വാഷിങ്ടൺ: കൊവിഡ് 19 പശ്ചാത്തലത്തിൽ വ്യക്തിഗത ജി7 ഉച്ചകോടിയ്ക്ക് പങ്കെടുക്കാനില്ലെന്ന് വ്യക്തമാക്കി ജർമ്മൻ ചാൻസലർ ആഞ്ജല മെർക്കൽ. കൊറോണ വൈറസിനെക്കുറിച്ചുള്ള ആശങ്കൾക്കിടയിലും വ്യക്തിഗത ജി7 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പങ്കെടുക്കാനില്ലെന്ന് മെർക്കൽ വ്യക്തമാക്കിയതെന്ന് ജർമ്മൻ സർക്കാരിന്റെ വക്താവ് സ്ഥിരീകരിച്ചു.
കൊവിഡ് 19 പശ്ചാത്തലത്തിൽ വാഷിങ്ടണ്ണിലെ ക്യാമ്പ് ഡേവിഡിൽ നടക്കേണ്ടിയിരുന്ന ജി7 ഉച്ചകോടി വീഡിയോ കോൺഫറൻസിങ്ങ് വഴി ജൂൺ രണ്ടാം വാരം നടത്താമെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകോടി ക്യാമ്പ് ഡേവിഡിൽ തന്നെ നേരിട്ട് നടത്താെമെന്ന് ട്രംപ് പറഞ്ഞത്. ട്രംപിന്റെ ഈ തീരുമാനത്തിനെതിരെയാണ് മെർക്കൽ രംഗത്ത് എത്തിയത്.
നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായല്ലാതെ നേരിട്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധിക്കില്ല എന്നാണ് ജർമ്മൻ സർക്കാരിന്റെ വക്താവ് വ്യക്തമാക്കിയത്. ഡൊണാൾഡ് ട്രംപിന്റെ ക്ഷണനത്തിന് മെർക്കൽ നന്ദിയറിക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്ക, ഇറ്റലി, ജപ്പാൻ, കാനഡ, ഫ്രാൻസ്, ജർമ്മനി, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ജി7 രാജ്യങ്ങൾ. മെർക്കൽ മാത്രമാണ് തീർത്തും വരില്ല എന്ന് അറിയിച്ചത്. ജി7 ഉച്ചകോടി വ്യക്തിഗതമായി നടത്തുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ താത്പര്യം അറിയിച്ചിട്ടുണ്ട്. അതേസമയം ഈ സാഹചര്യത്തിൽ ജി7 നേരിട്ട് നടത്തുമ്പോൾ സുരക്ഷയും കരുതണമെന്നാണ് കാനഡയുടെ ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക