ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിക്കാന്‍ ഇതിഹാസ താരങ്ങള്‍ എത്തുന്നു. മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മാര്‍ക്ക് ബൗച്ചര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കും ലോകത്തെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന ജാക്ക് കാലിസ് ബാറ്റിങ് കോച്ചും ആകുമെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ താത്കാലിക ഡയറക്ടര്‍ ഗ്രേം സ്മിത്ത് ഇന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലെ തിരിച്ചടിക്കു പിന്നാലെ തുടര്‍ച്ചയായി അഞ്ച് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക പരാജയം രുചിച്ചു നില്‍ക്കവെയാണ് ബൗച്ചര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നത്. ബൗച്ചറെ പരിശീലകനാക്കണമെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ളവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
147 ടെസ്റ്റിലും 295 ഏകദിനങ്ങളിലും 25 ട്വന്റി20-കളിലും ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറായിരുന്ന ബൗച്ചര്‍ നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ടീമായ ടൈറ്റന്‍സിന്റെ പരിശീലകനാണ്. മൂന്നുവര്‍ഷമായി അദ്ദേഹം ഈ സ്ഥാനത്താണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ടെസ്റ്റില്‍ 5515 റണ്‍സും ഏകദിനത്തില്‍ 4686 റണ്‍സും ട്വന്റി20-യില്‍ 268 റണ്‍സുമാണ് ബൗച്ചര്‍ നേടിയിട്ടുള്ളത്. 998 പേരെ പുറത്താക്കിയ ചരിത്രവും ബൗച്ചറിന്റെ വിക്കറ്റ് കീപ്പിങ്ങിനുണ്ട്.