ന്യൂദല്‍ഹി: ഏക സിവില്‍ കോഡിന് എതിരല്ലെന്ന് ബി.എസ്.പി ദേശീയ അധ്യക്ഷ മായാവതി. അത് ഭരണഘടനയില്‍ പറയുന്നുണ്ടെന്നും എന്നാല്‍ അടിച്ചേല്‍പ്പിക്കുന്നതിനെ ഭരണഘടന പിന്തുണക്കുന്നില്ലെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഏക സിവില്‍ കോഡ് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അടിച്ചേല്‍പ്പിക്കാന്‍ ഭരണഘടന ആവശ്യപ്പെട്ടിട്ടില്ല. ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട എല്ലാ മാനങ്ങളും ബി.ജെ.പി പരിഗണിക്കണമായിരുന്നു.
സിവില്‍ കോഡ് കൊണ്ടുവരുന്നതില്‍ ഞങ്ങളുടെ പാര്‍ട്ടി എതിരല്ല. എന്നാല്‍ രാജ്യത്ത് സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്ന ബി.ജെ.പിയുടെ രീതി ഞങ്ങള്‍ പിന്തുണക്കില്ല. ഈ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ല,’ മായാവതി പറഞ്ഞു.
സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്തിന് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും ഏക സിവില്‍ കോഡ് ഭരണഘടനയുടെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
‘ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണ്. ഒരു കുടുംബത്തിലെ ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമം ശരിയാണോ? കൂടാതെ മുത്തലാഖ് മൂലം കുടുംബങ്ങള്‍ ദുരിതത്തിലാകുന്നു.
ഇസ്‌ലാമിക രാജ്യങ്ങള്‍ പോലും മുത്തലാഖിന് എതിരാണ്. മുസ്‌ലിം സ്ത്രീകള്‍ തനിക്കൊപ്പമാണ്. തെറ്റിദ്ധരിപ്പിക്കുന്നതും ഭിന്നിപ്പുണ്ടാക്കുന്നതും ആരാണെന്ന് മുസ്‌ലിം സമുദായം തിരിച്ചറിയണം.
പ്രതിപക്ഷം വോട്ട് ബാങ്കിന് വേണ്ടി മുസ്‌ലിം സ്ത്രീകളോട് അനീതി കാണിക്കുകയാണ്. ഭയം കൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നത്.
അഴിമതിക്കെതിരായ നടപടിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതിപക്ഷ നേതാക്കളുടെ ശ്രമം. എല്ലാവരുടെയും വികസനമാണ് ബി.ജെ.പി സര്‍ക്കാരിന്റെ നയം,’ എന്നാണ് മോദി പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഏക സിവില്‍ കോഡ് തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ അജണ്ടയെന്ന് ലീഗും വിഷയം ഉന്നയിക്കുന്നതിലൂടെ മോദി ശ്രമിക്കുന്നത് വര്‍ഗീയ വിദ്വേഷവും ആശയക്കുഴപ്പവും സൃഷ്ടിക്കാനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അഭിപ്രായപ്പെട്ടു. സി.പി.ഐ.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നു.
എന്നാല്‍ ആം ആദ്മിയും ശിവസേന (ഉദ്ധവ് താക്കറേ) വിഭാഗവും സിവില്‍ കോഡിനെ പിന്തുണക്കുകയാണ് ചെയ്തത്.
‘ഏക സിവില്‍ കോഡിനെ പാര്‍ട്ടി തത്വത്തില്‍ അംഗീകരിക്കുന്നു. രാജ്യത്ത് സിവില്‍ കോഡുണ്ടാകണമെന്ന് ആര്‍ട്ടിക്കിള്‍ 44 ഉം പറയുന്നു. എന്നാല്‍ ഇത് എല്ലാ മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും വിപുലമായ കൂടിയാലോചനകള്‍ നടത്തേണ്ടതുണ്ട്,’ എന്നാണ് എ.എ.പി എം.പി. സന്ദീപ് പഥക് പറഞ്ഞത്.
‘സിവില്‍ കോഡിന് വേണ്ടിയുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് ലാഭവിഹിതം നേടാനുള്ള രാഷ്ട്രീയ സ്റ്റണ്ടായി പരിമിതപ്പെടുത്തരുത്. സിവില്‍ കോഡിനെ സംബന്ധിച്ച് വിപുലമായ ചര്‍ച്ചകള്‍ കൊണ്ടുവരണം,’ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
CONTENT HIGHLIGHTS: mayavathi about uniform civil code