ഞാന്‍ ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് വിചാരിച്ചത്, പക്ഷേ അജിത്ത് സാറിനെ കണ്ടപ്പോള്‍ ആ ധാരണ മാറി: മഞ്ജു വാര്യര്‍
Movie Day
ഞാന്‍ ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് വിചാരിച്ചത്, പക്ഷേ അജിത്ത് സാറിനെ കണ്ടപ്പോള്‍ ആ ധാരണ മാറി: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th September 2022, 2:50 pm

തമിഴ് നടന്‍ അജിത്തുമായുള്ള സൗഹൃദത്തെ കുറിച്ചും അജിത്തിനൊപ്പമുള്ള പുതിയ ചിത്രത്തെ കുറിച്ചും മനസുതുറന്ന് നടി മഞ്ജു വാര്യര്‍. അടുത്തിടെ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയുടെ ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

വലിമൈയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത് ഒന്നിക്കുന്ന എ.കെ 61 എന്ന ചിത്രത്തിലാണ് മഞ്ജു നായികയാകുന്നത്.

അജിത്ത് സാറിനൊപ്പമുള്ള തമിഴ് സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം എന്റെ ചില സിനിമകളൊക്കെ കണ്ടിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളെ കുറിച്ചൊക്കെ വളരെ ബഹുമാനത്തോടെയാണ് സംസാരിക്കാറുള്ളത്. ഞാന്‍ വിചാരിച്ചത് ഞാന്‍ വളരെ ക്ഷമാശീലയായുള്ള ആളാണെന്നാണ്. എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍, അദ്ദേഹം ആളുകളോട് സംസാരിക്കുന്നതൊക്കെ കണ്ടപ്പോള്‍ എനിക്ക് മനസിലായി ഞാനൊന്നും ഒന്നുമല്ലെന്ന് (ചിരി).

എല്ലാവരോടും ഒരേ സ്‌നേഹത്തോടെ ഒരേ ഊഷ്മളതയോടെ പെരുമാറുന്ന ആളാണ് അദ്ദേഹമെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണ്. എല്ലാവരേയും ഒരുപോലെ കാണും. അദ്ദേഹം ഇല്ലാത്ത സമയത്ത് പോലും ആ സെറ്റില്‍ ആളുകള്‍ അദ്ദേഹത്ത കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് മനസിലാകും.

ഒരാള്‍ മുന്‍പില്‍ ഉള്ളപ്പോള്‍ അയാളെ കുറിച്ച് പറയുന്നതും ഇല്ലാത്തപ്പോള്‍ അതേ ആത്മാര്‍ത്ഥതയോടെ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അത്തരത്തില്‍ എല്ലാവരും ഒരേ ആത്മാര്‍ത്ഥതയോടെ, ഇഷ്ടത്തോടെ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുയാണ്. കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ട്., മഞ്ജു പറഞ്ഞു.

മറ്റ് ഭാഷകളില്‍ ചെല്ലുമ്പോള്‍ പരിചയക്കുറവൊന്നും ഇല്ലെന്നും അവിടുത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ലെന്നും താരം പറഞ്ഞു. മലയാളത്തിലുള്ള കംഫര്‍ട്ട് സോണ്‍ അവിടേയും ഉണ്ട്. പക്ഷേ ഒരു വ്യത്യാസം മലയാളത്തില്‍ ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാല്‍ തീരുന്നതുവരെ ബ്രേക്കില്ല എന്നതാണ്. എന്നാല്‍ അവിടെ ബ്രേക്ക് വരും. ഇപ്പോള്‍ ഒരാഴ്ചത്തെ ഷെഡ്യൂള്‍ കഴിഞ്ഞു. ഇനി സെപ്റ്റംബര്‍ 15 ന് ശേഷമാണ് അടുത്ത ഷെഡ്യൂള്‍. ബ്രേക്ക് ചെയ്ത് ഷൂട്ട് ചെയ്യുന്ന അനുഭവം എനിക്ക് ആദ്യമാണ്, മഞ്ജു പറഞ്ഞു.

സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേയായിരുന്നു അജിത്തും സംഘവുമായി നടത്തിയ ബൈക്ക് യാത്രയുടെ അനുഭവം മഞ്ജു പങ്കുവെച്ചത്.

നാലു ചക്രമുള്ള വാഹനത്തില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ബൈക്കില്‍ ആദ്യമായാണ് ഈ അനുഭവമെന്നായിരുന്നു മഞ്ജു കുറിച്ചത്.

തന്നെ ഈ യാത്രയ്ക്കായി ക്ഷണിച്ച അഡ്വഞ്ചര്‍ റൈഡേഴ്സ് ഓഫ് ഇന്ത്യ, അജിത്ത്, ബിനീഷ് ചന്ദ്ര തുടങ്ങിയവര്‍ക്കെല്ലാം മഞ്ജു കുറിപ്പില്‍ നന്ദി രേഖപ്പെടുത്തിയിരുന്നു.

യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. അജിത്തും മഞ്ജുവുമൊത്തുള്ള ചിത്രങ്ങള്‍ വലിയരീതിയില്‍ വൈറലാവുകയും ചെയ്തിരുന്നു.

Content Highlight: Manju warrier about tamil actor ajith