പാര്‍ട്ടി ഓഫിസിലെ വിവാഹത്തിന് ഇനി നിയമസാധുതയില്ല
Kerala
പാര്‍ട്ടി ഓഫിസിലെ വിവാഹത്തിന് ഇനി നിയമസാധുതയില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th February 2014, 6:45 am

[share]

[]കൊച്ചി: രാഷ്ട്രീയ പാര്‍ട്ടി ഓഫിസുകളില്‍ വെച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ലെന്ന് ഹൈക്കോടതി.

ഇത്തരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നടപടിയും സാധുതയില്ലാത്തതാണെന്ന് ജസ്റ്റിസുമാരായ ആന്റണി ഡൊമിനിക്, അനില്‍ കെ.നരേന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്.

മതാചാരപ്രകാരമോ സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമോ നടത്തുന്ന വിവാഹങ്ങള്‍ക്ക് മാത്രമേ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും കോടതി നിര്‍ദേശിച്ചു.

ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോട്ടയം പാമ്പാടി സ്വദേശി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കിയാണ് കോടതി ഉത്തരവ്.

പ്‌ളസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ഫെബ്രുവരി 10ന് പഠിക്കാന്‍ പോയ ശേഷം മടങ്ങിവന്നിട്ടില്ലെന്നും ചെങ്ങന്നൂര്‍ സ്വദേശിയായ ഒരാള്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ പ്രണയത്തിലായിരുന്ന തങ്ങള്‍ നിയമപരമായി വിവാഹിതരായതാണെന്ന് യുവാവ് കോടതിയെ അറിയിച്ചു.

നെടുമുടി പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച കോടതി 2014 ഫെബ്രുവരി 19ന് സി.പി.ഐ.എം ആലപ്പുഴ നെടുമുടി നെടുംഭാഗം ലോക്കല്‍ കമ്മിറ്റി ഓഫിസിലാണ് വിവാഹം നടന്നതെന്ന് കണ്ടത്തെി.

എന്നാല്‍, മാര്യേജ് ഓഫിസറുടെ മുന്നിലോ മതാചര പ്രകാരമോ അല്ലാതെ നടക്കുന്ന വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.

അതിനാല്‍ പാര്‍ട്ടി ഓഫിസില്‍ നടന്ന വിവാഹത്തിന് നിയമത്തിന്റെ പിന്‍ബലമില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നല്‍കിയ സര്‍ട്ടിഫിക്കറ്റും അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയ കോടതി ഇരുവരോടും നിയമപരമായി വിവാഹിതരാകാന്‍ നിര്‍ദേശിച്ച് ഹരജി തീര്‍പ്പാക്കി.

നിയമസാധുതയില്ലാത്തതിനാല്‍ ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.