ഒഡീഷ: രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ബി.ജെ.പിയുടെ കാലത്ത് ആക്രമണങ്ങള്‍ക്കിരയാകുകയാണെന്നും രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിക്കുകയാണെന്നും മേധാ പട്കര്‍. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ് സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മേധാ പട്കര്‍.
‘വളരെ ബുദ്ധിമുട്ടേറിയ ഒരു കാലത്തിലൂടെയാണ് രാജ്യം ഇന്ന് കടന്നുപോകുന്നത്. എല്ലാ സ്ഥാപനങ്ങളും ആക്രമണത്തിനിരയായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രം നേതൃത്വം കൊടുക്കുന്ന പാര്‍ട്ടി രാജ്യത്തിന്റെ ഐക്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴെ പരിശോധിച്ചു പോയില്ലെങ്കില്‍ രാജ്യം വിഘടിക്കും’ എന്‍.എ.പി.എം കണ്‍വീനര്‍ കൂടിയായ മേധാ പട്കര്‍ പറഞ്ഞു.
ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ ബഹുസ്വരത നിലനിര്‍ത്തുക ഇന്ത്യന്‍ ജനതയുടെ വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ ഒഡീഷയിലാണ് മൂന്നു ദിവസത്തെ എന്‍.എ.പി.എം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.
ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് പുരോഗമനപരമായ എല്ലാ നിയമങ്ങളിലും വെള്ളം ചേര്‍ക്കുകയാണെന്നും ജനങ്ങള്‍ നയിക്കുന്ന എല്ലാ മുന്നേറ്റങ്ങളുടെയും കഴുത്തിന് പിടിക്കുകയാണെന്നും ശനിയാഴ്ച പങ്കെടുത്ത എന്‍.എ.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു.
സര്‍ക്കാരിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ബി.ജെ.പിയല്ലെന്നും അത് ആര്‍.എസ്.എസ് ആണെന്നും ഗുജറാത്ത് വംശഹത്യയിലെ ഇരകളെ സംരക്ഷിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ബി.ജെ.പിയല്ല. അതിപ്പോള്‍ ചെയ്യുന്നത് ആര്‍.എസ്.എസ് ആണ്. ആര്‍.എസ്.എസിന്റെ മനോനിലയെപ്പറ്റി നമ്മള്‍ മനസിലാക്കണം. അവര്‍ ഹിന്ദു രാഷ്ട്രം നിര്‍മിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ പൗരന്‍മാരെ അപകടത്തിലാക്കുന്ന ദേശീയ പൗരത്വ പട്ടിക ശക്തമാക്കാന്‍ ശ്രമിക്കുകയാണവര്‍. ടീസ്റ്റ വ്യക്തമാക്കി.