പി.കെ ശശിയെ തിരിച്ചെടുക്കരുതെന്ന് എം.ബി രാജേഷ്, എന്‍.എന്‍ കൃഷ്ണദാസിന് മൗനം; എം.എല്‍.എയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി
Kerala News
പി.കെ ശശിയെ തിരിച്ചെടുക്കരുതെന്ന് എം.ബി രാജേഷ്, എന്‍.എന്‍ കൃഷ്ണദാസിന് മൗനം; എം.എല്‍.എയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 6:09 pm

ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സംസ്‌പെന്‍ഡ് ചെയ്യപ്പെട്ട പി.കെ ശശി എം.എല്‍.എയെ തിരിച്ചെടുക്കാനുള്ള ആലോചനകള്‍ക്കെതിരെ മുന്‍ എം.പി എം.ബി രാജേഷ്,  എം. ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്ത്. പികെ ശശി എം.എല്‍.എയെ തിരിച്ചെടുക്കണമെന്ന് ശുപാര്‍ശ ചെയ്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന് മുമ്പ് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് എം.ബി രാജേഷ് തന്റെ എതിര്‍പ്പ് അറിയിച്ചത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. എം.ബി രാജേഷ്, എം. ചന്ദ്രന്‍. കെ.വി രാമകൃഷ്ണന്‍, എന്‍.എന്‍ കൃഷ്ണദാസ്, ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. തിരിച്ചെടുക്കാന്‍ പാടില്ലെന്ന നിലപാടാണ് എം.ബി രാജേഷും എം. ചന്ദ്രനും കെ.വി രാമകൃഷ്ണനും സ്വീകരിച്ചത്. സി.കെ രാജേന്ദ്രന്‍ തിരിച്ചെടുക്കുക തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. എന്‍.എന്‍ കൃഷ്ണദാസ് ഒരു നിലപാടും സ്വീകരിക്കാതെ മൗനം പാലിക്കുകയായിരുന്നു.

ഈ യോഗത്തിന് ശേഷമാണ് ജില്ലാ കമ്മറ്റി ചേര്‍ന്നത്. ജില്ലാ കമ്മറ്റി യോഗത്തില്‍ ആരോപണ വിധേയനായ പി.കെ ശശിയെ തിരിച്ചെടുക്കരുതെന്ന് 14 പേര്‍ ആവശ്യപ്പെട്ടു. 44 അംഗങ്ങളാണ് ജില്ലാ കമ്മറ്റിയില്‍ ഉള്ളത്. തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്‍ മുണ്ടൂര്‍ ഏരിയാ സെക്രട്ടറി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.
ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍ പി കെ ശശിയെ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുക തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. ആറ് പേര്‍ നിശബ്ദത പാലിച്ചു.

പി.കെ ശശിയെ തിരിച്ചെടുക്കണമെന്ന് കൂടുതല്‍ അംഗങ്ങള്‍ കമ്മറ്റിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ ആവശ്യം സംസ്ഥാന കമ്മറ്റിയോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷത പരാജയം എം.ബി രാജേഷിന് ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് പി.കെ ശശിക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. തോല്‍വിക്ക് പിന്നില്‍ ശശിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് ഏരിയയിലെ പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയെ സംസ്ഥാന നേതൃത്വം അവഗണിക്കുകയായിരുന്നു.