എം.ജി യൂണിവേഴ്സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘമെത്തിയെന്ന് എസ്.എഫ്.ഐ; മഹാരാജാസ് മോഡല്‍ തിരക്കഥയെന്ന് ആരോപണം
Kerala News
എം.ജി യൂണിവേഴ്സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘമെത്തിയെന്ന് എസ്.എഫ്.ഐ; മഹാരാജാസ് മോഡല്‍ തിരക്കഥയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st October 2018, 12:39 am

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ക്യാംപസില്‍ മാരകായുധങ്ങളുമായി ഫ്രറ്റേണിറ്റി സംഘമെത്തിയെന്ന് എസ്.എഫ്.ഐ. ഞായറാഴ്ച്ച രാത്രിയോടെയാണ് പത്തോളം പേരടങ്ങുന്ന സംഘം യൂണിവേഴ്സിറ്റിയിലെത്തിയത്. പോസ്റ്റര്‍ പതിക്കാനെന്ന വ്യാജേന എത്തിയവരുടെ കയ്യില്‍ മൂര്‍ച്ചയേറിയ കത്തിയടക്കമുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന്  എസ്.എഫ്.ഐ പറയുന്നു.

മഹാരാജാസ് മോഡല്‍ തിരക്കഥയാണോ എന്ന് സംശയമുണ്ടെന്നും മനപ്പൂര്‍വ്വം പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അരുണ്‍ കെ.എം ഡൂള്‍ന്യൂസിനോട് പറഞ്ഞു.


Read Also : “നെഞ്ചില്‍ കുത്തിയ ഫ്‌ളാഗ് ആണെ നെഞ്ചിനകത്തുള്ള അയ്യപ്പസ്വാമിയാണേ ദീപക് മിശ്ര കള്ളനാണ്”; ചാനല്‍ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റീസിനെ കള്ളനെന്ന് വിളിച്ച് രാഹുല്‍ ഈശ്വര്‍


ക്യാംപസിലുണ്ടായിരുന്ന എസ്.എഫ്.ഐയുടെ ബോര്‍ഡിന് മുകളിലും അടുത്തുമായാണ് ഫ്രറ്റേണിറ്റിയുടെ കൊടിതോരണങ്ങള്‍ കെട്ടിയതെന്നും ഇവരാരും തന്നെ ക്യാംപസിലുള്ളവരോ വിദ്യാര്‍ത്ഥികളോ അല്ലെന്നും അരുണ്‍ പറഞ്ഞു. പോസ്റ്റര്‍ പതിക്കാനെന്ന വ്യാജേന മൂര്‍ച്ചയേറിയ കത്തിയുമായി ക്യാംപസില്‍ എത്തിയ ഇവരുടെ പ്രവര്‍ത്തിയില്‍ ദുരൂഹതയുണ്ടെന്നും അരുണ്‍ ആരോപിച്ചു.

ബോധപൂര്‍വം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് പുറത്തുനിന്നെത്തിച്ച ക്രിമിനലുകളെ ഉപയോഗിച്ച് ഫ്രറ്റേണിറ്റി നടത്തുന്നതെന്നും മാരകയാധുങ്ങളുമായി ക്യാംപസില്‍ എത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്നും എസ്.എഫ്.ഐ യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

എം.ജിയില്‍ ഒക്ടോബര്‍ നാലിന് ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതില്‍ ഒരു സീറ്റിലേക്ക് ഫ്രറ്റേണിറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്.