കാലിഫോര്‍ണിയ: ഇന്റര്‍നെറ്റില്‍ തനിക്കു നേരിടേണ്ടി വന്ന നിരന്തര ആക്രമങ്ങളെ പറ്റി തുറന്നു പറഞ്ഞ് ബ്രിട്ടീഷ് രാജകുടുംബാംഗമായ മേഗന്‍ മെര്‍ക്കല്‍. ലോകമാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ഒരു ടീനേജ് തെറാപ്പി പോഡ്കാസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് മേഗന്റെ പ്രതികരണം. മേഗനൊപ്പം ഹാരി രാജകുമാരനും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.
‘ 2019 ല്‍ ലോകത്തെ മുഴുവന്‍ പുരുഷന്‍മാരിലും സ്ത്രീകളിലും വെച്ച് ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെട്ട വ്യക്തിയാണ് ഞാനെന്നാണ് കേട്ടത്,’
അമ്മയാവുന്നതിന്റെ ഭാഗമായി എട്ട് മാസത്തോളമായി ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു, എന്നാല്‍ ഇതിനെ മറികടക്കുക പ്രയാസമാണ്. നിങ്ങള്‍ക്കെന്താണ് തോന്നുന്നതെന്ന് മനസ്സിലാക്കാന്‍ പോലും പറ്റില്ല. നിങ്ങളെപറ്റി പതിനഞ്ചോ ഇരുപത്തിയഞ്ചോ പേര്‍ എന്തെങ്കിലും സത്യമല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ മാനസിക ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്,’ മേഗന്‍ പറഞ്ഞു.
കാലിഫോര്‍ണിയയിലെ കൗമാരക്കാരായ അഞ്ച് സുഹൃത്തുക്കളാണ് മേഗനുമായി പോഡ്കാസ്റ്റ് അഭിമുഖം നടത്തിയത്. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിനു ശേഷം ബ്രിട്ടീഷ് ടാബ്ലോയ്ഡ് മാധ്യമങ്ങളില്‍ നിരന്തരമായി മേഗനെതിരെ വാര്‍ത്തകള്‍ വന്നിരുന്നു.
എല്ലാ രാജകുടുംബ ശീലങ്ങളെയും കാറ്റില്‍ പറത്തിയുള്ള മേഗന്റെയും ഹാരിയുടെയും വിവാഹം വലിയ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. തുടര്‍ന്നിങ്ങോട്ട് നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ട ഇരുവരും അടുത്തിടെ രാജകീയ പദവികളില്‍ നിന്നും ഒഴിയുകയും യു.എസിലേക്ക് താമസം മാറുകയും ചെയ്തു.