കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ രാഷ്ട്രീയ നിരീക്ഷണം വളച്ചൊടിച്ചെന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍. എം.വി. ഗോവിന്ദന്‍ യുവധാര ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിച്ചത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സൂക്ഷ്മതക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
‘സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്നലെ യുവധാര ലിറ്റററി ഫെസ്റ്റിവലില്‍ സംസാരിച്ചത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സൂക്ഷ്മതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.
എം.വി.ഗോവിന്ദന്റെ വാക്കുകള്‍ പൂര്‍ണമായി മീഡിയ വണ്‍ ഫേസ്ബുക്ക് പേജില്‍ കൊടുത്തിട്ടുണ്ട്,’ പ്രമോദ് രാമന്‍ പറഞ്ഞു.
ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി എം.വി. ഗോവിന്ദന്‍ സംസാരിച്ചതില്‍ നിന്ന് ‘ഇന്ത്യയെ ഫാസിസത്തിലേക്ക് കൊണ്ടുപോകാന്‍ ആദ്യം ശ്രമിച്ചത് കോണ്‍ഗ്രസ്, അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തുന്നംപാടും’ എന്ന ന്യൂസ് കാര്‍ഡിനെതിരെയും ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോക്ക് നല്‍കിയ ഡിസ്‌ക്രിപ്ഷനെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ ഖേദപ്രകടനം നടത്തിയത്.
കര്‍ണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.വി. ഗോവിന്ദന്‍ പറഞ്ഞത്
ഞാന്‍ കോണ്‍ഗ്രസിനെ തള്ളിപ്പറയുന്നില്ല. പക്ഷേ ഞങ്ങളാണ് ഇന്ത്യയിലെ ബി.ജെ.പിയെ തോല്‍പിക്കാന്‍ പോകുന്ന പാര്‍ട്ടി എന്ന അഹന്ത വെച്ചാല്‍ കോണ്‍ഗ്രസ് തോറ്റ് തുന്നം പാടും. നേരെ മറിച്ച് ഓരോ സംസ്ഥാനത്തിലും നോക്കണം.
കേരളത്തില്‍ ഈ മുന്നണി തന്നെ അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചോട്ടെ, പ്രശ്‌നമില്ല. കഴിഞ്ഞ പ്രാവശ്യം നടന്ന അബദ്ധമൊന്നും ഇനി നടക്കില്ല.
ആര്‍ക്കാണോ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ സ്വാധീനമുള്ളത് അവരെ കൂടി ഉപയോഗപ്പെടുത്തി കൊണ്ട് എല്ലാവരെയും ചേര്‍ത്ത് സംയുക്ത രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചാല്‍ ഈ 2024ലെ തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് മാത്രമുള്ള ബി.ജെ.പിയെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും അനിവാര്യമായ ചുമതല എന്ന രീതിയില്‍ തോല്‍പിക്കാനാകും എന്ന ഉറച്ച വിശ്വാസമാണ് എനിക്കുള്ളത്
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മാറിമാറി അധികാരത്തില്‍ വരികയും പലപ്പോഴും കാല് വാരി അധികാരത്തെ താഴെയിടുകയും പിന്നീട് ബി.ജെ.പി അധികാരത്തില്‍ വരികയും ചെയ്യുന്ന ചിത്രമാണ് നമ്മള്‍ കണ്ടിട്ടുള്ളത്.