാരോടൊപ്പം ഒരു കല്യാണത്തിന് പോയെന്നും താന്‍ ഒരു സൈഡില്‍ മാറിയിരുന്നെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

ഫോട്ടോ എടുക്കാന്‍ സമയമായപ്പോള്‍ ചിലര്‍ തന്നെ അടുത്തേക്ക് വിളിച്ചെന്നും എന്നാല്‍ തനിക്ക് അത്രയും ആളുകളെ മാനേജ് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ അതിന് നിന്നില്ലെന്നും അനശ്വര പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് തന്നെക്കുറിച്ച് ഫേസ്ബുക്കില്‍ വലിയൊരു കുറിപ്പ് കണ്ടെന്നും അതില്‍ തനിക്ക് താരജാഡയാണെന്ന് എഴുതിയെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ ചെയ്ത് കഴിഞ്ഞപ്പോഴേക്ക് താരജാഡയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നായികയാണ് താനെന്നും തന്റെ രക്ഷിതാക്കളുടെ അനുവാദത്തോടെയാണ് ഇതെന്നും ആ പോസ്റ്റില്‍ എഴുതിവെച്ചെന്നും അനശ്വര പറഞ്ഞു. അന്നത്തെ കാലത്ത് ആ പോസ്റ്റ് തന്നെ വല്ലാതെ ബാധിച്ചെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അനശ്വര രാജന്‍.

‘ഞാന്‍ അങ്ങനെ കല്യാണത്തിനും മറ്റ് ഫങ്ഷനുമൊന്നും അധികം പോവാത്ത ആളാണ്. പരമാവധി അതൊക്കെ ഒഴിവാക്കി ഒതുങ്ങിക്കൂടാനാണ് എനിക്ക് ഇഷ്ടം. ആദ്യത്തെ സിനിമ കഴിഞ്ഞ് നില്‍ക്കുന്ന സമയത്ത് വീട്ടുകാരോടൊപ്പം ഒരു കല്യാണത്തിന് പോകേണ്ട അവസ്ഥ വന്നു. അവിടെയെത്തിയപ്പോള്‍ ഞാന്‍ അധികം ആരും ശ്രദ്ധിക്കാത്ത സ്ഥലത്തേക്ക് മാറിനിന്നു. എല്ലാം കഴിഞ്ഞ് ഫോട്ടോ എടുക്കാന്‍ സമയമായപ്പോള്‍ എന്നെയും വിളിച്ചു.

എനിക്ക് അത്രയും ആളുകളെ മാനേജ് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഒഴിഞ്ഞുമാറി. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എന്നെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് വന്നു. ‘താരജാഡയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന നായിക’ എന്ന് പറഞ്ഞുകൊണ്ടാണ് ആ പോസ്റ്റ് തുടങ്ങുന്നത്. ‘ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ കുട്ടിയെ ഇത്ര വലിയ അഹങ്കാരിയാക്കിയതില്‍ അവളുടെ രക്ഷിതാക്കള്‍ക്കും പങ്കുണ്ട്’ എന്നൊക്കെ അയാള്‍ പറഞ്ഞു. അന്നത്തെ കാലത്ത് അതെന്നെ വല്ലാതെ ബാധിച്ചു,’ അനശ്വര രാജന്‍ പറഞ്ഞു.

Content Highlight: Anaswara Rajan about the cyber attack she faced