Health
കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യര്‍ഥിയുടെ ആത്മഹത്യാശ്രമം; പി.ജി വിദ്യാര്‍ഥികളനുഭവിക്കുന്നത് കടുത്ത മാനസിക സംഘര്‍ഷം
"24 മണിക്കൂര്‍ ഒരാള്‍ ഉറങ്ങാതിരുന്നാലുള്ള സാഹചര്യം ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇങ്ങനെ ഉറക്കമൊഴിയുന്നതും ഞങ്ങളാണ്."
ഒക്ടോബര്‍ നാലിനാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ച്ചയായി അവധിയില്ലാതെ ജോലിയെടുത്ത വിദ്യാര്‍ഥി കടുത്ത മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച നിലയില്‍ അത്യാഹിതവിഭാഗത്തിലാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വൈക്കം സ്വദേശിയായ വിദ്യാര്‍ഥി ഗൈനക്കോളജിയിലാണ് പി.ജി ചെയ്യുന്നത്.
തീര്‍ത്തും ഒറ്റപ്പെട്ട വിഷയമല്ല കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്നത്. പി.ജി വിദ്യാര്‍ഥികള്‍ ആഴ്ചയിലുള്ള അവധി പോലും ലഭിക്കാതെ മെഡിക്കല്‍ കോളേജുകളില്‍ പണിയെടുക്കുന്നതെന്നും ഈ വിഷയവുമായി ബന്ധപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളേജ് പി.ജി അസോസിയേഷന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.
ജോലി സ്ഥലത്തെ പീഡനങ്ങളാണ് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത്. പൊതു ജനങ്ങള്‍ക്ക് മനസിലാവാത്ത ധാരാളം കാര്യങ്ങള്‍ മെഡിക്കല്‍ കോളേജിനകത്ത് നടക്കുന്നുണ്ടെന്നും അത്രത്തോളം മാനസിക സംഘര്‍ഷങ്ങളാണ് വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നതെന്നും പി.ജി അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥി മൂന്നു മാസമായി ലേബര്‍ റൂമിലും വാര്‍ഡിലുമായി യാതൊരു ഒഴിവും ലഭിക്കാതെ ജോലിചെയ്യുകയായിരുന്നു. മാസത്തില്‍ 15 ദിവസം തുടര്‍ച്ചയായി നൈറ്റ് ഡ്യൂട്ടിയും 15 ദിവസം പകല്‍ ഡ്യൂട്ടിയുമാണ് എടുത്തുകൊണ്ടിരിക്കുന്നത്.
സാധാരണ നല്‍കി വരുന്ന ആഴ്ചകളിലെ അവധിയും പി.ജി ഡോക്ടര്‍മാര്‍ക്ക് ലഭിക്കാറില്ല. ചില വകുപ്പുകളെ മാറ്റിനിര്‍ത്തിയാല്‍ പലര്‍ക്കും ഇത്തരത്തില്‍ അവധികള്‍ പോലും നല്‍കുന്നില്ലെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് പി.ജി അസോസിയേഷന്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ പി.ജി വിദ്യര്‍ഥിയുമായ ആബേല്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്.
‘മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓര്‍ത്തോ, സര്‍ജറി തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളിലുള്ള ആളുകള്‍ക്ക് ലീവ് പൊതുവെ ലഭിക്കാറില്ല. അവിടുത്തെ രോഗികളുടെ തിരക്കും അത്രയധികമാണ്. ഇത് ഗൈനേേക്കാളജി ഡിപ്പാര്‍ട്ടുമെന്റിന്റെ മാത്രം പ്രശ്‌നമല്ല. പല വകുപ്പുകളിലും ആവശ്യമുള്ളതില്‍ താഴെ മാത്രമേ സ്റ്റാഫുകള്‍ ഉള്ളു.
ആത്മഹത്യയ്ക്ക് ശ്രമിച്ച വ്യക്തി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായതു കൊണ്ടു തന്നെ ഡോക്ടര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ കൂടുതലായിരിക്കും. ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും ഒക്കെയുള്ള വിദ്യാര്‍ഥികളുണ്ട്. എന്നാല്‍ ഇവര്‍ക്ക് കൂടെ ജോലി ചെയ്യാന്‍ ആള്‍ക്കാരെ ലഭിക്കാറില്ല. ഉണ്ടെങ്കിലും വളരെകുറച്ച് ആള്‍ക്കാരെ ഉള്ളു. അത്രയും മാനസിക സംഘര്‍ഷങ്ങളാണ് പലരും അനുഭവിക്കുന്നത്.’ ആബേല്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ ആളുകളുടെ ജീവിതം പലപ്പോഴും അടിമകളെ പോലെയാണ്. കൃത്യമായ ഒരു സമയം ഒന്നും ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പാലിക്കേണ്ടതായുള്ള മാന്വല്‍ ഉണ്ട്. അതുപ്രകാരം ഒരാഴ്ച 60 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യരുത് എന്നാണ് കണക്ക്.
അതുപോലെ അടുപ്പിച്ച് മൂന്നു ദിവസം രാത്രി ഡ്യൂട്ടി എടുക്കാന്‍ പാടില്ല, 24 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യരുത് തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയതാണ് മാന്വല്‍. എന്നാല്‍ ഇതൊന്നും നടക്കാറില്ല. ഒന്നാം വര്‍ഷ പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍സി ചെയ്യുന്ന വിദ്യാര്‍ഥികളുമാണ് ഈ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നതെന്നും ആബേല്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രശ്‌നം ജോലിക്കാരുടെ കുറവാണ്. കോട്ടയം സീനിയര്‍ റെസിഡന്‍സികളിലുള്ള ആളുകളെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
ഏകദേശം മുപ്പതോളം വരുന്ന വിദ്യാര്‍ഥികളെ ഇത്തരത്തില്‍ മാറ്റിയിട്ടുണ്ട്. എന്നാല്‍ അവിടെയുള്ളതിനെക്കാളും അത്യാവശ്യ സന്ദര്‍ഭങ്ങള്‍ ഇവിടെയാണുണ്ടാവുക എന്നിരുന്നിട്ടും ആളുകളെ ഇടുക്കിയിലേക്ക് മാറ്റുന്നത് കോട്ടയം മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് പ്രതിസന്ധിയുണ്ടാക്കുന്ന സാഹചര്യമാണ്. മാത്രമല്ല ഇടുക്കിയില്‍ ആവശ്യത്തിന് സൗകര്യങ്ങള്‍ പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.
പലതരത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ധാരാളം പേരുണ്ട് ഇവിടെ. 24 മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി എടുക്കേണ്ടി വരുന്ന സാഹചര്യമാണ് തങ്ങള്‍ക്ക് നിലവില്‍ ഉള്ളതെന്നും ആബേല്‍ പറയുന്നു.
24 മണിക്കൂര്‍ ഒരാള്‍ ഉറങ്ങാതിരുന്നാലുള്ള സാഹചര്യം ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് ഡോക്ടര്‍മാരാണ്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഇങ്ങനെ ഉറക്കമൊഴിയുന്നതും ഞങ്ങളാണ്.നിര്‍ബന്ധമായും ഞങ്ങള്‍ക്ക് ആഴ്ചയില്‍ ഒരു അവധി ലഭിക്കുക എന്നുള്ളതാണ് ഞങ്ങള്‍ മുന്നോട്ടു വെക്കുന്ന ആവശ്യമെന്നും ആബേല്‍ പറയുന്നു.
ഒക്ടോബര്‍ 10 ന് ചേരുന്ന കോളെജ് എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ജോലി സമയം കുറയ്ക്കുക, ആഴ്ചയില്‍ നിര്‍ബന്ധിത അവധി ലഭ്യമാക്കുക, ഇടുക്കിയിലുള്ള സീനിയര്‍ വിദ്യാര്‍ഥികളെ തിരിച്ചു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കാനിരിക്കുകയാണ് പി.ജി അസോസിയേഷന്‍. ചര്‍ച്ചയില്‍ പ്രിന്‍സിപ്പാളും വൈസ് പ്രിന്‍സിപ്പാളും വകുപ്പ് മേധാവികളും മെഡിക്കല്‍ ഓഫിസര്‍മാരുമടക്കം പങ്കെടുക്കുന്നുണ്ട്. ഇത് അനുവദിച്ച് കിട്ടാതിരിക്കുകയാണെങ്കില്‍ സമരത്തിനിറങ്ങുക എന്നതു തന്നെയാണ് മുന്നോട്ടു വെയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു.
മെഡിക്കല്‍ കോളെജുകളുടെ തിരക്ക് കുറയ്ക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാനുള്ള മറ്റൊരു വഴി. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും മറ്റും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു കഴിഞ്ഞാല്‍ ഈ തിരക്ക് കുറയ്ക്കാന്‍ സാധിക്കും. ആവശ്യത്തിനുള്ള സ്റ്റാഫുകളെ ഇവിടേക്ക് എത്തിക്കാനുള്ള നടപടിയും ഉണ്ടാവേണ്ടതുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുക എന്നതും ഇതോടൊപ്പം ചെയ്യേണ്ടുന്ന കാര്യമാണ്. ഇവിടെ നിന്നും പഠിച്ച പലരും ഇന്ന് വിദേശത്തേക്കും മറ്റും പോയ്‌ക്കൊണ്ടിരിക്കുകയാണ്. ജോലിയില്ല എന്നതും ഒരു യാഥാര്‍ഥ്യമാണ്.
‘അധികവും രാത്രികളില്‍ പി.ജി വിദ്യാര്‍ഥികളാണ് ഉണ്ടാവാറ്. യഥാര്‍ത്ഥത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരും ഇവര്‍ക്കൊപ്പം ഉണ്ടാവേണ്ടതാണ്. എന്നാല്‍ അധികവും ഇവരാരും രാത്രി ഉണ്ടാവാറില്ല.’ ആബേല്‍ പറഞ്ഞു.
മാനസിക സംഘര്‍ഷം ഡോക്ടര്‍മാരെ ആത്മഹത്യ വരെ എത്തിക്കുന്നുവെങ്കില്‍ അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പി.ജി വിദ്യാര്‍ഥികളെ അടിമകളാക്കി പണിയെടുപ്പിക്കുന്ന സാഹചര്യവും മാറേണ്ടതുണ്ട്. 2014 നുശേഷം അസിസ്റ്റന്റ് സര്‍ജന്‍ വിഭാഗത്തില്‍ ഒരു തസ്തിക പോലും നടന്നിട്ടില്ല എന്നു കോട്ടയം മെഡിക്കല്‍ പി.ജി അസോസിയേഷന്‍ സെക്രട്ടറി ആബേല്‍ പറയുമ്പോള്‍ അവരടങ്ങുന്ന വിദ്യാര്‍ഥി സമൂഹം അനുഭവിക്കുന്ന പ്രശ്‌നമാണിതെന്ന് പൊതു സമൂഹവും സര്‍ക്കാരും മനസിലാക്കേണ്ടതുണ്ട്.
കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ