ഈ ലോകകപ്പില്‍ ഇന്ത്യ – സൗത്ത് ആഫ്രിക്കന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഫലം അപ്രവചനീയമാകുമെന്ന് എല്ലാവര്‍ക്കുമുറപ്പായിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
പ്രോട്ടീസിന് വേണ്ടി പന്തെറിഞ്ഞവരില്‍ സൂപ്പര്‍ താരം മാര്‍കോ യാന്‍സെന് തുടക്കത്തിലേ പിഴച്ചിരുന്നു. മറ്റ് മത്സരങ്ങളില്‍ സൗത്ത് ആഫ്രിക്കന്‍ നായകന്റെ ആവനാഴിയിലെ ബ്രഹ്‌മാസ്ത്രമായ യാന്‍സെന്‍ ഇന്ത്യക്കെതിരെ സമ്പൂര്‍ണ പരാജയമായിരുന്നു.
പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തുന്ന യാന്‍സെന്റെ പതിവിനും ഈ മത്സരത്തില്‍ അവസാനമായി. പവര്‍പ്ലേയില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 43 റണ്‍സാണ് താരം വഴങ്ങിയത്.
ആദ്യ ഓവര്‍ മുതല്‍ തന്നെ യാന്‍സെന് പിഴച്ചിരുന്നു. പത്ത് ഡെലിവെറികളാണ് തന്റെ ഓവറില്‍ യാന്‍സെന്‍ എറിഞ്ഞത്. നാല് വൈഡുകള്‍ ഉള്‍പ്പെടെയാണ് യാന്‍സെന്‍ പാടുപെട്ട് ആദ്യ ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. 17 റണ്‍സും ആ ഓവറില്‍ യാന്‍സെന്‍ വഴങ്ങി.
ഇതോടെ ഒരു മോശം റെക്കോഡും യാന്‍സനെ തേടിയെത്തിയിരുന്നു. ലോകകപ്പ് മത്സരത്തില്‍ ഒരു ഓവറില്‍ ഏറ്റവുമധികം പന്തെറിയുന്ന സൗത്ത് ആഫ്രിക്കന്‍ ബൗളര്‍ എന്ന മോശം റെക്കോഡാണ് യാന്‍സെന്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ 9.4 ഓവര്‍ പന്തെറിഞ്ഞ് 94 റണ്‍സാണ് യാന്‍സെന്‍ വഴങ്ങിയത്. 9.72 എന്ന എക്കോണമിയായിരുന്നു യാന്‍സനുണ്ടായിരുന്നത്. ഈ ലോകകപ്പിലെ താരത്തിന്റെ മോശം പ്രകടനമാണിത്.
അതേസമയം, 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സാണ് ഇന്ത്യ നേടിയത്. സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയുടെയും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് തുണയായത്. വിരാട് 121 പന്തില്‍ പുറത്താകാതെ 101 റണ്‍സ് നേടിയപ്പോള്‍ 87 പന്തില്‍ 77 റണ്‍സായിരുന്നു ശ്രേയസ് അയ്യരിന്റെ സമ്പാദ്യം.