തമിഴ്‌നാട്ടില്‍ മഞ്ഞുമ്മലിന്റെ 'മായാജാലം', മറ്റൊരു മലയാള സിനിമക്കുമില്ലാത്ത റെക്കോഡ്: ശരിക്കും സീന്‍ മാറ്റി
Entertainment
തമിഴ്‌നാട്ടില്‍ മഞ്ഞുമ്മലിന്റെ 'മായാജാലം', മറ്റൊരു മലയാള സിനിമക്കുമില്ലാത്ത റെക്കോഡ്: ശരിക്കും സീന്‍ മാറ്റി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd March 2024, 12:15 pm

ഈ വര്‍ഷത്തെ നാലാമത്തെ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 2006ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. എറണാകുളത്തെ മഞ്ഞുമ്മലില്‍ നിന്ന് കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരു കൂട്ടം യുവാക്കളുടെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ഗണപതി, അരുണ്‍ കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകന്‍ ഖാലിദ് റഹ്‌മാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ്. രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ 200ലധികം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. പ്രേമത്തിന് ശേഷം ഒരു മലയാള സിനിമക്ക് തമിഴ്‌നാട്ടില്‍ ഇത്രയും വലിയ റെസ്‌പോണ്‍സ് ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് പിന്നാലെ തമിഴ്‌നാട്ടില്‍ മറ്റൊരു മലയാള സിനിമക്കും ലഭിക്കാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

ചെന്നൈയിലെ പ്രശസ്ത മള്‍ട്ടിപ്ലെക്‌സായ മായാജാല്‍ സിനിമാസില്‍ ഒരു ദിവസം മാത്രം 40ലധികം പ്രദര്‍ശനം നടത്തിയ മലയാള സിനിമയെന്ന റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. ശനിയാഴ്ച 36 ഷോകള്‍ കളിച്ച സിനിമ, ഞായാറാഴ്ച 43 ഷോ ചാര്‍ട്ട് ചെയ്തിരിക്കുകയാണ്. അജിത് ചിത്രം ബില്ലാ 2 വിനാണ് ഈ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ ഷോകള്‍ നടത്തിയതിന്റെ റെക്കോഡ്. റിലീസ് ദിവസം 110 ഷോയാണ് സിനിമ നടത്തിയത്.

അതേ സമയം മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് തമിഴിലെ പ്രശസ്തര്‍ അഭനന്ദിച്ചിരുന്നു. കമല്‍ ഹാസനും, ഗുണാ സിനിമയുടെ സംവിധായകന്‍ സന്താനഭാരതിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ ചെന്നൈയിലേക്ക് വിളിച്ച് അഭിനന്ദിച്ചു. നടനും തമിഴ്‌നാട് കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും അണിയറപ്രവര്‍ത്തകരെ കണ്ട് അഭിനന്ദനമറിയിച്ചിരുന്നു. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ചിത്രത്തെ പ്രശംസിച്ചിരുന്നു.

Content Highlight: Manjummel Boys created a record in Mayajaal multiplex Chennai