Football
മെസി,റോണോ; ഫുട്‌ബോളിലെ മികച്ചതാരെന്ന് തെരഞ്ഞെടുത്ത് ഇറ്റാലിയന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 04, 07:22 am
Saturday, 4th November 2023, 12:52 pm

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ട് ഇതിഹാസതാരങ്ങള്‍. ഇവരില്‍ ആരാണ് മികച്ചതെന്ന് എല്ലാ കാലത്തും സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകളില്‍ ഒന്നാണ്.

ഇപ്പോഴിതാ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണ് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് ഇറ്റാലിയന്‍ താരമായ മാര്‍ക്കൊ വെറാട്ടി. അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസിയാണ് ഏറ്റവും മികച്ച താരമെന്നാണ് വെറാട്ടി പറഞ്ഞത്.

അല്‍കാസ് ടി.വി സ്പോര്‍ട്സിന്റെ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു താരം.

‘എനിക്ക് ഇഷ്ടപ്പെട്ട താരം ലയണല്‍ മെസിയാണ്. അദ്ദേഹം എല്ലാവരേക്കാളും മുന്നിലാണ്. അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്,’ വെറാട്ടി ഓള്‍ എബൗട്ട് അര്‍ജന്റീനയിലൂടെ പറഞ്ഞു.

മാര്‍ക്കോ വെറാട്ടിയും ലയണല്‍ മെസിയും ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്കൊപ്പം ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഇരുവരും പാരീസിനൊപ്പം 57 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ ലീഗ് വണ്‍ കിരീടനേട്ടത്തിലും ഇരുവരും പങ്കാളിയായി.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും തന്റെ നീണ്ട കരിയര്‍ അവസാനിപ്പിച്ച് 2021ലാണ് മെസി പാരീസില്‍ എത്തുന്നത്. ക്ലബ്ബിനൊപ്പമുഉള്ള മികച്ച പ്രകടനങ്ങള്‍ മെസിയെ എട്ടാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡിന് അര്‍ഹനാക്കുകയും ചെയ്തു. ഈ സീസണില്‍ മെസി എം.എല്‍.എസ് ടീമായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുകയായിരുന്നു.

നീണ്ട 11 വര്‍ഷം ഫ്രഞ്ച് വമ്പന്‍മാരോടൊപ്പം സേവനമനുഷ്ഠിച്ച വെറാട്ടി ഈ സമ്മറിലാണ് ഖത്തര്‍ ക്ലബ്ബ് അല്‍ അറബിയിലേക്ക് ചേക്കേറിയത്.

Content Highlight: Marco veratti talks who is the best footballer in the history.