വോട്ട് രേഖപ്പെടുത്തിയ ഞങ്ങളെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യും; സുരേന്ദ്രനോട് ആയിഷുമ്മയുടെ ചോദ്യം
Kerala
വോട്ട് രേഖപ്പെടുത്തിയ ഞങ്ങളെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യും; സുരേന്ദ്രനോട് ആയിഷുമ്മയുടെ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2017, 3:29 pm

മഞ്ചേശ്വരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പിനെ വലിയ വിവാദമാക്കിയും കള്ളവോട്ട് ആരോപിച്ചും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ വലിയ പിഴവുകള്‍ സംഭവിച്ചതായ റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ പുറത്തുവന്നുകഴിഞ്ഞു.

പരേതരുടെ പട്ടികയില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടുത്തിയ രണ്ട് പേര്‍ കൂടി കോടതിയിലേക്ക് എത്തുകയാണ്. മംഗല്‍പാടി പഞ്ചായത്തിലെ അബ്ദുല്ലയും കുമ്പള പഞ്ചായത്തിലെ ആയിഷയുമാണ് കോടതിയില്‍ ഹാജരാകുക.


Dont Miss കേന്ദ്രം തന്നെ ഒഴിവാക്കിയതില്‍ അസ്വാഭാവികതയില്ല; തനിക്കു പരാതിയില്ലെന്നും ഇ. ശ്രീധരന്‍


പരേതരായ 6 പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതിപ്പെട്ട സുരേന്ദ്രന്‍ ആയിഷയുടെ പേര് രണ്ട് പ്രാവശ്യം ചേര്‍ത്തിട്ടുണ്ട്. വോട്ട് രേഖപ്പെടുത്തിയവരെ മരിച്ചവരാക്കിയാല്‍ ഇനി എങ്ങനെ വോട്ട് ചെയ്യുമെന്നാണ് കുമ്പള, കൊടിയമ്മ ഇച്ചിലംപാടിയിലെ ആയിഷുമ്മയുടെ ചോദ്യം.

പരാതിയിലുള്ള 5 പേരില്‍ മൂന്ന് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ശേഷിക്കുന്നവരില്‍ ഒരാള്‍ വോട്ട് ചെയ്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു കഴിഞ്ഞു. ഇനി ഒരാളുടെ കാര്യത്തില്‍ മാത്രമാണ് അവ്യക്തത.

തെരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വാദിക്കുന്ന അബ്ദുല്‍ റഹ്മാന്‍ അന്നേ ദിവസം നാട്ടിലായിരുന്നെന്ന് പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.

ഉപ്പള ഭഗവതി നഗറിലെ അബ്ദുല്ലയെ സുരേന്ദ്രന്‍ പരേതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അബ്ദുല്ലയും കോടതിയിലെത്തി സാക്ഷി പറയും. തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്ന കൊടിയമ്മയിലെ അബ്ദുറഹ്മാന്‍ 2016 ഫെബ്രുവരി 7ന് നാട്ടിലെത്തിയെന്നാണ് പാസ്‌പോര്‍ട്ട് രേഖയിലുള്ളത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സമയന്‍സ് അയച്ച വോട്ടര്‍മാരില്‍ അഞ്ചുപേരെ കോടതി വിസ്തരിച്ചപ്പോള്‍ അഞ്ചുപേരും നല്‍കിയത് കള്ളവോട്ട് നടന്നിട്ടില്ലെന്ന മൊഴി തന്നെയായിരുന്നു. തെരഞ്ഞെടുപ്പു സമയത്ത് തങ്ങള്‍ നാട്ടിലുണ്ടായിരുന്നെന്നും വോട്ടുചെയ്തെന്നും ഇവര്‍ രേഖാമൂലം കോടതിയെ അറിയിച്ചു കഴിഞ്ഞു.

ചൊവ്വാഴ്ച രണ്ടുപേരാണ് കോടതിയില്‍ ഹാജരായത്. ഇതില്‍ രജബ് എന്നയാള്‍ തനിക്ക് പാസ്പോര്‍ട്ട് ഇല്ലെന്ന കാര്യം കോടതിയെ അറിയിച്ചു. അസറുദ്ദീന്‍ തനിക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കിലും ഇതുവരെ ഒരു വിദേശയാത്ര പോലും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ കേസില്‍ ഇതുവരെ ഹാജരായ എല്ലാവരും കെ. സുരേന്ദ്രന്റെ ആരോപണങ്ങള്‍ക്ക് എതിരായാണ് മൊഴി നല്‍കിയിരിക്കുന്നത്.

നേരത്തെ വിസ്തരിച്ച മൂന്നുപേരില്‍ ഷക്കീര്‍ എന്നയാളുടെ പാസ്പോര്‍ട്ട് കാലാവധി 2013ല്‍ അവസാനിച്ചതാണ്. മുഹമ്മദ് റഫീഖ് എന്ന വോട്ടര്‍ മൂന്ന് കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ താമസമെന്നും എന്നാല്‍ വോട്ട് ചെയ്തതായും അറിയിച്ചിരുന്നു.

റഫീഖിനൊപ്പം സമന്‍സ് ലഭിച്ച അദ്ദേഹത്തിന്റെ സഹോദരങ്ങളായ ഹനീഫിനും മറിയത്തിനും വേണ്ടി റഫീഖ് കോടതിയില്‍ മൊഴി നല്‍കി. ഇരുവരും അന്നേദിവസം നാട്ടിലുണ്ടായിരുന്നെന്നും വോട്ടുചെയ്തുവെന്നുമാണ് റഫീഖ് അറിയിച്ചത്.