Sports News
നിങ്ങള്‍ക്ക് ഗംഭീറിനെ പ്രശംസിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് മുന്‍ കൊല്‍ക്കത്ത താരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 11, 08:42 am
Saturday, 11th January 2025, 2:12 pm

2024ല്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ പരിശീലകനായി എത്തിയ മുന്‍ താരം ഗൗതം ഗംഭീറിന് തുടര്‍ തിരിച്ചടികളാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ടി-20ഐയില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ വമ്പന്‍ പരാജയങ്ങളാണ് ഏറ്റുവാങ്ങുന്നത്.

ഹോം ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ മായി പരമ്പര തോല്‍വി ഏറ്റുവാങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കറില്‍ 3-1ന് പരാജയപ്പെട്ട് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസീസിന് വിജയിക്കാന്‍ സാധിച്ചതും വലിയ തിരിച്ചടികളായിരുന്നു. ഇതിനെല്ലാം പുറമെ 2024 – 25 വര്‍ഷത്തെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍ സാധ്യതകള്‍ തകര്‍ത്തതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

ഇപ്പോള്‍ ഗംഭീറിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത താരവുമായ മനോജ് തിവാരി. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരാന്‍ ഗംഭീര്‍ യോഗ്യനല്ലെന്നാണ് തിവാരി പറഞ്ഞത്.

2024 ഐ.പി.എല്ലിന്റെ അടിസ്ഥാനത്തില്‍ ഗംഭീറിനെ പരിശീലകനാക്കരുതായിരുന്നെന്നും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഗംഭീറിന് നല്‍കേണ്ടതില്ലെന്നും തിവാരി പറഞ്ഞു.

2024 സീസണിലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി തിരിച്ചെത്തിയ ഗംഭീര്‍ ടീമിന് തങ്ങളുടെ മൂന്നാം കിരീടം നേടിക്കൊടുത്തിരുന്നു. ഗംഭീറിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് കിരീടങ്ങള്‍ കൊല്‍ക്കത്ത നേടിയിരുന്നു. എന്നാല്‍ ടീമിന്റെ മുഖ്യ പരിശീലകരായ ചന്ദ്രകാന്ത് പണ്ഡിറ്റിനും മറ്റ് സ്റ്റാഫിനുമാണ് കൊല്‍ക്കത്തയുടെ വിജയത്തിന്റെ യഥാര്‍ത്ഥ ക്രെഡിറ്റെന്നാണ് ക്രെഡിറ്റെന്നാണ് തിവാരി പറഞ്ഞത്.

‘ഗംഭീറിന് മുന്‍ പരിചയമൊന്നുമില്ല, മാത്രമല്ല വളരെ ആക്രമണകാരിയാണ്. അവനെപ്പോലെയുള്ള ഒരാളെ നിങ്ങള്‍ നിയമിച്ചാല്‍, നിങ്ങള്‍ക്ക് ശരാശരി ഫലം മാത്രം ലഭിക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി നിയമിച്ചത് തെറ്റാണ്. കെ.കെ.ആറിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പണ്ഡിറ്റും മറ്റുള്ളവരും അര്‍ഹിക്കുന്നു, നിങ്ങള്‍ക്ക് ഗംഭീറിനെ പ്രശംസിക്കാന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Manoj Tiwari Talking Talking About Gautham Gambhir