World News
ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 21, 09:37 am
Tuesday, 21st January 2025, 3:07 pm

വാഷിങ്ടണ്‍: അയല്‍രാജ്യമായ ക്യൂബയെ ഭീകരവാദപ്പട്ടികയില്‍ നിന്ന് പുറത്താക്കിയ ജോ ബൈഡന്റെ ഉത്തരവ് റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്കുള്ളിലാണ്  ഉത്തരവ് റദ്ദാക്കിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ട്രംപിന്റെ ഈ തീരുമാനം ഒരേസമയം പരിഹാസവും ദുരുപയോഗവുമാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനാല്‍ പ്രതികരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് കത്തോലിക്ക സഭയുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ക്യൂബയില്‍ തടവില്‍ കഴിയുന്ന 583ഓളം അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കാമെന്ന് ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുമാനത്തോടെ ഈ റിലീസുകള്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ക്യൂബയെ തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതോടെ ഇതിനകം രാജ്യത്തിന് നേരിടുന്ന സാമ്പത്തിക ഉപരോധങ്ങള്‍ മാറ്റപ്പെടുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ കാര്യവും അനിശ്ചിതത്വത്തിലാണ്. ട്രംപ് അധികാരത്തില്‍ എത്തിയാല്‍ ക്യൂബയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് നേരെത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഭീകരര്‍ക്ക് അഭയം നല്‍കി അന്താരാഷ്ട്ര തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നാരോപിച്ചാണ് 2021ല്‍ ക്യൂബയെ തീവ്രവാദ സ്പോണ്‍സറായി യു.എസ് പട്ടികപ്പെടുത്തിയത്. ട്രംപ് അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ പ്രഖ്യാപനം വന്നത്. 1982ല്‍ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ക്യൂബയെ ആദ്യമായി ഈ പട്ടികയില്‍ ഉള്‍പെടുത്തിയത്. പിന്നീട് ഒബാമയുടെ ഭരണകാലത്താണ് ഇത് എടുത്ത് മാറ്റി.

ട്രംപിന്റെ അന്നത്തെ തീരുമാനത്തോടെ ക്യൂബയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും പിഴ ചുമത്തിയിരുന്നു. ഇതിന് പുറമെ യു.എസ് ക്യൂബയ്ക്കുള്ള വിദേശ സഹായം നിയന്ത്രിക്കുകയും പ്രതിരോധ ഉത്പ്പന്നങ്ങളുടെ കയറ്റുമതിയും വില്‍പ്പനയും നിരോധിക്കുകയും ചെയ്തിരുന്നു.

സമീപ വര്‍ഷങ്ങളില്‍ നിരവധി ലാറ്റിനമേരിക്കന്‍ നേതാക്കള്‍ ക്യൂബയുടെ ഭീകരവാദ പദവി നീക്കം ചെയ്യണമെന്ന് ബൈഡന്‍ ഭരണകൂടത്തോട് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്ക് എന്നിവരെല്ലാം ഉപരോധം നീക്കാന്‍ പല തവണ യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.

Content Highlight: Trump cancels Biden removal of Cuba from state sponsors of terrorism list