മാനസികാരോഗ്യം വഷളാവുന്നു; ടിക് ടോക്കില്‍ കുട്ടികള്‍ക്കുള്ള ഫില്‍ട്ടറുകള്‍ക്ക് നിയന്ത്രണം വരുന്നു
World News
മാനസികാരോഗ്യം വഷളാവുന്നു; ടിക് ടോക്കില്‍ കുട്ടികള്‍ക്കുള്ള ഫില്‍ട്ടറുകള്‍ക്ക് നിയന്ത്രണം വരുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2024, 9:05 pm

ലണ്ടന്‍: ടിക് ടോക്കിലെ ഫില്‍ട്ടര്‍ ഓപ്ഷനുകള്‍ കൗമാരക്കാരില്‍ ഉത്കണ്ഠയും അപകര്‍ഷതാ ബോധവും വളര്‍ത്തുവെന്നാരോപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി സമൂഹ മാധ്യമമായ ടിക് ടോക്ക്.

വരും ആഴ്ച്ചകളില്‍ കൗമാരക്കാരുടെ മുഖഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന പല ഫില്‍ട്ടറുകളും 18 വയസില്‍ താഴെയുള്ള ഉപയോക്താക്കള്‍ക്ക് ലഭ്യമല്ലാതാകും എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പ്രമുഖ ഫില്‍ട്ടറായ ബോള്‍ഡ് ഗ്ലാമര്‍ അടക്കമുള്ളവ ഇനി കൗമാരക്കാര്‍ക്ക് ലഭ്യമാകില്ല. എന്നാല്‍ മുയല്‍ ചെവികളോ നായയുടെ മൂക്കുകളോ ചേര്‍ക്കുന്ന കോമിക് ഫില്‍ട്ടറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ബില്യണ്‍ കണക്കിന് ഉപയോക്താക്കളുള്ള സോഷ്യല്‍ മീഡിയ കമ്പനി ഡബ്ലിനിലെ യൂറോപ്യന്‍ ആസ്ഥാനത്ത് നടന്ന സുരക്ഷാ ഫോറത്തിലാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.

ആപ്പില്‍ ലഭ്യമായ ബ്യൂട്ടി ഫില്‍ട്ടറുകളില്‍ ചിലത് ടിക് ടോക്ക് തന്നെ വികസിപ്പിച്ചവയാണ്. അല്ലാത്തവ നിര്‍മിക്കാന്‍ ഉപഭോക്താക്കള്‍ക്കും അവസരം നല്‍കുന്നു. എന്നാല്‍ വെളുത്ത നിറത്തിലുള്ളതും മെലിഞ്ഞതുമായ ശരീര സങ്കല്‍പ്പങ്ങള്‍ ആഗ്രഹിക്കാന്‍ ഇത്തരം ഫില്‍ട്ടറുകള്‍ കൗമാരക്കാരെ പ്രേരിപ്പിക്കുന്നു. ഈ കാരണങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്പനി തീരുമാനിച്ചതെന്നാണ് സൂചന

ഇത്തരത്തിലുള്ള അപകര്‍ഷതാ ബോധം കൗമാരക്കാരില്‍ അഥവാ പ്രത്യേകിച്ച് പെണ്‍കുട്ടികളിലാണ് കൂടുതല്‍ സമ്മര്‍ദം ചെലുത്തുന്നു. ചില ചെറുപ്പക്കാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചതിന് ശേഷം അവരുടെ യഥാര്‍ത്ഥ മുഖം വളരെ വിരൂപമായി തോന്നിയ വിവരം പങ്കുവെച്ചതായും ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇത്തരം പ്രവണതകള്‍ കാരണമാണ് 13 വയസില്‍ താഴെയുള്ള ഉപയോക്താക്കളെ പ്ലാറ്റ്ഫോമില്‍ നിന്ന് തടയുന്നതിനുള്ള സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതായി പ്രഖ്യാപിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ ടിക് ടോക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ നിന്ന് 13 വയസില്‍ താഴെയുള്ള കുട്ടികളെ വിലക്കാനുള്ള നിയമങ്ങള്‍ നടപ്പിലാക്കുമെന്ന് അറിയിതച്ചിരുന്നു.

Content Highlight: Mental health deteriorates; Tik Tok is taking control of filters for kids