കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ്-മുംബൈ സിറ്റി എഫ്.എസി മത്സരം മാറ്റിവച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സില്‍ മത്സരം തുടരാന്‍ ആവശ്യമായ താരങ്ങളില്ലാത്തതിനാലാണ് മത്സരം മാറ്റിവച്ചതെന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. ഐ.എസ്.എല്‍ മെഡിക്കല്‍ സംഘവുമായി ചര്‍ച്ച നടത്തിയാണ് കളി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
View this post on Instagram
ശനിയാഴ്ച നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ്.സി മത്സരവും മാറ്റിവച്ചിരുന്നു. ബഗാന്റെ രണ്ടാം മത്സരമാണ് കൊവിഡ് മൂലം മാറ്റിവെക്കുന്നത്.
നിലവില്‍ പതിനൊന്ന് ടീമുകളില്‍ ഏഴിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഐ.എസ്.എല്ലിന്റെ ഭാവി ആശങ്കയിലാണ്.
ഒരു ടീമില്‍ പതിനഞ്ച് താരങ്ങളുണ്ടെങ്കില്‍ മത്സരം നടത്തണമെന്നാണ് ഐ.എസ്.എല്‍ നിയമം. കൊവിഡ് കാരണം ഒരു ടീമിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പുതിയ ബൈ ലോ പ്രകാരം എതിര്‍ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചതായി പ്രഖ്യാപിക്കും.
കൊവിഡ് ഭീതി മൂലം കേരളത്തിന് പരിശീലനത്തിനടക്കം ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. പരിശീലനമില്ലാതെ കളത്തിലിറങ്ങുന്നതിലെ ബുദ്ധിമുട്ട് കേരള കോച്ച് ഇവാന്‍ വുക്മനൊവിച്ച് അറിയിച്ചിട്ടുണ്ടായിരുന്നു.
‘ഞങ്ങള്‍ക്കിതുവരെ ടീം മീറ്റിംഗുകള്‍ ചേരാന്‍ സാധിച്ചിട്ടില്ല. ജിം ഉപയോഗിക്കാന്‍ പറ്റുന്നില്ല. എതിരാളിയുടെ വീഡിയോ ദൃശ്യങ്ങള്‍ വിശകലനം ചെയ്യാന്‍ പോലും പറ്റുന്ന സാഹചര്യമില്ല. പിന്നെ ഈ മത്സരം എന്തിനു വേണ്ടിയാണ് കളിക്കുന്നത്,’ എന്നായിരുന്നു കോച്ച് പറഞ്ഞത്.
ടൂര്‍ണമെന്റിന്റെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈയെ തകര്‍ത്തിരുന്നത്. തങ്ങളുടെ കളിയെ കളിയാക്കിയ മുംബൈ ടീമിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ചതെന്നോണമായിരുന്നു കൊമ്പന്‍മാര്‍ മുംബൈ സിറ്റിയെ തോല്‍പിച്ചത്.
ഐ.എസ്.എല്ലില്‍ കഴിഞ്ഞ മത്സരങ്ങളിലെ തങ്ങളുടെ അണ്‍ബീറ്റണ്‍ റണ്‍ തുടരാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.
എന്നാല്‍ ഏതൊരു പ്രതികൂല സാഹചര്യത്തിലും കോച്ച് വുക്മനൊവിച്ച് തങ്ങളോടൊപ്പം ഉണ്ടാവും എന്ന ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്സിനും മഞ്ഞപ്പടയ്ക്കും. ബ്ലാസ്റ്റേഴ്സിന്റെ കോച്ചായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും ഏത് ടീം എത്ര പണം ഓഫര്‍ ചെയ്താവും പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 11 മത്സരങ്ങളില്‍ പത്തിലും തോല്‍വിയറിയാതെയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറുന്നത്. എ.ടി.കെ മോഹന്‍ ബഗാനോട് തോറ്റു തുടങ്ങിയെങ്കിലും എല്ലാ ടീമിനുമുള്ള കടം പലിശയടക്കം കൊടുത്ത് തീര്‍ത്താണ് കൊമ്പന്‍മാര്‍ കുതിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Match between Kerala Blasters and Mumbai City FC postpone due to covid