Movie Day
മീരാ ജാസ്മിന്റെ വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Feb 11, 08:57 am
Tuesday, 11th February 2014, 2:27 pm

[share]

[]കൊച്ചി: നടി മീരാ ജാസ്മിന്റെ വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹരജി. വരന്‍ അനില്‍ ജോണ്‍ ടൈറ്റസ് ആണ് ഹരജിക്കാരന്‍.

ഹൈക്കോടതിയിലാണ് ഹരജി നല്‍കിയത്. തന്റെ ആദ്യഭാര്യയുടെ ബന്ധുക്കള്‍ വിവാഹവേദിയിലെത്തി പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണം വേണമെന്നുമാണ് ഹരജിയില്‍ പറഞ്ഞിരിക്കുന്നത്്.

അതേസമയം സര്‍ക്കാരിലേയും മറ്റും പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ പോലീസ് സംരക്ഷണം ഉണ്ടാകുമെന്നും അതുകൊണ്ട് തന്നെ പ്രത്യേകമായി അവരെ അവിടെ നിയോഗിക്കേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു.

മീരയുടെ വീടായ ഇളംകുളം ചിലവന്നൂരിലുള്ള “വൈഭവ”ത്തില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ രജിസ്‌ട്രേഷന്‍ നടന്നത്.

നന്ദാവനം സ്വീറ്റ്‌ഹോമില്‍ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അനില്‍. മദ്രാസ് എ.ഐ.ടിയില്‍നിന്നാണ് അനില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് കഴിഞ്ഞത്.

മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് വരനെ കണ്ടെത്തിയത്.

വിവാഹച്ചടങ്ങുകള്‍ 12ാം തിയതി  തിരുവനന്തപുരം പാളയം എല്‍.എം.എസ് ചര്‍ച്ചില്‍ നടക്കും. വിവാഹശേഷം എടപ്പഴഞ്ഞി ആര്‍ഡി ഓഡിറ്റോറിയത്തില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനുമുണ്ടാകും.

നേരത്തെ മാണ്ഡലിന്‍ വിദഗ്ധനായ രാജേഷുമായി മീരയ്ക്ക് അടുപ്പമുള്ളതായി വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ബന്ധം വേണ്ടെന്ന് വെച്ചതായി മീര തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു.

“ഒന്നും മിണ്ടാതെ” എന്ന ജയറാം നായകനാകുന്ന ചിത്രമാണ് മീരയുടെതായി ഇനി റിലീസാകാനുള്ളത്.