മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മീന. ബാലതാരമായി സിനിമയിലേക്കെത്തിയ മീന തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
1982ല്‍ പുറത്തിറങ്ങിയ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം.
എങ്കെയോ കേട്ട കുറല്‍, അന്‍മ്പുള്ള രജിനികാന്ത് എന്നീ ചിത്രങ്ങളില്‍ രജിനികാന്തിനൊപ്പവും മീന ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് 45ലധികം സിനിമകളില്‍ അഭിനയിച്ച താരം 1984ലാണ് മലയാളത്തില്‍ ബാലതാരമായി അരങ്ങേറ്റം കുറിക്കുന്നത്.
പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’ എന്ന ചിത്രമായിരുന്നു മീനയുടെ ആദ്യ മലയാള സിനിമ. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് താരം അഭിനയിച്ചത്. അതിന് ശേഷം കാമുകിയായും പങ്കാളിയായുമൊക്കെ അഭിനയിച്ച മീന ഒടുവില്‍ മമ്മൂട്ടിയുടെ അമ്മയായും അഭിനയിച്ചു.
2014ല്‍ പുറത്തിറങ്ങിയ ബാല്യകാല സഖിയിലായിരുന്നു മീന മമ്മൂട്ടിയുടെ അമ്മയായി വേഷമിട്ടത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് താരം. ആനന്ദപുരം ഡയറീസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു മീന.
‘അതോര്‍ക്കുമ്പോള്‍ വലിയ രസമുള്ള കാര്യമാണ്. ഒരിക്കല്‍ മമ്മൂക്ക ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’യുടെ വീഡിയോ കാണിച്ചിട്ട് ഇത് ഓര്‍മയുണ്ടോയെന്ന് ചോദിച്ചു. ഞാന്‍ ഓര്‍മയില്ല, പക്ഷേ നന്നായിട്ടുണ്ടെന്ന് മറുപടി പറഞ്ഞു.
അദ്ദേഹം എന്റെ അച്ഛനായി അഭിനയിച്ചു. ഞാന്‍ പിന്നീട് അദ്ദേഹത്തിന്റെ അമ്മയായി വേഷമിട്ടു. അതൊക്കെ ശരിക്കും ഒരു അത്ഭുതമാണ്. തമിഴില്‍ രജിനിസാറിന്റെ മകളായി അഭിനയിച്ച ഞാന്‍ പിന്നീട് ലൈഫ് പാര്‍ടണറായും അഭിനയിച്ചിട്ടുണ്ട്.
തെലുങ്കില്‍ ആണെങ്കില്‍ ബാലകൃഷ്ണ സാറിന്റെ കൂടെയും ഇങ്ങനെ തന്നെ അഭിനയിക്കാനുള്ള അവസരം കിട്ടി. മകളായും നായികയായും അഭിനയിച്ചു. എല്ലാ ഇന്‍ഡസ്ട്രിയിലും ഓരോ അത്ഭുതങ്ങളുണ്ട്. അത് ശരിക്കും ഒരു അനുഗ്രഹം തന്നെയാണ്,’ മീന പറയുന്നു.
Content Highlight: Meena Talks About Mammootty, Rajinikanth And Nandamuri Balakrishna