ഈ പടത്തില്‍ അധികം സ്‌പെയ്‌സില്ലാത്തത് നോക്കണ്ട, നിങ്ങള്‍ക്ക് വേറൊരു അടിപൊളി സിനിമ തരാമെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു: മഞ്ജു വാര്യര്‍
Entertainment
ഈ പടത്തില്‍ അധികം സ്‌പെയ്‌സില്ലാത്തത് നോക്കണ്ട, നിങ്ങള്‍ക്ക് വേറൊരു അടിപൊളി സിനിമ തരാമെന്ന് ആ സംവിധായകന്‍ എന്നോട് പറഞ്ഞു: മഞ്ജു വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th September 2024, 7:55 pm

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അഭിനയജീവിതം ആരംഭിച്ച മഞ്ജു വളരെ ചെറിയ കാലത്തിനുള്ളില്‍ മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളായി മാറി. 1999ല്‍ റിലീസായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു 2014ല്‍ റിലീസായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി. പിന്നീട് മികച്ച സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് പഴയ സ്ഥാനം മഞ്ജു വീണ്ടെടുത്തു.

മലയാളത്തിന് പുറമെ അന്യഭാഷയിലും മഞ്ജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വെട്രിമാരന്‍ ചിത്രം അസുരന്‍, എച്ച്. വിനോദ് ചിത്രം തുനിവ് എന്നിവയിലൂടെ തമിഴ് പ്രേക്ഷകരുടെയും കൈയടി വാങ്ങാന്‍ മഞ്ജുവിന് സാധിച്ചു. കരിയറിലെ ആദ്യ ആക്ഷന്‍ റോളാണ് തുനിവിലൂടെ മഞ്ജുവിന് ലഭിച്ചത്. എച്ച്. വിനോദിന്റെ കീഴില്‍ തുനിവില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മഞ്ജു വാര്യര്‍.

വളരെ കുറച്ച് സീനില്‍ മാത്രമേ തന്റെ കഥാപാത്രം ഉണ്ടായിരുന്നുള്ളൂവെന്നും ഓരോ സീനിന് ശേഷവും താന്‍ അത് ഇംപ്രൂവ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നെന്നും മഞ്ജു പറഞ്ഞു. ആ സീന്‍ ഒന്നുകൂടി എടുക്കാമെന്ന് പറയുമ്പോള്‍ അതൊക്കെ മതിയെന്ന് വിനോദ് തന്നോട് പറയുമായിരുന്നെന്നും താന്‍ അത് കേട്ട് ഓക്കെ എന്ന് പറയുമെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ആ സിനിമയില്‍ അത്രയൊക്കെ മതിയെന്നും തനിക്ക് നല്ലരീതിയില്‍ പെര്‍ഫോം ചെയ്യാന്‍ നല്ലൊരു സിനിമ വേറെ തരുമെന്ന് വിനോദ് ഉറപ്പുതന്നിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു. എസ്.എസ് മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

‘ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും വ്യത്യസ്തനായ സംവിധായകനാണ് എച്ച്. വിനോദ്. അയാള്‍ക്ക് നമ്മുടെയടുത്ത് നിന്ന് എന്താണ് വേണ്ടതെന്ന് കൃത്യമായ ധാരണയുണ്ട്. അതിനപ്പുറത്തേക്ക് പോകേണ്ട ആവശ്യമില്ല. എനിക്കാണെങ്കില്‍ ഓരോ സീനും എടുത്തുകഴിഞ്ഞാല്‍ അത് കുറച്ചുകൂടെ ഇംപ്രൂവ് ചെയ്യാന്‍ തോന്നും. ഇത് വിനോദിനോട് പറയുമ്പോള്‍ ‘അതൊക്കെ മതി മാഡം’ എന്ന് മറുപടി നല്‍കും.

ഇങ്ങനെ നാലഞ്ച് തവണ ആവര്‍ത്തിച്ചപ്പോള്‍ വിനോദ് എന്റെയടുത്ത് വന്നിട്ട്, ‘ഈ സിനിമയില്‍ ഇങ്ങനെ മതി. അധികം സ്‌പെയ്‌സൊന്നും ഇല്ലല്ലോ. നിങ്ങള്‍ക്ക് ഇതിനെക്കാള്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്ന നല്ലൊരു കഥ എന്റെ കൈയിലുണ്ട്. സമയമാകുമ്പോള്‍ വിളിക്കാം’ എന്നാണ്. മിക്കവാറും അടുത്ത സിനിമയിലോ അതിനടുത്ത സിനിമയിലോ വിളിക്കുമായിരിക്കും,’ മഞ്ജു വാര്യര്‍ പറഞ്ഞു.

Content Highlight: Manju Warrier about H Vinoth and Thunivu movie