Entertainment
'അയ്യോടി എന്റെ ശ്രീകുട്ടിയെ പോലിരിക്കുന്നു' എന്ന് പറഞ്ഞതാണ് ലളിതാമ്മയുമായി അടുക്കാന്‍ ഉണ്ടായ ഏറ്റവും വലിയ കാരണം: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 11, 04:33 pm
Tuesday, 11th March 2025, 10:03 pm

കെ.പി.എ.സി ലളിതയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പിള്ള. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘ലളിതാമ്മയെ നേരിട്ട് ആദ്യമായി കണ്ട ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അറിയാം എന്നതിനപ്പുറത്തേക്ക് ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലായിരുന്നു. അന്ന് എറണാകുളത്ത് സിനിമാക്കാര്‍ക്ക് താമസിക്കാന്‍ കഴിയുന്ന തരത്തില്‍ ഹോട്ടല്‍ കവിത ഇന്റര്‍നാഷണല്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് ഞങ്ങളും ആ ഹോട്ടലില്‍ ഉണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു റൂം ബോയ് പറഞ്ഞതനുസരിച്ച് ലളിതാമ്മ മറ്റൊരു മുറിയില്‍ ഉണ്ടെന്നറിഞ്ഞ് ഞങ്ങള്‍ കാണാന്‍ വേണ്ടി പോയി.

എന്റെ അപ്പൂപ്പന്റെ കൂടെ കുറെ സിനിമകളില്‍ ലളിതാമ്മ അഭിനയിച്ചിട്ടുണ്ട്, എന്റെ തറവാട്ട് വീട്ടില്‍ വന്നിട്ടുണ്ട്. ഈ കഥകളെല്ലാം ഞങ്ങള്‍ അവിടെ പോയപ്പോള്‍ ലളിതാമ്മ ഞങ്ങളോട് പറഞ്ഞു. അത് കഴിഞ്ഞ് അമ്മ എന്നെ കുറെ നേരം നോക്കി ഇരുന്നിട്ട് എന്റെ താടിയില്‍ പിടിച്ച് ‘അയ്യോടി എന്റെ ശ്രീകുട്ടിയെ പോലിരിക്കുന്നു’ എന്ന് പറഞ്ഞതാണ് ലളിതാമ്മയുമായി ഞാന്‍ അടുക്കാന്‍ ഉണ്ടായ ഏറ്റവും വലിയ കാരണം.

ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.അതിന് ശേഷം ജീവിതത്തില്‍ അമ്മയുടെ കൂടെ ഒരുപാട് സിനിമകള്‍ ചെയ്തു. ഞങ്ങള്‍ വളരെ അടുത്തു. എനിക്കൊരു അമ്മയെ പോലെ തന്നെയായിരുന്നു. ഒരുപാട് വഴക്കുകള്‍ കേള്‍ക്കുമായിരുന്നു. ഞാന്‍ ഒരുപാട് ഭക്ഷണം എടുത്തിട്ട് കഴിക്കാതെ വേസ്റ്റ് ആക്കി കളയുമായിരുന്നു, അതിന് കേള്‍ക്കും. അതുപോലെ ഡയറ്റ് എടുക്കുന്നതിന് വഴക്ക് പറയുമായിരുന്നു.

കഴിഞ്ഞ ജന്മത്തിലെന്തോ എന്റെ അമ്മ ആയ ഒരാളായിരിക്കും ലളിതാമ്മയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലളിതാമ്മക്ക് എപ്പോഴും ദേഷ്യമാണ്, വഴക്ക് പറയും എന്നൊക്കെ പറയുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ അമ്മ വഴക്ക് പറഞ്ഞാല്‍ നമുക്ക് ദേഷ്യം വരുമോ ഇല്ലാലോ, അതുപോലെതന്നെയാണ് ലളിതാമ്മ വഴക്ക് പറഞ്ഞാലും. എന്നോട് ലളിതാമ്മക്ക് വളരെ അടുപ്പമായിരുന്നു, സ്നേഹമായിരുന്നു. എവിടെ പോയാലും ശ്രീകുട്ടിക്ക് വാങ്ങിക്കുന്നത് പോലെത്തന്നെ എനിക്കും ഓര്‍ണമെന്റ്സും ഡ്രെസ്സുമൊക്കെ വാങ്ങിക്കൊണ്ട് വരുമായിരുന്നു.

ഞാന്‍ എപ്പോഴും പറയാറുണ്ട് അടുത്ത ജന്മത്തില്‍ എനിക്ക് എന്റെ അമ്മയുടെ വയറ്റില്‍ ജനിച്ചില്ലെങ്കില്‍ ലളിതാമ്മയുടെ മകളായി ജനിച്ചാല്‍ മതി. അത്ര അടുപ്പമായിരുന്നു. പറഞ്ഞാല്‍ ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാക്കണം എന്നില്ല,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju Pillai talks about KPAC Lalitha