ജീവിതത്തിലെ വരികളെല്ലാം കണ്ണീരുകൊണ്ട് മായ്ച്ചുകളഞ്ഞ് കിഷോര്‍ ഇന്നും ജീവിക്കുന്നു... നമ്മുടെ ഹൃദയങ്ങളില്‍...
Daily News
ജീവിതത്തിലെ വരികളെല്ലാം കണ്ണീരുകൊണ്ട് മായ്ച്ചുകളഞ്ഞ് കിഷോര്‍ ഇന്നും ജീവിക്കുന്നു... നമ്മുടെ ഹൃദയങ്ങളില്‍...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th August 2014, 4:36 pm

ഹൃദയവേദനയാണ് കിഷോര്‍ കുമാറിന്റെ  വിരഹഗാനങ്ങളിലെ ഓരോ വരികളും നമ്മളിലേയ്ക്ക് പകരുന്നത്. ആ സമയമത്രയും വേദനകളുടെ ഒരു സാഗരം തന്നെ തീര്‍ക്കുന്നു. “സിന്ദഗീ കാ സഫര്‍ ഹെ യേ കൈസാ സഫര്‍..” അദ്ദേഹം പാടുന്നു… രംഗത്ത് വിഷാദാര്‍ദ്രമായി രാജേഷ് ഖന്ന. പണ്ട് ശനിയാഴ്ച രാത്രികളില്‍ ദൂരദര്‍ശനില്‍ ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ അടുത്ത് ടിവിയുള്ള വീട്ടിലേയ്ക്ക് ഓടിയിരുന്ന കുട്ടിക്കാലത്തിലേയ്ക്ക് സഫറിലെ (1970) ഈ രംഗം കൊണ്ടുപോകുന്നു. പ്രണയമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങുന്ന ആദ്യകാലങ്ങളിലെ വിഷാദ മുദ്രകള്‍. രാജേഷ് ഖന്നയോടൊപ്പം നമ്മളെത്ര കരഞ്ഞിരിക്കുന്നു. കിഷോറിന്റെ ഈ ശബ്ദം കേട്ട്… റസിയ നൂറ എഴുതുന്നു…


kishore


ഓര്‍മ  | റസിയ നൂറാ


“രൂപ് തെരാ മസ്താന / പ്യാര് മേരാ ദീവാനാ” എന്ന ഗാനം അന്നത്തെ കലാലയങ്ങളെ കോരിത്തരിപ്പിച്ചു. ഇന്നും ആ ഗാനം മുഴങ്ങിയാല്‍ ചുവടുവെയ്ക്കാന്‍ തരിക്കാത്ത കാലുകളില്ല.

“ഓ മാജീരേ ഓ മാജീരേ അപ്നാ കിനാരാ നദിയാ കി ധാരാ ഹേ…” ഈ ഗാനത്തിന്റെ പിന്നിലെ വരികള്‍ നമ്മളാരും മറന്നു പോകാനിടയില്ല. ഹൃദയത്തില്‍ വേദനയുടെ ശോണിമകളുതിര്‍ത്തുകൊണ്ട് ഖുഷ്ബൂ (1975) എന്ന ചിത്രത്തിനുവേണ്ടി ഈ ഗാനം ആലപിക്കുമ്പോള്‍ കിഷോര്‍ കുമാര്‍ എന്ന ഗായകനെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ മനസ്സുകൊണ്ട് സ്വീകരിച്ച് കഴിഞ്ഞിരുന്നു.

ഒട്ടേറെ ഗാനങ്ങള്‍ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച ആ അതുല്യപ്രതിഭയുടെ 85ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ഗൂഗിള്‍ ഡൂഡിലും പുതിയ ഭാവമണിഞ്ഞിരിക്കുന്നു.

സിനിമയുടെ ഏതു മേഖലയും തനിക്ക് ചേരുമെന്ന് അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. നര്‍ത്തകന്‍, നടന്‍, ഹാസ്യനടന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലൊക്കെ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചു. എങ്കിലും ഗായകന്‍ എന്ന മുഖ്യ മേഖല കഴിഞ്ഞാല്‍ അഭിനയമായിരുന്നു അദ്ദേഹം കൂടുതലിഷ്ടപ്പെട്ടിരുന്നത്.

മുഹമ്മദ് റാഫി തിളങ്ങി നില്‍ക്കുന്ന കാലത്താണ് കിഷോറും അരങ്ങ് തകര്‍ക്കുന്നത്. കിഷോറിന്റെ ശബ്ദമായിരുന്നു ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ചത്. ഭാവതീവ്രമായിരുന്നു അദ്ദേഹത്തിന്റെ ഗാനശൈലി. ഓരോ ഗാനങ്ങള്‍കേള്‍ക്കുമ്പോഴും അതിന്റെ വൈകാരികതയെ കേള്‍വിക്കാരനിലേയ്ക്ക് ആഴത്തില്‍ സന്നിവേശിപ്പിക്കുന്ന മാന്ത്രിക വിദ്യ.

“രൂപ് തെരാ മസ്താന / പ്യാര് മേരാ ദീവാനാ” എന്ന ഗാനം അന്നത്തെ കലാലയങ്ങളെ കോരിത്തരിപ്പിച്ചു. ഇന്നും ആ ഗാനം മുഴങ്ങിയാല്‍ ചുവടുവെയ്ക്കാന്‍ തരിക്കാത്ത കാലുകളില്ല. അതേസമയം ഖോരാ കാഗസ് (1974) എന്ന ചിത്രത്തിലെ “മേരാ ജീവന്‍ കോരാ കാഗസ് കോരാഹി രേഹ് ഗയാ” എന്ന ഗാനം വിരഹത്തിന്റെ നൊമ്പരങ്ങള്‍ അര്‍ജ്ജുനാസ്ത്രങ്ങള്‍ പോലെ ഒന്ന് പത്തായി, പത്ത് നൂറായി നമ്മുടെ മനസ്സിലേയ്ക്ക് പെയ്തിറങ്ങുന്നു. നാം വേദനയോടെ അതുമല്ലെങ്കില്‍ നഷ്ടപ്രണയിയുടെ വിരഹത്തോടെ കണ്ണടച്ച് കേട്ടുനിന്നു പോകുന്നു. ഒരു നിമിഷമെങ്കിലും ഒന്ന് പ്രണയിച്ചിരുന്നെങ്കില്‍ എന്ന് അറിയാതെ മോഹിച്ചുപൊകുന്നു. ഗാനത്തിലെ വരികളെ അന്വര്‍ത്ഥമാക്കും വിധം കണ്ണീരുകൊണ്ട് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലെ ഓരോ വരികളും കണ്ണുനീര്‍ വീണ് അഴിഞ്ഞഴിഞ്ഞില്ലാതാവുന്നു…

ഇതേ ഹൃദയവേദനയാണ് അദ്ദേഹത്തിന്റെ വിരഹഗാനങ്ങളിലെ ഓരോ വരികളും നമ്മളിലേയ്ക്ക് പകരുന്നത്. ആ സമയമത്രയും വേദനകളുടെ ഒരു സാഗരം തന്നെ തീര്‍ക്കുന്നു. “സിന്ദഗീ കാ സഫര്‍ ഹെ യേ കൈസാ സഫര്‍..” അദ്ദേഹം പാടുന്നു… രംഗത്ത് വിഷാദാര്‍ദ്രമായി രാജേഷ് ഖന്ന. പണ്ട് ശനിയാഴ്ച രാത്രികളില്‍ ദൂരദര്‍ശനില്‍ ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ അടുത്ത് ടിവിയുള്ള വീട്ടിലേയ്ക്ക് ഓടിയിരുന്ന കുട്ടിക്കാലത്തിലേയ്ക്ക് സഫറിലെ (1970) ഈ രംഗം കൊണ്ടുപോകുന്നു. പ്രണയമെന്തെന്ന് മനസ്സിലാക്കിത്തുടങ്ങുന്ന ആദ്യകാലങ്ങളിലെ വിഷാദ മുദ്രകള്‍. രാജേഷ് ഖന്നയോടൊപ്പം നമ്മളെത്ര കരഞ്ഞിരിക്കുന്നു. കിഷോറിന്റെ ഈ ശബ്ദം കേട്ട്…


“മേരാ ജീവന്‍ കോരാ കാഗസ് കോരാഹി രേഹ് ഗയാ” എന്ന ഗാനം വിരഹത്തിന്റെ നൊമ്പരങ്ങള്‍ അര്‍ജ്ജുനാസ്ത്രങ്ങള്‍ പോലെ ഒന്ന് പത്തായി, പത്ത് നൂറായി നമ്മുടെ മനസ്സിലേയ്ക്ക് പെയ്തിറങ്ങുന്നു. നാം വേദനയോടെ അതുമല്ലെങ്കില്‍ നഷ്ടപ്രണയിയുടെ വിരഹത്തോടെ കണ്ണടച്ച് കേട്ടുനിന്നു പോകുന്നു.


അബ്ബാസ് കുമാര്‍ ഗാംഗുലി എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമയിലഭിനയിക്കാന്‍ വേണ്ടി അദ്ദേഹം തന്റെ പേര് മാറ്റുകയായിരുന്നു. 1946ല്‍ ശിക്കാരി എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി തലകാണിക്കുന്നത്. ആദ്യമായി പാടുന്നത് സിദ്ധി (1948) എന്ന ചിത്രത്തിലും. ഖെംചന്ദ് പ്രകാശാണ് അദ്ദേഹത്തിന് പാടാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നെ നിരവധി ചിത്രങ്ങളില്‍ പാടി, നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ന്യൂദല്‍ഹി (1957), ഹാഫ് ടിക്കറ്റ് (1962), പടോസന്‍ (1968), ചല്‍ത്തി കാ നാം ഗാഡി (1958) മുതലായ ചിത്രങ്ങള്‍ പ്രധാനം.

ആര്‍.ഡി. ബര്‍മന്റെ അച്ഛന്‍ എസ്.ഡി. ബര്‍മന്‍ എന്ന സംഗീത ചക്രവര്‍ത്തിയായിരുന്നു യഥാര്‍ത്ഥത്തില്‍ കിഷോറിന്റെ കഴിവുകള്‍ കണ്ടെത്തുന്നത്. 1950ല്‍ മാഷാല്‍ എന്ന ചിത്രത്തിനായി ബര്‍മന്‍ അശോകിന്റെ (കിഷോറിന്റെ സഹോദരന്‍) വീട്ടില്‍ വരുമ്പോഴാണ് കിഷോര്‍ സൈഗാളിനെ അനുകരിച്ചുകൊണ്ട് പാടുന്നത് കേള്‍ക്കുന്നത്.

തുടര്‍ന്ന് ആര്‍.ഡി. ബര്‍മ്മന്‍ കിഷോര്‍കുമാര്‍ കൂട്ടുകെട്ട്‌ ഹിന്ദി സിനിമാ ചരിത്രത്തില്‍ ഒരിക്കലും വിസ്മരിക്കാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. ഔദ്യോഗികമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത കിഷോര്‍ ബര്‍മന്റെ സംവിധാനത്തില്‍ ഗാനത്തിന്റെ തേന്‍മഴകള്‍ സൃഷ്ടിച്ചു. “യേ ജോ മൊഹബത്ത് ഹെ” (കാട്ടി പതങ്ക്), “ചിങ്കാരി കോയി ഭഡ്‌കേ..” (അമര്‍ പ്രേം), “ഓ മാജീ രേ..” (ഖുഷ്ബൂ), “ഹം ബേവഫാ ഹര്‍ഗിസ്..” (ഷാലിമാര്‍), “ഹമേ തുംസേ പ്യാര്‍ കിത്ത്‌നാ” (കുദ്രത്ത്) അങ്ങനെ എത്ര എത്ര ഗാനങ്ങള്‍.. ആ കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ച ഗാനങ്ങള്‍ ഇപ്പോഴും മനസ്സില്‍ അലയൊലിക്കുന്നില്ലേ?

അടുത്ത പേജില്‍ തുടരുന്നു..          1  2

അടുത്ത പേജില്‍ തുടരുന്നു..          1  2

അടുത്ത പേജില്‍ തുടരുന്നു


കിഷോറിന്റെ ജീവിതത്തില്‍ ബര്‍മനൊപ്പം ഓര്‍ക്കേണ്ട പേരാണ് ആനന്ദ് ബക്ഷിയുടേത്. കിഷോറിന്റെ ഹിറ്റ് ഗാനങ്ങള്‍ക്കെല്ലാം വരികള്‍ സമ്മാനിച്ചത് ബക്ഷിയായിരുന്നു. ബര്‍മന്‍-കിഷോര്‍-ബക്ഷി കൂട്ട്‌കെട്ട് ഹിന്ദി സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റുകളായി ഇന്നും ജീവന്‍ തുടിച്ചു നില്‍ക്കുന്നു.



എസ്.ഡി. ബര്‍മന്‍, ലക്ഷ്മികാന്ത്-പ്യാരേലാല്‍, ബാപ്പി ലഹ്രി, ശങ്കര്‍ ജെയ്കിഷന്‍, കല്യാണ്‍ജി ആനന്ദ്ജി, ഉമാഖന്ന മുതലായ സംഗീതസംവിധായകരൊപ്പവും അദ്ദേഹം നിരവധി ഗാനങ്ങള്‍ പാടി.  അവയില്‍ ഒട്ടനവധി ഹിറ്റുകള്‍. “രൂപ് തെരാ മസ്താന” (ആരാധന, എസ്. ഡി ബര്‍മന്‍), “കായ്‌ക്കെ പാന് ബനാറസ് വാല” (ഡോണ്‍, കല്യാണ്‍ജി ആനന്ദ് ജി), “സിന്ദഗി ഏക് സഫര്‍” (അന്താസ്), “മേരാ ജീവന്‍ കോരാ” (കോരാ കാഗസ്, കല്യാണ്‍ജി-ആനന്ദ്ജി), “ഓ സാധീ രേ തേരേ ബി നാ ഭി ക്യാ” (മുഖദര്‍ കാ സിക്കന്ധര്‍, കല്യാണ്‍ജി ആനന്ദ്ജി), “ലോക് കഹ്‌ത്തേ ഹെ മേ ശറാബ്” (ശറാബി, ബാപ്പി ലഹ്‌രി) എന്നിവ കിഷോറിനെ അവസ്മരണീയനാക്കുന്നു.

“അന്ന് ഗുജറാത്തില്‍ താമസ്സിക്കുമ്പോഴാണ് ഞാന്‍ കിഷോറിനെ കേള്‍ക്കുന്നത്. എന്റെ ഹൃദയത്തെ ആഞ്ഞടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം ശ്രുതിമധുരമായി പാടി. അദ്ദേഹത്തിന്റെ ആദ്യഗാനമായിരുന്നു അത്. “ദുഖി മാന്‍ മേരേ..” എന്ന് തുടങ്ങുന്ന ഗാനം. അന്നുവരെ കേട്ടിട്ടില്ലാത്ത വ്യത്യസ്തമാര്‍ന്ന പുതിയ ഒരു ഗായകനെ ഞാന്‍ കേള്‍ക്കുകയായിരുന്നു അന്ന്.” ഗായകന്‍ പ്രദീപ് സോമസുന്ദരം കിഷോറിനെ ഓര്‍ക്കുന്നു.

കിഷോറിന്റെ ജീവിതത്തില്‍ ബര്‍മനൊപ്പം ഓര്‍ക്കേണ്ട പേരാണ് ആനന്ദ് ബക്ഷിയുടേത്. കിഷോറിന്റെ ഹിറ്റ് ഗാനങ്ങള്‍ക്കെല്ലാം വരികള്‍ സമ്മാനിച്ചത് ബക്ഷിയായിരുന്നു. ബര്‍മന്‍-കിഷോര്‍-ബക്ഷി കൂട്ട്‌കെട്ട് ഹിന്ദി സിനിമാ ലോകത്തെ എക്കാലത്തേയും ഹിറ്റുകളായി ഇന്നും ജീവന്‍ തുടിച്ചു നില്‍ക്കുന്നു.

ആശാ ഭോസ്‌ലേ, ലതാ മങ്കേഷ്‌കര്‍ തുടങ്ങി ഹിന്ദിയിലെ സ്ത്രീ ഗായകരോടൊപ്പം നിരവധി യുഗ്മഗാനങ്ങള്‍ക്കും അദ്ദേഹം ജീവന്‍ നല്‍കി. “പന്നാ കി തമന്നാ” (ഹാരാ പന്നാ), “നീന്ദ് ചുരാ കെ രാത്തോ മേം” (ഷെരീഫ് ബദ്മാഷ്) തുടങ്ങി ഒട്ടനവധി ഗാനങ്ങള്‍ നമ്മളെ ഇപ്പോഴും മദിച്ചുകൊണ്ടിരിക്കുന്നു.

70കളും വിശിഷ്യ 80കളും അദ്ദേഹത്തിന്റെ ശബ്ദം സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. മുഹമ്മദ് റാഫിക്കൊപ്പം സംഗീത പ്രേമികള്‍ അദ്ദേഹത്തെയും കുടിയിരുത്തി. അടുത്ത കാലത്തുവരെയും (ഇപ്പോഴും) മാധ്യമങ്ങള്‍ കൊണ്ടാടുന്ന ഒരു വിദ്വേഷമാണ് മുഹമ്മദ് റാഫിയുമായുള്ള കിഷോറിന്റെ വിദ്വേഷം. വാസ്തവത്തില്‍ അത്തരമൊരു വിദ്വേഷം കേവലം ഗോസിപ്പ് മാത്രമായിരുന്നു ടൈംസ് ഓഫ് ഇന്ത്യയില്‍ രഞ്ജന്‍ ദാസ് ഗുപ്ത പറയുന്നുണ്ട്.

കിഷോറിനുവേണ്ടി പാടാന്‍ റാഫിക്കും റാഫിക്കു വേണ്ടി പാടാന്‍ കിഷോറും ഇഷ്ടപ്പെട്ടിരുന്നു എന്നാണ് രഞ്ജന്‍ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നത്. വാസ്തവത്തില്‍ താരതമ്യങ്ങള്‍ക്കതീതമായ അതുല്യ പ്രതിഭകള്‍ തന്നെയായിരുന്നു ഇരുവരും എന്നതില്‍ തര്‍ക്കമില്ല. കിഷോര്‍ തന്റെ കണ്ണ് നനയിക്കുന്ന നമ്പറാണ് “മേരി നീന്ദോം മേ തും..” എന്ന ഗാനത്തിലെന്ന് ഒളിമറയില്ലാതെ പറയാന്‍ റാഫിക്കായതും അതുകണ്ടായിരിക്കാം. അതേ സമയം “നാ കിസി കി ആംഗ് കാ നൂര്‍” എന്ന ഗാനം പോലെ പാടാന്‍ തനിക്കൊരിക്കലുമാവില്ലെന്ന് കിഷോറും വിനീതമായി പറയുന്നുണ്ട്. പ്യാര്‍ കാ മൗസത്തിലെ “തും ബിന്‍ ജാവൂം കെ കഹാ” എന്ന ഗാനം കേള്‍ക്കുന്നവര്‍ക്ക് ഇത് മനസ്സിലാക്കാന്‍ പ്രയാസമില്ല.

[]അല്ലെങ്കിലും സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവര്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചകളേക്കാള്‍ അവരെ രണ്ടുപേരേയും ഒരു പോലെ സ്വീകരിക്കാനാണ് എഷ്ടം. രണ്ടും രണ്ട് രീതികളില്‍ രണ്ട് സ്വരങ്ങളില്‍ നമ്മളെ, പാടിപ്പാടി നമ്മളെ സന്തോഷിപ്പിച്ച് തുള്ളിച്ചാടിച്ചും, വേദനിപ്പ് കണ്ണീരൊഴുക്കിക്കൊണ്ടുമിരിക്കുന്നു. ഈ ഗാനങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോള്‍ എന്ത് താരതമ്യങ്ങള്‍ക്കാണ് പ്രസക്തി. കിഷോറിന്റെ വരികള്‍ നമ്മുടെ ജീവിതങ്ങളിലെ എല്ലാ വരികളെയും കണ്ണീരുകൊണ്ട് കഴുകി ശുദ്ധമാക്കുന്ന പോലെ…  അദ്ദേഹത്തിന്റെ ശബ്ദം നമ്മേ കണ്ണീരണിയിച്ചുകൊണ്ട് പാടുന്നു… ചിങ്കാരി കോയി ഭട്‌കേ…