national news
ഔറംഗസേബിനെ പിന്തുണച്ചു; അബു ആസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 05, 09:14 am
Wednesday, 5th March 2025, 2:44 pm

പൂനെ: മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രശംസിച്ചുകൊണ്ടുള്ള പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി എം.എൽ..എ അബു അസിം ആസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെൻഡ് ചെയ്തു.

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ച് 26നാണ് അവസാനിക്കുക. ബുധനാഴ്ച മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ സഭയിൽ സസ്‌പെൻഷൻ പ്രമേയം അവതരിപ്പിച്ചു.

ഔറംഗസേബിനെ പ്രശംസിച്ചത് മറാത്ത രാജാവായ ഛത്രപതി ശിവജിയെയും അദ്ദേഹത്തിൻ്റെ മകൻ ഛത്രപതി സംഭാജിയെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ട്രഷറി ബെഞ്ചുകളിലെ അംഗങ്ങൾ വാദിച്ചു. തുടർന്ന് സസ്‌പെൻഷൻ പ്രമേയം ശബ്ദവോട്ടോടെ പാസാക്കി.

‘ഔറംഗസേബിനെ പ്രശംസിച്ചും സംഭാജിയെ വിമർശിച്ചും ആസ്മി നടത്തിയ പരാമർശങ്ങൾ നിയമസഭാംഗത്തിന്റെ പദവിക്ക് യോജിച്ചതല്ല, ഇത് നിയമസഭയുടെ ജനാധിപത്യ സ്ഥാപനത്തോടുള്ള അപമാനമാണ്,’ പാട്ടീൽ പറഞ്ഞു.

എന്നാൽ തന്റെ പ്രസ്‍താവന പലരും വളച്ചൊടിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചു. ‘ഔറംഗസേബിനെക്കുറിച്ച് ഞാൻ പറഞ്ഞതെല്ലാം ചരിത്രകാരന്മാരും എഴുത്തുകാരും പറഞ്ഞിട്ടുള്ളതാണ്. ശിവാജിയെയോ , സംഭാജിയെയോ, ഏതെങ്കിലും ദേശീയ ഐക്കണുകളെയും കുറിച്ച് ഞാൻ ഒരു അപകീർത്തികരമായ പരാമർശവും നടത്തിയിട്ടില്ല. എന്നിരുന്നാലും, എന്റെ പരാമർശങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എന്റെ പ്രസ്താവനകളും അഭിപ്രായങ്ങളും ഞാൻ പിൻവലിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ മുംബൈയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു ആസ്മി ഔറംഗസേബിനെ പിന്തുണച്ചത്. ‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ പണിതു. വാരണാസിയിൽ, ഒരു ഹിന്ദു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പുരോഹിതനിൽ നിന്ന് ആ കുട്ടിയെ രക്ഷിച്ചു. ആ പുരോഹിതനെ ആനകളെക്കൊണ്ട് ചവിട്ടിക്കൊന്നു’ എന്ന് ആസ്മി പറഞ്ഞിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും ഔറംഗസേബിനോട് താരതമ്യപ്പെടുത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ സമീപകാല പ്രസ്താവനയ്ക്ക് മറുപടിയായി, ഔറംഗസേബിനെ ബി.ജെ.പി തെറ്റായി ചിത്രീകരിക്കുകയാണെന്ന് ആസ്മി പ്രതികരിച്ചിരുന്നു.

ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തികൾ അഫ്ഗാനിസ്ഥാൻ വരെ വ്യാപിച്ചിട്ടുണ്ടെന്നും, മതപരമായ കാഴ്ചപ്പാടിലൂടെ ഔറംഗസേബിനെ അന്യായമായി അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Content Highlight: Abu Azmi suspended from Maharashtra assembly for remarks praising Aurangzeb