Film News
പലരെയും ഒഴിവാക്കിയ സിദ്ധാര്‍ത്ഥ് എന്റെ വാക്ക് കേട്ടു, അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണെന്ന് മനസിലായത്: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 26, 05:14 am
Saturday, 26th February 2022, 10:44 am

കഴിഞ്ഞ ഫെബ്രുവരി 22 നാണ് മലയാളത്തിന്റെ അതുല്യ കലാകാരി കെ.പി.എ.സി ലളിത വിടവാങ്ങിയത്. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ ലളിതയുടെ വിയോഗം സിനിമാ മേഖലയ്ക്ക് തീരാ നഷ്ടമാണ്.

കെ.പി.എ.സി ലളിതയുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മഞ്ജു പിള്ള. ലളിതയുമായി വളരെ ആഴത്തിലുള്ള സൗഹൃദമായിരുന്നു മഞ്ജു പിള്ളക്ക് ഉണ്ടായിരുന്നത്.

മഴവില്‍ മനോരമയിലെ ശ്രദ്ധേയമായ തട്ടീം മുട്ടീം സീരിയലില്‍ ഉള്‍പ്പെടെ മകളും മരുമകളുമൊക്കെയായി ഒരുപാടുതവണ ലളിതയ്‌ക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിയ മഞ്ജു മാതൃഭൂമി ന്യൂസിനോടായിരുന്നു ഓര്‍മകള്‍ പങ്കുവെച്ചത്.

‘അമ്മയുടെ ഭൗതികശരീരം തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ലായം കൂത്തമ്പലത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഞാനും ആംബുലന്‍സില്‍ കയറി. അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. മനസ്സിലേക്ക് ഒരുപാട് ഓര്‍മകള്‍ കയറിവന്നു.

അമ്മ സുഖമില്ലാതെ വടക്കാഞ്ചേരിയിലെ വീട്ടില്‍ കഴിയുമ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു. മറ്റു പലരെയും വരേണ്ടേന്നു പറഞ്ഞ് സിദ്ധാര്‍ത്ഥ് ഒഴിവാക്കിയപ്പോള്‍, എന്റെ വാക്ക് അവന്‍ കേട്ടു. അവിടെച്ചെന്ന് അമ്മയെ കണ്ടപ്പോഴാണ് എന്തുകൊണ്ടാണ് എല്ലാവരോടും വരേണ്ടെന്ന് സിദ്ധു പറഞ്ഞതെന്ന് മനസ്സിലായി. അത്രമേല്‍ ക്ഷീണിതയായി, രൂപംപോലും മാറിയ ഒരമ്മയായിരുന്നു അവിടെയുണ്ടായിരുന്നത്,’ മഞ്ജു പിള്ള പറഞ്ഞു.

‘അമ്മ എവിടെപ്പോയാലും അവിടെനിന്നൊക്കെ എനിക്ക് എന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുവരും. ഗുരുവായൂരില്‍ പോയി വരുമ്പോഴൊക്കെ കുറേ മാലയും കമ്മലുമൊക്കെ തന്നിട്ട് അതൊക്കെ ഇട്ടുവരാന്‍ എന്നോടു പറയും… ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ അതൊക്കെ ഞാന്‍ ഓര്‍ത്തു.

അവസാനകാലത്ത് അമ്മയ്ക്ക് പിണക്കം കുറച്ചു കൂടുതലായിരുന്നു. സെറ്റില്‍ അമ്മയുടെ അടുത്ത് അധികനേരം ചെന്നിരുന്നില്ലെങ്കില്‍ വലിയ സങ്കടമായിരുന്നു. മോളെപ്പോലെയല്ല, മോളായിട്ടു തന്നെയാണ് അമ്മ എന്നെ കരുതിയിരുന്നത്…” -സങ്കടത്താല്‍ വാക്കുകള്‍ മുറിഞ്ഞപ്പോള്‍ മഞ്ജു കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ, നിറഞ്ഞ മിഴികളോടെ പറഞ്ഞു, ”ഫ്‌ളാറ്റില്‍ അമ്മയുടെ ചേതനയറ്റ ശരീരത്തിനരികില്‍ ഇരിക്കുമ്പോഴും ആംബുലന്‍സില്‍ ഇരിക്കുമ്പോഴും പൊട്ടിക്കരയാതെ പിടിച്ചുനിന്നു.

അമ്മയെ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയശേഷം തിരികെ കാറില്‍ വന്നിരിക്കുമ്പോള്‍ അതുവരെ പിടിച്ചുനിര്‍ത്തിയതെല്ലാം പൊട്ടിപ്പോയി. അപ്പോള്‍ ഒരുകാര്യം എനിക്ക് വീണ്ടും ബോധ്യമായി, അമ്മയായിരുന്നു അവര്‍, എന്റെ സ്വന്തം അമ്മ,’ മഞ്ജു കൂട്ടിച്ചേര്‍ത്തു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു കെ.പി.എ.സി ലളിതയുടെ അന്ത്യം. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്സണായിരുന്നു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ച്ട്ടുണ്ട്.


Content Highlight: manju pillai shares the memory of kpac lalitha