അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ പരമ്പര കളിക്കുകയാണ് ടീമിപ്പോള്‍. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയാണ് ഇന്ത്യ ഓസീസിനെതിരെ കളിക്കുന്നത്.
2013ന് ശേഷം ഒരു ഐ.സി.സി കിരീടം പോലും നേടാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ലായിരുന്നു. ഇത്തവണ ആ ചീത്തപ്പേര് മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ടീമിന്റെ സമീപകാല പ്രകടനം സന്തോഷം നല്‍കുന്നതല്ല. ഏഷ്യാ കപ്പിലും നിലവില്‍ നടക്കുന്ന ഓസീസ് പരമ്പരയിലും മോശം പ്രകടനമാണ് ടീം കാഴ്ചവെക്കുന്നത്.
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പുറത്തായ ഇന്ത്യന്‍ ടീം ഓസീസിനെതിരെയുള്ള ആദ്യ മത്സരത്തിലും തോറ്റിരുന്നു. ഏഷ്യാ കപ്പിന് ശേഷമായിരുന്നു ലോകകപ്പിനും ഓസ്‌ട്രേലിയന്‍ പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുത്തത്. എന്നാല്‍ ഈ സ്‌ക്വാഡില്‍ ഒരുപാട് പേര്‍ തൃപ്തരല്ലായിരുന്നു.
ടീമില്‍ സ്ഥാനം നേടാന്‍ അര്‍ഹതയില്ലാത്തവര്‍ ഒരുപാട് പേര്‍ ടീമിലെത്തിയെന്നായിരുന്നു ആരാധകരുടെ വാദം. ടീമിനെ തള്ളിപറയാനും ആളുകള്‍ മറന്നില്ല. വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കിന്റെ സെലക്ഷനില്‍ ഒരുപാട് പേര്‍ പ്രതിഷേധം അറിയിച്ചിരുന്നു. നിലവില്‍ അദ്ദേഹത്തെ ടീമില്‍ ആവശ്യമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ ബാറ്ററായ മാത്യു ഹെയ്ഡന്‍.
ടീമില്‍ അദ്ദേഹത്തിന്റെ റോള്‍ എന്താണെന്നും എന്താണ് അദ്ദേഹം നേരത്തെ ഇറങ്ങി കളിക്കാത്തതുമെന്നും ഹെയ്ഡന്‍ ചോദിച്ചു. കാര്‍ത്തിക്കിനെ റെസ്‌പെക്റ്റില്ലാതെയല്ല താന്‍ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ദിനേഷിന്റെ റോളിനെ കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. ദിനേഷ് ഇപ്പോള്‍ ചെയ്യുന്ന ഈ റോള്‍, എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല.
ഇതില്‍ ഒരു അര്‍ത്ഥവും എനിക്ക് കാണാന്‍ സാധിക്കുന്നില്ല. ഞാന്‍ കാര്‍ത്തിക്കിനെ അനാദരിക്കുന്നു എന്ന ധാരണ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അവന്‍ കൂടുതല്‍ ബാറ്റ് ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ ഹെയ്ഡന്‍ പറഞ്ഞു.
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ മത്സരത്തില്‍ കാര്‍ത്തിക്കിന് മുമ്പ് അക്‌സര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോഴായിരുന്നു കമന്ററി ബോക്‌സില്‍ നിന്നും ഹെയ്ഡന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. അക്‌സര്‍ പട്ടേലിനേക്കാള്‍ മുമ്പ് കാര്‍ത്തിക്ക് ക്രീസില്‍ എത്തണമെന്നാണ് ഹെയ്‌ഡോസിന്റെ അഭിപ്രായം.
നേരത്തെ ഇന്ത്യന്‍ ടീം റിഷബ് പന്തിന് വേണ്ട സപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.