വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ എത്തിയ ഹൃദയം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് സംഗീത് പ്രതാപ്. അഭിനയത്തോടൊപ്പം എഡിറ്റിങ് മേഖലയിലും തന്റെ കഴിവ് തെളിയിക്കാന്‍ സംഗീതിന് സാധിച്ചിരുന്നു.
2023ല്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തിലൂടെ സംഗീത് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. 2024ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്യാനും സംഗീതിന് കഴിഞ്ഞു.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രത്തെ കുറിച്ച് പറയുകയാണ് സംഗീത് പ്രതാപ്. ആ സിനിമ തങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാക്കിയ വേദന ചെറുതല്ലെന്നാണ് സംഗീത് പറയുന്നത്. തങ്ങള്‍ രണ്ട് വര്‍ഷത്തോളം എഫേര്‍ട്ടെടുത്ത് ചെയ്ത സിനിമയായിരുന്നു അതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘ലിറ്റില്‍ മിസ് റാവൂത്തര്‍ എന്ന സിനിമ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഉണ്ടാക്കിയ വേദന ചെറുതല്ല. എനിക്കാണെങ്കിലും സംവിധായകനാണെങ്കിലും ഷേര്‍ഷക്കാണെങ്കിലും (തിരക്കഥാകൃത്ത്) വേദന തന്ന സിനിമയാണ് അത്. ഞങ്ങള്‍ രണ്ട് വര്‍ഷത്തോളം എഫേര്‍ട്ടിട്ട് എടുത്ത സിനിമയായിരുന്നു ലിറ്റില്‍ മിസ് റാവൂത്തര്‍. സിനിമ തിയേറ്ററില്‍ എത്തുന്ന ദിവസം പ്രേക്ഷകര്‍ എന്തുപറയുന്നു എന്നതില്ലല്ലേ കാര്യം.
ആ സിനിമയില്‍ നിന്ന് റിയലൈസ് ചെയ്ത കുറേ കാര്യങ്ങളുണ്ട്. ഞങ്ങള്‍ ആ പടം വളരെ പേഴ്‌സണലൈസ്ഡായിട്ടുള്ള ഒരു ഒ.ടി.ടി സിനിമയായിട്ടായിരുന്നു പ്ലാന്‍ ചെയ്തത്. പക്ഷെ ഒരു പോയിന്റില്‍ എത്തിയപ്പോള്‍ പ്രൊഡക്ഷന്റെ സൈഡില്‍ നിന്നും ഇതൊരു തിയേറ്റര്‍ സിനിമയാക്കണമെന്ന പ്രഷര്‍ വന്നു.
അപ്പോള്‍ നമുക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിരുന്നു. വളരെ സാധാരണമായ ഒരു സ്ലോ പേസ്ഡ് സിനിമയായിരുന്നു ലിറ്റില്‍ മിസ് റാവൂത്തര്‍. അതിന്റെ മേക്കിങ് സ്റ്റൈല്‍ അങ്ങനെയുള്ളതായിരുന്നു. അവസാനം ഞങ്ങള്‍ക്ക് അതില്‍ കുറേ തട്ടികൂട്ടലുകള്‍ നടത്തേണ്ടി വന്നു.
കുറേ കാര്യങ്ങള്‍ ഐ-ഫോണില്‍ എക്‌സ്ട്രാ ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നെ ചിലത് യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു. അങ്ങനെയാണ് ആ സിനിമ ഉണ്ടാകുന്നത്. അത് ഒരു കൊമേര്‍ഷ്യല്‍ ആണെന്ന് വിശ്വസിച്ച് ഇറക്കിയിട്ട് തിയേറ്ററില്‍ അത്ര ആക്‌സെപ്റ്റന്‍സ് കിട്ടാതെയായി,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Sangeeth Prathap Talks About Little Miss Rawther Movie