ന്യൂദല്‍ഹി: യു.എ.പി.എ നിയമ ഭേദഗതി അനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കു തുടക്കം. ആദ്യ ഭീകരരുടെ പട്ടികയില്‍ നാലുപേരാണുള്ളത്.
ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, ലഷ്‌കറെ തൊയ്ബ സ്ഥാപകന്‍ ഹാഫിസ് സയ്യിദ്, 1993-ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ എന്നിവരാണു പട്ടികയിലുള്ളത്.
ഇത്രനാള്‍ സംഘടനകളെയാണു കേന്ദ്രം ഭീകരവാദത്തിന്റെ കീഴില്‍ പെടുത്തിയിരുന്നത്. സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ സംഘടനയെ ഭീകരവാദത്തിനു കീഴില്‍ പെടുത്തുന്നതോടെ ഇതിലെ അംഗങ്ങള്‍ മറ്റു പേരുകളില്‍ സംഘടനകള്‍ രൂപീകരിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ തുടരുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നടപടിയെന്നാണു കേന്ദ്ര വിശദീകരണം.
ഹാഫിസ് സയിദിന്റെ പേരില്‍ പ്രധാനമായും നാല് കേസുകളാണുള്ളത്. കശ്മീരില്‍ ഭീകരര്‍ക്ക് ഫണ്ടിങ് നടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളും ഹാഫിസിനെതിരെയുണ്ട്.
2000-ത്തില്‍ നടന്ന ചെങ്കോട്ട ആക്രമണം, 2008-ല്‍ രാംപുരില്‍ നടന്ന ആക്രമണം, 2008-ല്‍ മുംബൈയില്‍ നടന്ന ആക്രമണം, 2015-ല്‍ ജമ്മു കശ്മീരിലെ ഉധംപുരില്‍ ബി.എസ്.എഫ് വാഹനവ്യൂഹത്തിനു നേര്‍ക്കു നടന്ന ആക്രമണം എന്നിവയാണ് പ്രധാനമായും ഹാഫിസിനെതിരെയുള്ളത്.
26/11 മുംബൈ ഭീകരാക്രമണം അടക്കം നാല് കേസുകളാണ് ലഖ്‌വിയുടെ പേരിലുള്ളത്.