ശബരിമല വിഷയത്തെത്തുടര്‍ന്നു നടക്കുന്ന ചര്‍ച്ചകളെയും സമരങ്ങളെയും നവോത്ഥാനത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. അത് ചരിത്രപരമായി എത്രത്തോളം ശരിയാണ്?
വിശേഷണമല്ല വിഷയമാണ് പ്രധാനം; രണ്ടാമതായി, മുമ്പിലെ സംഭവം എത്ര ചെറുതായാലും വിഷയത്തിന്റെ വലിപ്പം കുറയുന്നില്ല, പ്രാധാന്യവും. യസീദികള്‍ മുതല്‍ റോഹിങ്ക്യകള്‍ വരെയുള്ള ജനവിഭാഗങ്ങളും പശ്ചിമേഷ്യയിലും ഇറാനിലും എന്നല്ല ഇന്ത്യയില്‍ തന്നെയുള്ള സ്ത്രീകളും പ്രായേണ അനുഭവിക്കുന്ന പല നിഷ്ഠൂരതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശബരിമല സ്ത്രീ പ്രവേശം ചെറുതാണ്. But core issue ഒന്നുതന്നെ: വിവേചനവും denial of dignityയും. കൂടാതെ ശബരിമല സംഭവത്തെ വേറൊരുവിധത്തില്‍ പ്രധാനമാക്കുന്ന ഒന്നുണ്ട്, ആശങ്കയുണ്ടാക്കുന്ന ഒന്ന്. ചെറിയ ഒരു സംഗതി ഉണ്ടാക്കിയ അനുരൂപമായ വലിയ പ്രതികരണം. അതുയര്‍ത്തുന്ന മാലിന്യവും അന്ധകാരവും. എല്ലാത്തിനും പുറമേ ഭയാനകമായ ഒരു പ്രകൃതിദുരന്തത്തിന്റെ നിവാരണം ആവശ്യപ്പെടുന്ന വലിയ മനുഷ്യപ്രയത്‌നത്തിനെ ഇങ്ങനെ ഒന്നിലേക്ക് തിരിച്ചുവിട്ടവരുടെ മനുഷ്യത്വരാഹിത്യം. അപമാനവീകരണം, സാംസ്‌കാരികം എന്നതുപോലെ ഭൗതികവുമാണെന്നര്‍ത്ഥം.
സാംസ്‌കാരികമായ വശം – രണ്ടുകാര്യങ്ങളാണ് സംസ്‌കാരത്തിന്റെ പ്രയാണത്തില്‍ ഉള്ളത്. ഒന്ന് പുതിയ ഇടങ്ങള്‍ തേടുക. രണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യുക. രണ്ടാമത്തേതിനെ നമുക്ക് റിഫോം എന്ന് വിളിക്കാം (re -form). ആ അര്‍ത്ഥത്തില്‍ നവോത്ഥാനം എന്ന പദവും പ്രയോഗിക്കാം.
ഈയൊരു കോണ്‍ടെക്സ്റ്റില്‍ നിന്നു കൊണ്ട് അപമാനവീകരണത്തിന്റെ സാംസ്‌കാരിക ഭൗതികവ്യവഹാരങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിശദമാക്കാമോ?
എന്താണ് സംസ്‌കാരം? സംസ്‌കരിച്ചെടുക്കുന്നത് കള്‍ട്ടിവേറ്റ് ചെയ്യുന്നത്. മറ്റു ജീവികളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യന്‍ സ്വന്തം ജീവിതം സ്വയം നിര്‍മ്മിച്ച് മുന്നോട്ടു കൊണ്ടുപോകുന്നു. ഭൗതികമായും ധാര്‍മികമായും. ഈ യാത്രയ്ക്ക് മനുഷ്യന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ – ചിന്തകള്‍, പദ്ധതികള്‍, ഐഡിയോളജികള്‍, ആചാരങ്ങള്‍, രീതികള്‍ – ചിലപ്പോള്‍ വഴിയില്‍ ഉറച്ചു പോകുന്നു. ഒരു നാഴികക്കല്ല് വേറൊന്നിനെ മുന്നില്‍ കാണണം. അപ്പോഴാണ് യാത്ര യാത്രയാകുന്നത്. പകരം ഒരു നാഴികക്കല്ല് നാം പൂജിക്കാന്‍ തുടങ്ങിയാല്‍ യാത്ര മുടങ്ങുന്നു. യാത്ര തുടരണമെങ്കില്‍ ചിന്താപദ്ധതിയെ, ഉപകരണങ്ങളെ തുടര്‍ച്ചയായി പരിഷ്‌കരിക്കേണ്ടിവരും. Reform, നവോത്ഥാനം എന്നൊക്കെയുള്ളത് അതാണ്.
റിഫോം രണ്ടുവിധത്തില്‍ സാധിക്കാം. ഒന്ന് ആന്തരികമായി, റിവോള്‍ട്ട് വഴി. രണ്ട് മുകളില്‍നിന്ന് ഉദ്ബുദ്ധമായ സമൂഹം ചെയ്യുന്ന നിയമനിര്‍മാണം വഴി. പരിഷ്‌കരണം സ്വയമേവ സംഭവിക്കുന്നില്ല എന്നര്‍ത്ഥം. ശക്തി ഉപയോഗിക്കണം. ആന്തരികമായ പ്രക്ഷോഭം വിശ്വാസങ്ങളുടെയും ഐഡിയോളജികളുടെയും ചരിത്രത്തില്‍ പലതും ഉണ്ടായിട്ടുണ്ട്. അവ വേറൊരു Sect ഉണ്ടാക്കിക്കൊണ്ട് അവസാനിക്കുന്നതായി ആണ് നാം സാധാരണ കാണുന്നത്. ഉദാഹരണം ബുദ്ധന്റ പഥം, യൂറോപ്പില്‍ പ്രൊട്ടസ്റ്റാന്‍ഡിസം. മെയിന്‍ ബോഡി അങ്ങനെതന്നെ നിലനിന്നു. നിയമനിര്‍മ്മാണം അങ്ങനെയല്ല. സമഗ്രമായി പ്രവര്‍ത്തിക്കുന്നു. പഴുതുകളടച്ച്, പീഡിതന് ആശ്രയിക്കുവാനും നീതി തേടുവാനും വഴികള്‍ പ്രദാനം ചെയ്യുന്നു. നിയമം വഴിയാണ് അടിമത്തം നിരോധിച്ചത് അമേരിക്കയില്‍. പ്രക്ഷോഭം വഴിയാണെങ്കിലും വീണ്ടും നിയമനിര്‍മാണത്താലാണ് സിവില്‍ റൈറ്റ്‌സ് സാധ്യമായത്. വോട്ടവകാശമടക്കമുള്ള സ്വാതന്ത്ര്യത്തിന് പടവുകള്‍ സ്ത്രീകള്‍ നേടിയത് നിയമങ്ങള്‍ വഴിയാണ്. നിയമങ്ങളുണ്ടായാല്‍ കോടതികള്‍ വഴി അവകാശങ്ങള്‍ നേടിയെടുക്കാം. pocso ഒരു ഉദാഹരണം. ദഭോല്‍ക്കര്‍ നിര്‍മ്മിച്ച, അനാചാരങ്ങള്‍ക്കെതിരെയുള്ള നിയമം ഏജന്‍സികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ വ്യക്തത കൊണ്ടുവന്നു എത്രയെത്ര കാര്യങ്ങള്‍, സ്ത്രീകളെയും കുട്ടികളെയും പൊതുവേ എല്ലാവരെയും ബാധിക്കുന്നവ ഇനിയും കാത്തു കിടക്കുന്നു.
ലോകത്തെ ഒന്നായി വീക്ഷിക്കുവാനും രാജ്യങ്ങള്‍ക്ക് അതീതമായി എല്ലാ മനുഷ്യരെയും ബാധിക്കുന്ന കാര്യങ്ങളില്‍ നിയമങ്ങളും ക്രമങ്ങളും കൊണ്ടുവരുവാനും അതിനുവേണ്ടി സംഘടനകള്‍ ഉയര്‍ത്തുവാനും ഉള്ള യത്‌നങ്ങള്‍ക്ക് ആക്കം കിട്ടിയത്, രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും സമാനതകളില്ലാത്ത ഹിംസയ്ക്കും അക്രമങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കഴിഞ്ഞ നൂറ്റാണ്ടിലാണ്. ഐക്യരാഷ്ട്രസംഘടന, ലോകാരോഗ്യസംഘടന, മനുഷ്യാവകാശ ചാര്‍ട്ടര്‍ ഇങ്ങനെയിങ്ങനെ. നിയമങ്ങള്‍ ലംഘിച്ചവര്‍ ധാരാളമുണ്ടായിരുന്നു പക്ഷേ നിയമങ്ങള്‍ ഉണ്ടായി എന്നത് ചെറിയ കാര്യമല്ല, ലോകത്തിന്റെ തലത്തില്‍.
നമ്മുടെ നാട്ടില്‍ നിയമങ്ങള്‍ വഴിയുണ്ടായ സാംസ്‌കാരിക മുന്നേറ്റത്തിന് രണ്ട് ശതാബ്ദങ്ങളുടെ പ്രായമുണ്ട്. ഭാഗ്യത്തിന് മറ്റ് കൊളോണിയലിസ്റ്റുകളെ അപേക്ഷിച്ച് കൂടുതല്‍ സിവിലൈസ്ഡ് ആയിരുന്നു നമ്മുടെ ഭരണകര്‍ത്താക്കള്‍. സതി, പെണ്‍ ശിശുഹത്യ, ബാല്യവിവാഹം തുടങ്ങിയ അനാചാരങ്ങള്‍ക്കും അടിമത്തത്തിനും എതിരെ അവര്‍ നിയമങ്ങള്‍ കൊണ്ടുവന്നു. നിയമങ്ങള്‍ വഴിയേ ഇതൊക്കെ സാധിക്കുമായിരുന്നുള്ളൂ. ജാതി വിവേചനത്തിന്റെ വേരുകള്‍ മുറിക്കുന്ന ക്ഷേത്രപ്രവേശന നിയമങ്ങള്‍ വഴി ചില രാജാക്കന്മാരും അവരുടെ കൂടെ കൂടി. ഈ പരിഷ്‌കാരങ്ങളുടെ momentum സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ നിലനിര്‍ത്തിയോ എന്നത് ആലോചിക്കേണ്ട കാര്യമാണ്.
പൂര്‍ണമായും അങ്ങനെ പറയാന്‍ പറ്റുമോ? എഴുപതു വര്‍ഷത്തെ സ്വാതന്ത്ര്യ ചരിത്രം പരിമിതികളുണ്ടെങ്കിലും മുന്നോട്ടു തന്നെയാണ് പോവുന്നത്.
പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നില്ലെന്നില്ല. ജാതിവിവേചനം കുറ്റകരമാക്കുന്ന നിയമമുണ്ടായി. ഹിന്ദുകോഡ് നിയമം വന്നു. ബഹുഭാര്യത്വം നിര്‍ത്തി, സ്ത്രീധനം നിരോധിച്ചു, ഹ്യൂമന്‍ റൈറ്റ്‌സ് വിമെന്‍സ് റൈറ്റ്‌സ് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് കമ്മീഷനുകള്‍ ഉണ്ടായി. പക്ഷേ സ്വാതന്ത്ര്യത്തിനു മുന്‍പ് എന്നപോലെ പിന്‍പും പരിഷ്‌കരണങ്ങള്‍ ഹിന്ദുക്കളില്‍ ഒതുങ്ങി. രണ്ടാമത്തെ വലിയ മതവിഭാഗമായ മുസ്‌ലീമുകളെ വകഞ്ഞുമാറ്റി പോയി. യൂണിഫോം സിവില്‍ കോഡ് ഇന്നും ദൂരെയാണ്. ബഹുഭാര്യത്വം, നിയമാനുസൃതമല്ലാത്ത വിവാഹമൊഴിയല്‍, എഫ്.ജി.എം, എം.ജി.എം, ബാലവേല, ബാല്യവിവാഹം, മൃഗബലി, ശൂലം കയറ്റല്‍, തൂക്കം, കുത്തിയോട്ടം, പര്‍ദ്ദ എല്ലാം തുടരുന്നു. ശിക്ഷാനിയമത്തിലെ കാലഹരണപ്പെട്ട സെക്ഷനുകള്‍ പലതും തുടരുന്നു. എല്ലാത്തിനും കോടതിയുടെ അടുത്തു പോകേണ്ടിവരുന്നു. ലെജിസ്ലേറ്റീവ് ചെയ്യേണ്ട കാര്യങ്ങള്‍ക്ക് പോലും.
ലോകത്തെ ഏറ്റവും മികച്ച ഭരണവ്യവസ്ഥ ജനാധിപത്യം തന്നെയാണ്. സമൂഹത്തേയും വ്യവസ്ഥയേയും നവീകരണത്തിന്റെ പാതയില്‍ത്തന്നെയാണ് അത് ചലിപ്പിച്ചിട്ടുള്ളതും. പക്ഷേ ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയ കാലാവസ്ഥയെ ജനാധിപത്യ വ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറ്റാത്തീര്‍ക്കാന്‍ തീവ്രവലതുപക്ഷം ശ്രമിക്കുന്നുണ്ട്. എന്നാല്‍ അതിനെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെ നടക്കുന്നുമുണ്ട്.
ജനാധിപത്യം പരാജയപ്പെട്ടുവെന്ന് പറയാനാവില്ല പക്ഷേ…
എന്താണ് ജനാധിപത്യം? എവിടെനിന്നോ വന്നുപെട്ട ഒരു സംഭവമല്ല അത്. മനുഷ്യസമൂഹം അതിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ രൂപപ്പെടുത്തിക്കൊണ്ടുവന്ന സാംസ്‌കാരിക മൂല്യങ്ങളുടെ ഉത്പന്നമാണ് അത്. നീതിക്കുവേണ്ടിയുള്ള മോഹം, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ദാഹം, അറിവിനുവേണ്ടിയുള്ള ആഗ്രഹം, ഇങ്ങനെയുള്ള ഒരുപാട് ചാലക ശക്തികള്‍ ആണ് മൂല്യങ്ങളെ രൂപപ്പെടുത്തുന്നത്. ആശയങ്ങളുടെ തലത്തില്‍ മാത്രം നിലനിന്നിരുന്ന മൂല്യങ്ങള്‍ക്ക് ആധികാരികതയും പ്രവര്‍ത്തനശേഷിയും പ്രദാനം ചെയ്യുക, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അതിനെ സാധ്യമാക്കിയ മൂല്യങ്ങളെ പ്രമാണ വല്‍ക്കരിക്കുക, എന്ന ഉത്തരവാദിത്വം സ്വാഭാവികമായും ധാര്‍മികമായും ജനാധിപത്യത്തിന്‍മേല്‍ വന്നുചേരുന്നു. ഏത് മൂല്യങ്ങളുടെ സൃഷ്ടിയാണോ ജനാധിപത്യം അവയെ സംരക്ഷിക്കുക മാത്രമല്ല, വികസിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക. ഇതാണ് മൗലികമായ കൃത്യം. ടച്ച് സ്റ്റോണ്‍.
പലതും നിവര്‍ത്തിച്ചിട്ടുണ്ടെങ്കിലും മറിച്ചുള്ള ഉദാഹരണങ്ങളും ഉണ്ട്. ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തിന്റെ ചുമതല പാര്‍ലമെന്റിനാണ്. അതില്‍ വീഴ്ച വരുമ്പോഴാണ് കോടതികള്‍ ഇടപെടുന്നത്. കോടതി സ്വയം നിയമം നിര്‍മ്മിക്കുന്നില്ല. ജനാധിപത്യം സ്വയം രൂപവത്കരിച്ച ആധാരശിലയായ ഭരണഘടനയുടെ വെളിച്ചത്തില്‍ സംഗതികളെ പരിശോധിക്കുക മാത്രമാണ് അതിന്റെ ജോലി. ഇങ്ങനെ വന്ന ചില കാര്യങ്ങളില്‍ കോടതിയുടെ നിരീക്ഷണത്തെ മറികടന്ന് പ്രതിലോമകരമായ നിലപാടെടുക്കുകയും മറിച്ചുള്ള നിയമനിര്‍മാണം ചെയ്യുകയും ചെയ്തിട്ടുണ്ട് പാര്‍ലമെന്റ്. ഷാബാനു കേസ് ഒരു ഉദാഹരണം. ജെല്ലിക്കെട്ട് വേറൊന്ന്. ശബരിമലയുടെ കാര്യത്തില്‍ യാഥാസ്ഥിതികര്‍ ഉദാഹരണമാക്കുന്നത് ഇവയൊക്കെയാണ്.
ഒരു മൈന്റ് സെറ്റിന്റെ കാര്യമെടുക്കൂ. സാമൂഹ്യ പരിഷ്‌കരണത്തില്‍ എന്നും കേന്ദ്രത്തില്‍നിന്നിരുന്ന വിഷയമായിരുന്നു സ്ത്രീ സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമരക്കാലത്ത് നാം സാധാരണ കേട്ടിരുന്ന വാക്കാണ് ഭാരതമാതാവെന്നത്. സ്വാതന്ത്ര്യാനന്തരം ഭാരതമാതാവ് എവിടെയോ അപ്രത്യക്ഷമായി. രാഷ്ട്രത്തിന് ഒരു പുരുഷ സങ്കല്പമാണ് പിന്നീട് നാം കൊടുത്തത്. രാഷ്ട്രപതി. ദേശീയഗാനത്തില്‍ പോലും മാതാവിനെ അല്ല അധിനായകനെയാണ് വാഴിച്ചിട്ടുള്ളത്.
തീര്‍ച്ചയായും ഭരണഘടന ആത്യന്തികമല്ല. ലോകത്തില്‍ ഒന്നും ആത്യന്തികമല്ല. ഭരണഘടനയും പരിഷ്‌കരിക്കാം. പക്ഷേ പരിഷ്‌കരണം മൂല്യങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് വേണം. നീതിയുടെയും ധാര്‍മികതയുടെയും വശത്തുനിന്ന്. അവയെ നിഷേധിക്കുക എന്നാല്‍ അത് നാം നമ്മെത്തന്നെ നിഷേധിക്കുന്നതിന് തുല്യമാണ്. നാം നിര്‍മ്മിച്ച ഭരണഘടനയെ തള്ളിപ്പറയുന്നത് ജനാധിപത്യത്തെയും അതിനെ സാധ്യമാക്കിയ മൂല്യങ്ങളെയും തള്ളിപ്പറയുന്നതിന് തുല്യമാണ് എന്നതുപോലെ.
ശബരിമല വിഷയത്തിലേക്ക് വന്നാല്‍, സതി, ബാല്യ വിവാഹം എന്നിവ പോലുള്ള മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളെ, മൗലികാവകാശങ്ങളെ പാടേ നിഷേധിക്കുന്ന പോലുള്ള ആചാരങ്ങളാണോ യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് ? സതി നിര്‍ത്തലാക്കല്‍ പോലുള്ള പരിഷ്‌കരണങ്ങള്‍ക്ക് ചരിത്രപരമായ ആവശ്യമുണ്ടായിരുന്നു. അത് ഒരു മതത്തിനകത്തെ പരിഷ്‌കരണം എന്നതിനേക്കാള്‍ മനുഷ്യാവകാശപ്രശ്‌നം കൂടിയായിരുന്നു. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന ആചാര പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ അത്തരത്തിലുള്ള ഒന്നാണോ? ആര്‍ത്തവം അശുദ്ധമാണ് എന്ന് നമ്മള്‍ സ്ഥാപിക്കേണ്ടത് ഒരു ക്ഷേത്രത്തിലെ ആചാരത്തെ മുന്‍നിര്‍ത്തി ആവേണ്ടതുണ്ടോ? അത് നമ്മുടെയൊക്കെ വീടുകളില്‍ നിന്ന് തുടങ്ങേണ്ട ഒരു പരിഷ്‌കരണം അല്ലേ? അതിലൊരു വൈരുദ്ധ്യമില്ലേ യഥാര്‍ത്ഥത്തില്‍? പരിഷ്‌കരണം തുടങ്ങേണ്ടത് വീടുകളില്‍നിന്നല്ലേ? ക്ഷേത്രങ്ങളില്‍നിന്ന് അല്ലല്ലോ എന്നതാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം. ആര്‍ത്തവ അയിത്തം വീടുകളില്‍ കര്‍ശനമായി പാലിക്കുന്ന സ്ഥലം കൂടിയാണ് കേരളം. യഥാര്‍ത്ഥത്തില്‍ നിന്ന് നമുക്ക് മാറി നില്‍ക്കാന്‍ കഴിയില്ലല്ലോ?
ആചാരങ്ങള്‍ ഏറെയും ചില മുന്‍വിധികളോ മുന്‍ ആവശ്യങ്ങളോ വെച്ച് തുടങ്ങുന്നവയാണ്. വേറെ എന്തോ ആയിത്തീരുന്നു എന്നത് മറ്റൊരു കാര്യം. ആദി പാപത്തിലെ ആരോപണം തൊട്ട് തുടങ്ങുന്നു സ്ത്രീയുടെ പേരില്‍ അത് പടിഞ്ഞാറ്. പൗരസ്ത്യ വിശ്വാസങ്ങളിലും സ്ത്രീ ചപലയാണ്. സ്വന്തം ചാപല്യത്തെ ന്യായീകരിക്കുവാന്‍ പുരുഷന്‍ അവളെ ചപല എന്നും പ്രലോഭിപ്പിക്കുന്നവളെന്നും വിളിച്ചു. മറ്റുള്ളവരെ പ്രലോഭിപ്പിക്കാതിരിക്കാന്‍ അവളെ അന്തപ്പുരത്തില്‍ അടച്ചിട്ടു. പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിച്ചു. മാലിന്യത്തിന്റെ മുദ്രചാര്‍ത്തി. മരിച്ചാല്‍ കൂടെ മരിക്കണമെന്നോ വേറെ വിവാഹം കഴിക്കരുതെന്നോ നിര്‍ബന്ധിച്ചു. “ആര്‍ത്തവ മാലിന്യം” അതില്‍ ഒന്നായിരിക്കാം.
ബലവാന്‍ ദുര്‍ബലനെ തളച്ചിടുന്നത് വാസ്തവത്തില്‍ അയാളെ ഭയന്നിട്ടാണ്. രാജാവ് കോട്ടകെട്ടി അതിനകത്ത് പാര്‍ക്കുന്നത് ശത്രുക്കളെ എന്നപോലെ സ്വന്തം ജനത്തെയും ഭയന്നിട്ടാണ്.
മാലിന്യ ആരോപണത്തിന് പുറകെ ഒരുപക്ഷേ ആര്‍ത്തവാചരണത്തില്‍ പോസിറ്റീവ് ആയ ഒരു വശവും ഉണ്ടായിരുന്നിരിക്കാം. ശാരീരികമായ ബുദ്ധിമുട്ടുകളും വേദനകളും ഉള്ളപ്പോള്‍ അവര്‍ക്ക് വിശ്രമം വേണമെന്നത്. പ്രസവകാലത്തെ പുലയാചരണം പോലെ. പക്ഷേ ഇതെല്ലാം വ്യക്തിഗത കാര്യങ്ങളാണ്. സുഖമില്ലെന്ന് തോന്നിയാല്‍ ആ വ്യക്തി അന്ന് ജോലിക്ക് പോവില്ല. അത് പ്രസ്തുത വ്യക്തിയുടെ കാര്യം. ദൈവങ്ങള്‍ക്കോ മഹര്‍ഷികള്‍ക്കോ ബ്രഹ്മചാരികള്‍ക്കോ ഓഫീസിലെ പുരുഷന്മാര്‍ക്കോ യുവതികള്‍ ദൗര്‍ബല്യം ആകാം. അത് നിയന്ത്രിക്കേണ്ടത് അവരുടെ പ്രശ്‌നം. അതിന് അവരെ ക്ഷേത്രങ്ങളില്‍നിന്നും ഓഫീസുകളില്‍നിന്നും ബഹിഷ്‌കരിക്കേണ്ടതുണ്ടോ?
പ്രശ്‌നം അപ്പോള്‍ അതൊന്നുമല്ല. ആചാരങ്ങള്‍ എവിടെയോ തുടങ്ങി. ക്ഷേത്രങ്ങളും ഉത്സവങ്ങളും ഒക്കെ പോലെ. പിന്നീട് അവ പലര്‍ക്കും പല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപാധികളായി. സ്ത്രീകളുടെ ആര്‍ത്തവം ഇപ്പോള്‍ ഒരു എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രശ്‌നം ആയതു പോലെ!
ജനാധിപത്യത്തിന്റെ ഒരു ദുഷ്ഫലം അത് ഒരു വലിയ തൊഴില്‍മേഖല സൃഷ്ടിച്ചു എന്നതാണ്. മുമ്പില്ലാതിരുന്നത്. കര്‍ഷകത്തൊഴിലാളികളുടെയും ഫാക്ടറി തൊഴിലാളികളുടെയും പോലെ. ക്രിയാത്മകമായ ഒരു പണിയും ചെയ്യാതെ സുഖ ജീവിതം നയിക്കാനുള്ള ഒരു മേഖല- രാഷ്ട്രീയം. അധികാരം കിട്ടിയാല്‍ സുഖം. പണ്ട് രാജാക്കന്മാര്‍ പിണ്ടാരികളെയും ഠഗുകളെയും അയച്ച് സ്വന്തം ജനങ്ങളെ കൊള്ളയടിപ്പിച്ച് അതിലൊരു പങ്ക് കൈപ്പറ്റിയിരുന്നു. അതുതന്നെ ഇന്നും. അധികാരം കിട്ടിയില്ലെങ്കിലും സുഖം. മുന്‍പ് നേടിയത് ഇന്‍വെസ്റ്റ് ചെയ്തുണ്ടാക്കിയ പണം. പണ്ടൊരു കവി രചിച്ച കാവ്യത്തിലെ കഥാപാത്രം ജനിച്ചതും സഞ്ചരിച്ചിരുന്നതുമായ ഇടങ്ങളിലൊക്കെ ക്ഷേത്രങ്ങള്‍ പണിയുക. ബോംബെയിലെ മലബാര്‍ ഹില്ലില്‍ വരെ രാമന്‍ താമസിച്ചിട്ടുണ്ടായിരുന്നുവത്രേ. ദേവസ്വങ്ങള്‍, തിരുസഭകള്‍, വഖഫ്… രാഷ്ട്രീയ തൊഴിലാളികള്‍ക്ക് ഫാക്ടറികള്‍ ഏറെ. വിഷയങ്ങള്‍ ദൈവങ്ങളുടെ ബ്രഹ്മചര്യവും നാട്ടിലെ സ്ത്രീകളുടെ ആര്‍ത്തവവും വരെ. എല്ലാം ഭയാനകമായ ഒരു പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറാനാകാതെ ജനങ്ങള്‍ കുടുങ്ങിക്കിടക്കുമ്പോള്‍.
അത് തന്നെയാണ് പ്രശ്‌നം. സമാനതകളില്ലാത്ത ഒരു വലിയ പ്രകൃതിദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്ന ഒരു ജനതയുടെ മുന്‍ഗണനയിലേക്ക് പെട്ടെന്ന് ഒരു ക്ഷേത്രം കടന്നു വരികയാണ്. ആ ക്ഷേത്രത്ത ചുറ്റിപ്പറ്റി മാത്രം നിലനില്‍ക്കുന്ന ഒരു ആചാരം, അതിനെ നമ്മള്‍ പരിഷ്‌കരണത്തിന്റെ തലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ആത്യന്തികമായി മതത്തെ ഉറപ്പിക്കുകയല്ലേ ചെയ്യുന്നത് എന്നതാണ്? മതവാദികളുടെ അജണ്ടയിലേക്ക് പുരോഗമന പക്ഷത്തു നില്‍ക്കുന്നു എന്നു പറയുന്നവര്‍ക്കൊക്കെ ചെന്ന് തലവെച്ച് കൊടുക്കേണ്ടി വന്നില്ലേ?
പരിഷ്‌കരണം അടിത്തട്ടില്‍നിന്ന്, കുടുംബത്തില്‍നിന്ന്, സമൂഹത്തില്‍നിന്ന് എന്നത് നല്ല ആശയമാണ്. പക്ഷേ ആശയം മാത്രം. സമൂഹം സ്വയം പുരോഗമിക്കും ഭൗതികമായ കാര്യങ്ങളില്‍, ഉപകരണങ്ങളുടെ പ്രയോഗത്തില്‍, ഉല്പാദനസമ്പ്രദായങ്ങളില്‍. സാമൂഹ്യമായ പരിഷ്‌കരണം സാധിച്ചെടുക്കുന്നത് ഉദ്ബുദ്ധരായ വ്യക്തികളാണ്, ചെറിയ ഗ്രൂപ്പുകളാണ് പതാകവാഹകര്‍. പീഡിതരും അടിമകളും ഒരു മയക്കത്തിലായിരുന്നു, ഒരു യഹശൈല്‍. യജമാനന്മാരും അവരുടേതായ യഹശൈല്‍. അടിമത്തസമ്പ്രദായത്തില്‍, പരിഷ്‌കൃതരെന്ന് കരുതപ്പെട്ട യൂറോപ്യന്‍ യജമാനന്മാരും തെറ്റൊന്നും കണ്ടിരുന്നില്ല. നമ്മുടെ ബ്രാഹ്മണരെ പോലെ. തങ്ങളുടെതന്നെ വംശജരായിരുന്നു തങ്ങളെ അടിമകളാക്കി വെച്ചിരുന്നത് എന്നും വെള്ളക്കാര്‍ക്ക് വിറ്റിരുന്നത് എന്നും അടിമയുടെ ആത്മകഥ എഴുതിയ ഇക്വിയാനോ പറയുന്നു. വിയോജിച്ചിരുന്ന വെള്ളക്കാരെയും തങ്ങളെയെന്നപോലെ കെട്ടിയിട്ട് അടിക്കുകയും കടലിലേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു ഉടമകള്‍. അടിമക്കച്ചവടത്തിന് എല്ലാതരം മാനുഷിക ഭാവനകളേയും ദുഷിപ്പിക്കാനുള്ള കഴിവുണ്ടെന്നും അടിമ കച്ചവടക്കാര്‍ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരായി ജനിച്ചവര്‍ അല്ലെന്നും ദുരാഗ്രഹം വരുത്തിവയ്ക്കുന്ന ദുര്‍വിധിയാണ് കാരുണ്യത്തിന്റെ പാലിനെ കയ്പുനീരാക്കി മാറ്റുന്നതെന്നും അദ്ദേഹം പറയുന്നു. വേറെ പണികളാണ് ചെയ്തിരുന്നതെങ്കില്‍ ഈ മനുഷ്യര്‍ ഇപ്പോള്‍ എത്രയും ക്രൂരന്മാരാണോ അത്രതന്നെ കുലീനരും ദയാലുക്കളും ആയേനെ എന്നും.
ഓടി രക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന അടിമകള്‍ ഡ്രെപ്‌ടോമാനിയ എന്ന ഒരു രോഗത്താല്‍ ബാധിതരാണെന്നാണ് അന്നത്തെ അമേരിക്കയിലെ ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. “താഴ്ന്ന” ജാതിക്കാര്‍ ജൈവശാസ്ത്രപരമായി വ്യത്യസ്തരാണ് എന്നാണല്ലോ ഇന്ത്യയിലും കരുതപ്പെട്ടിരുന്നത്. അഞ്ച് മില്യന്‍ ജനസംഖ്യ ഉണ്ടായിരുന്ന ബെല്‍ജിയം കോംഗോയിലെ എട്ട് മില്യന്‍ കറുത്തവരുടെ ജീവനെടുത്ത കഥയുടെ സാക്ഷികളായിരുന്ന ബുദ്ധിജീവികള്‍ കോണ്‍റാഡും കേസ്‌മെന്റും മോറെലും സ്ഥാപിച്ച congo റിഫോം അസോസിയേഷന്‍ ആയിരുന്നു ഒരുപക്ഷേ ചരിത്രത്തിലെ ആദ്യത്തെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന. ലോകമെമ്പാടുമുള്ള ബുദ്ധിജീവികള്‍ അതില്‍ പങ്കാളികളായി.
അടിത്തട്ടില്‍ നിന്നുള്ള പരിഷ്‌കരണവും ബോധവല്‍ക്കരണവും നല്ലതാണ്. വേണംതാനും. പക്ഷേ അതുകൊണ്ടായില്ല ജനവികാരം എന്ന് നേതാക്കന്മാര്‍ പറയുന്നത് വേറൊരു വഴിക്കാണ് പോകുക. അതിനെ മാനിച്ചിരുന്നുവെങ്കില്‍ ചാതുര്‍വര്‍ണ്യം ഇന്നും നില നിന്നേനെ. സ്ത്രീ അന്തപ്പുരത്തില്‍ കഴിഞ്ഞേനെ. അത് അരുത് എന്ന് കരുതിയ ചിലര്‍ “”ജനവികാരത്തെ”” മാനിക്കാതെ മുന്‍പില്‍ വന്നു. റോജര്‍ കേസ്‌മെന്റിന്റെ പ്രസിദ്ധമായ വാക്യം: we all on earth have a commission and right to defend the weak against the strong and to protest against the brutality in any shape or form.
എല്ലാ മതത്തിലുമുള്ള അനാചാരങ്ങളെ ചോദ്യം ചെയ്യണം എന്ന് താങ്കള്‍ പറഞ്ഞല്ലോ? മതങ്ങളുടെ നിലനില്‍പ്പുതന്നെ ഒരര്‍ത്ഥത്തില്‍ ആചാരങ്ങളുടേയും അതിന്റെ പൗരോഹിത്യ വ്യാഖ്യാനങ്ങളുടേയും അടിസ്ഥാനത്തിലാണ്. ആ അര്‍ത്ഥത്തില്‍ മതത്തിന്റെ അടിസ്ഥാനത്തെ തന്നെ, നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യേണ്ടി വരും.
ഇതെന്നെ ഞാന്‍ ആദ്യം പറഞ്ഞ സംഗതിയിലേക്ക് കൊണ്ടുപോകുന്നു സംസ്‌കാരത്തിന്റെ യാത്രയിലെ രണ്ട് വസ്തുതകളായ പുതിയ ഇടങ്ങള്‍ തേടലും വഴിയില്‍ ഉറച്ചുപോകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യലുമാണ് ആദ്യം പറഞ്ഞത്. അതിനപ്പുറം ഒന്നുകൂടിയുണ്ട്. കൗണ്ടര്‍ കള്‍ച്ചര്‍ എന്നോ പ്രതിസംസ്‌കാരമെന്നോ വിളിക്കാവുന്ന ഒന്ന്. അത് നേരെ സംസ്‌കാരത്തെ എതിര്‍ക്കുന്നു, ആക്രമിക്കുന്നു, ഹനിക്കുന്നു. നിരര്‍ത്ഥകമായ ക്രൂരത (ക്രൂരതയ്ക്ക് വേണ്ടിയുള്ള ക്രൂരത ) ഒരു ക്ലിനിക്കല്‍ പ്രശ്‌നമാകാം. പക്ഷേ സ്വാര്‍ത്ഥത അങ്ങനെയല്ല, അധികാര വാഞ്ചയും. നേരിട്ടുള്ള ആക്രമണ ശക്തികളിലേക്ക് നമുക്ക് വ്യവസ്ഥാപിത മതങ്ങളെയും പെടുത്താം. അധികാരവാഞ്ച, സ്വാര്‍ത്ഥത, അകാരണമായ ക്രൂരത. അന്ധത എല്ലാം വ്യവസ്ഥാപിത മതത്തില്‍(Institutionalized religion) കുടികൊള്ളുന്നു.
യൂറോപ്പില്‍ മതങ്ങളെ കയ്യൊഴിയുകയാണ് എന്നാണല്ലോ പഠനങ്ങള്‍? ഇന്ത്യന്‍ സാഹചര്യം മറിച്ചും. മതത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു.
വ്യവസ്ഥാപിത മതങ്ങളിലെ നെഗറ്റീവ് സ്വഭാവങ്ങളെ നമുക്ക് പലവിധത്തില്‍ തിരിച്ചറിയാം. മൗലികവാദം(fundamentalism), തീവ്രവാദം(fanatieism), വര്‍ഗ്ഗീയവാദം(communalism), പുനരുത്ഥാന വാദം (revivalism) ഇങ്ങനെയിങ്ങനെ. കഴിഞ്ഞ നൂറ്റാണ്ടിലേക്ക് നോക്കാം. ലോക വ്യവസ്ഥയെ തകിടം മറിച്ച രണ്ടു യുദ്ധങ്ങള്‍. ആദ്യത്തേതിന്റെ അവസാനം ആശാവഹമായ മൂന്ന് സംഗതികള്‍ പുറത്തുവന്നു. ജനാധിപത്യമെന്ന ആശയത്തിന്റെ പോപ്പുലാരിറ്റി, ചൂഷിതരായ ജനങ്ങള്‍ക്കുമുമ്പില്‍ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തിയ റഷ്യന്‍ വിപ്ലവം, പിന്നെ ലോകമെമ്പാടുമുള്ള മുസ്‌ലീമുകള്‍ ഒരു രാഷ്ട്രമാണ് എന്ന് സങ്കല്പത്തില്‍ സ്ഥാപിതമായ ഓട്ടോമന്‍ സല്‍ത്തനത്തിന്റെ പതനം. സല്‍ത്തനത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കി സ്വയം ഒരു സെക്യുലര്‍ സ്റ്റേറ്റായി. ലോകത്തിലെ ആദ്യത്തെ പ്രഖ്യാപിത സെക്കുലര്‍ സ്റ്റേറ്റ്! കാല്‍നൂറ്റാണ്ടിനുശേഷം രണ്ടാം യുദ്ധം അവസാനിച്ചതോടെ രണ്ട് പ്രഖ്യാപിത മത രാഷ്ട്രങ്ങള്‍ ജന്മംകൊണ്ടു. ഇസ്രായേലും പാകിസ്ഥാനും. റഷ്യന്‍ കമ്മ്യൂണിസം തന്നെ മതത്തിന്റെ രൂപമാര്‍ജിച്ച് അവിശ്വാസികളെ വേട്ടയാടാന്‍ തുടങ്ങി. അവിടെയും നിര്‍ത്താതെ ഒരു കമ്മ്യൂണിസ്റ്റ് സല്‍ത്തനത്ത് യൂറോപ്പില്‍ സ്ഥാപിച്ചു! അതില്‍പിന്നെ മതങ്ങളുടെ മാര്‍ച്ച് മുന്നോട്ടു തന്നെയായിരുന്നു ലോകം മുഴുവന്‍. മതങ്ങളുടെ കാര്‍ണിവലാണ്. തീവ്രവാദം ഫണ്ടമെന്റലിസത്തിലേക്ക് കൂപ്പുകുത്തി. ഭീകരവാദം എന്ന ഒരു പുതിയ പ്രതിഭാസം അവതരിച്ചു. ഭീകരവാദം, കൂട്ടക്കൊലകള്‍, വംശഹത്യകള്‍, അഭയാര്‍ത്ഥിപ്രവാഹങ്ങള്‍. ഇസ്‌ലാമും ഹിന്ദുമതവും മാത്രമല്ല, ബുദ്ധമതം പോലും. യൂറോപ്പിലെ കുറച്ചു പ്രദേശങ്ങളില്‍ മതം ദുര്‍ബലമായാല്‍ എന്ത് വ്യത്യാസം? പ്രതിസംസ്‌കാരം ഒരു കൊടുങ്കാറ്റിന്റെ രൂപം കൊള്ളുകയാണ്.
ഇന്ത്യയില്‍ ഇരുന്ന് നോക്കുമ്പോള്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വത്തെയും പൊളിറ്റിക്കല്‍ ഇസ്‌ലാമിനെയും ഒരേപോലെ കാണുന്നത് ശരിയാണോ? ഒരു പത്തിരുപത് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ തീവ്രവാദ പ്രവര്‍ത്തനം എന്ന പേരില്‍ നടന്നിട്ടുള്ള ഒരു പാട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ കാണാം. അതൊക്കെ നടന്ന സമയത്ത് മുസ്‌ലിം സംഘടനകളിലാണ് അതിന്റെയൊക്കെ ഉത്തരവാദിത്തം ചാര്‍ത്തിക്കൊടുക്കപ്പെട്ടിട്ടുള്ളത്. പക്ഷേ കാലം മുന്നോട്ട് പോകുന്നു, ഈ തീവ്രവാദ ആക്രമണ കേസുകളുടെയൊക്കെ അന്വേഷണം നടക്കുന്നു. ഹിന്ദുത്വ തീവ്രവാദികളാണ് ഭൂരിപക്ഷം കേസുകളിലും പ്രതികള്‍ എന്നാണ് അന്വേഷണങ്ങളില്‍ തെളിയുന്നത്.
പൊളിറ്റിക്കല്‍ ഇസ്‌ലാമിനെത്തന്നെയാണ് പൊളിറ്റിക്കല്‍ ഹിന്ദുത്വവും അനുകരിക്കുന്നത്. നമ്മുടേത് ഭരണഘടനാപരമായി ഒരു സെക്കുലര്‍ സ്റ്റേറ്റ് ആണ്. മതത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. ഈയിടെ കേരളത്തിലെ ഒരു നിയമസഭാംഗത്തിനെ ആ കാരണത്താല്‍ കോടതി പുറത്താക്കി. പക്ഷെ മതത്തിന്റെ പേരില്‍ തുറന്നു മത്സരിക്കുന്ന പ്രഖ്യാപിത ഹിന്ദുത്വ കക്ഷിയാണ് രാജ്യം ഭരിക്കുന്നത്. മത സംജ്ഞകളില്‍ മാത്രം സ്ഥാപിതമായ കക്ഷികള്‍ വേറെയുമുണ്ട്. അകാലിദള്‍, മുസ്‌ലിംലീഗ്.
ശബരിമല വിഷയത്തില്‍ ഭരണഘടന ബാധ്യത നിറവേറ്റാനായി സര്‍ക്കാര്‍ എടുത്ത നിലപാടുകളെ എങ്ങനെയാണ് കാണുന്നത്?
ഈ വിഷയത്തില്‍ കേരളത്തിലെ ഭരണകക്ഷി ഒരു നിലപാട് എടുത്തതായി കാണുന്നു. പക്ഷേ ഇതുപോലെ മറ്റു പലകാര്യങ്ങളിലും അവര്‍ നിലപാട് എടുത്തതായി കണ്ടിട്ടില്ല. ഇതില്‍ തന്നെ എത്രകാലം എന്നുമറിയില്ല. ഇസ്‌ലാമിക ദേവാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമില്ല. സ്ത്രീ ബാങ്ക് വിളിച്ചതായി കാണിക്കുന്ന നാടകം ഇന്ന് തടഞ്ഞുവച്ചിരിക്കുന്നു. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഇടതുപക്ഷ ഗവണ്‍മെന്റ് അദ്ദേഹത്തെയാണ് അറസ്റ്റ് ചെയ്തത്. ക്രിസ്തുവിനെ ആറാം തിരുമുറിവ് നിരോധിച്ചു. തസ്ലീമ നസ്‌റീനെ ബംഗാളില്‍ നിന്ന് പുറത്താക്കി. പലതുമുണ്ട് പറയാനായി.
Turn_ Coat കള്‍ എല്ലാവരും. Turn-quoലേകളും. എവിടേക്കാണ് നിങ്ങള്‍ നോക്കുക? From pig to man and from man to pig and again from pig to man.
ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ മുഖ്യധാരാ മാധ്യമങ്ങള്‍ എടുത്ത പ്രതിലോമകരമായ നിലപാടുകളും ഇതോടൊപ്പം വിമര്‍ശിക്കപ്പെടേണ്ടതുണ്ട്.
മാധ്യമങ്ങളുടെ കാര്യമാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. വിശേഷിച്ചും പ്രിന്റ് മീഡിയ. ലജ്ജാകരമായ പ്രകടനങ്ങളേയും അതിലും ലജ്ജാകരമായ നേതാക്കന്മാരുടെ സുവിശേഷങ്ങളേയും അവര്‍ ആഘോഷിക്കുകയും കൊണ്ടാടുകയാണ്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം വീടും കുടിയും നഷ്ടപ്പെട്ടവര്‍ വഴിയാധാരമായിരിക്കെ, വാര്‍ത്തകളും തലക്കെട്ടുകളും ക്ഷേത്രങ്ങളെയും പള്ളികളെയും മസ്ജിദുകളേയും ദൈവങ്ങളുടെ ബ്രഹ്മചര്യത്തേയും ആള്‍ദൈവങ്ങളുടെ പ്രവചനങ്ങളെയും കുറിച്ചായി. മലയാളഭാഷ തന്നെ മാറി. ജനാധിപത്യം, സെക്യുലറിസം, സോഷ്യലിസം തുടങ്ങിയ വാക്കുകളൊക്കെ പോയ് മറഞ്ഞു. പകരം ദേവസ്വം, തന്ത്രി, രാജാവ് തുടങ്ങിയവ അവതരിച്ചു. ചെറിയ ക്ഷേത്രം ഉയര്‍ത്തിയ ഓജസ്സില്‍ വലിയ ക്ഷേത്രത്തിന്റെ മൈനാകം വീണ്ടും ഉയര്‍ന്നു വന്നിരിക്കുന്നു. പാപഭാരം കൊണ്ട് നശിച്ചുവെന്നും കാട് എടുത്തുവെന്നും ആദികവി വിവരിച്ച അയോധ്യ ഇന്ന് പുണ്യസ്ഥലമാണ്.
പത്രങ്ങള്‍ ഭയക്കുന്നത് രണ്ട് നിയമങ്ങളെ ആണെന്ന് തോന്നുന്നു. തെരുവിലെ നിയമത്തെയും ലാഭനഷ്ടങ്ങളുടെ നിയമത്തെയും. രണ്ടിടത്തും പത്രധര്‍മ്മം മനസ്സിലാക്കുന്ന പത്രം ചെയ്യേണ്ടത് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പക്ഷേ അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അടിയറവ് പറയുന്നു, മാപ്പു ചോദിക്കുന്നു. വലിയ പാരമ്പര്യമുള്ള നമ്മുടെ രണ്ട് പത്രങ്ങള്‍ അടുത്തകാലത്ത് അതാണ് ചെയ്തത്. യേശുവിനെ തറച്ച കുരിശിനെ പൊന്‍കുരിശ് ആക്കിയ സഭയ്ക്കും ശ്രീനാരായണഗുരുവിനെ കൈവെടിഞ്ഞ സംഘത്തിനും മുമ്പില്‍ ഒരു പത്രം. തെരുവിലെ ഗുണ്ടകള്‍ക്കു മുന്‍പില്‍ രണ്ടാമത്തേത്. ലാഭനഷ്ടങ്ങളുടെ കാര്യത്തില്‍ വരിക്കാരെ മാത്രമല്ല സ്വര്‍ണക്കടക്കാരെയും അവര്‍ ഭയക്കുന്നു. വരിക്കാരെ സൃഷ്ടിക്കുകയാണ് നല്ല പത്രങ്ങള്‍ ചെയ്യുക, ആര്‍ജ്ജവവും സത്യസന്ധതയും വഴി.
മതനിന്ദയുടെ പേരില്‍ ഒരു സ്ത്രീ കേരളത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. രഹ്ന ഫാത്തിമ. സെക്കുലറിസത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ഭരണഘടന നിലനില്‍ക്കുന്ന സ്ഥലത്ത് ബ്ലാസ്‌ഫെമിയെ എങ്ങനെയാണ് പുരോഗമന സമൂഹവും നിയമ വ്യവസ്ഥയും കാണേണ്ടത്?
ഈ അടുത്ത കാലത്ത് ഒട്ടനവധി കോടതി വിധികള്‍ ഉണ്ടായി. പുരോഗമനം എന്ന് തന്നെ പറയാവുന്നത്. സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതായി. വിവാഹേതര ലൈംഗിക ബന്ധത്തില്‍ പുരുഷന്‍ മാത്രം കുറ്റവാളിയാവുന്ന നിയമം റദ്ദാക്കി. ഈ കാലത്ത് തന്നെയാണ് “മതനിന്ദ ” എന്ന നിര്‍വചിക്കാനാവാത്തതോ നിര്‍വചിക്കേണ്ടതില്ലാത്തതോ ആയ ഒരു കൃത്യത്തിന്റെ പേരില്‍ ഒരാള്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്.
പത്രങ്ങള്‍ ഭയക്കുന്ന നിയമങ്ങള്‍ക്കൊപ്പം കാണാം ഭരണാധികാരികള്‍ നമ്മളെ ഭയപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഏട്ടിലെ നിയമങ്ങളുടെ തന്നെ നിയമം. അതിലൊന്നാണ് IPC 295 മത വികാരങ്ങളെ വ്രണപ്പെടുത്തല്‍. ജനാധിപത്യ സംസ്‌കാരം ലഘൂകരിക്കുകയോ വെട്ടിക്കളയുകയോ ചെയ്യേണ്ടിയിരുന്നത്. പകരം ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ശിക്ഷ കൂട്ടുകയുമാണ് ജനാധിപത്യ ഗവണ്‍മെന്റ് ചെയ്തത് IPC 295A കൂട്ടിച്ചേര്‍ത്ത്. ഈ നിയമത്തെ PPC 295 ആയും PPC 295 C യുംകൊണ്ടുവന്ന് മതനിന്ദക്ക് വധശിക്ഷ നിര്‍ബന്ധമാക്കുകയും ചെയ്തു പാക്കിസ്താന്‍ ഗവണ്‍മെന്റ്. നമ്മളും ആ വഴിക്കാണ് പോകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് ഗവണ്‍മെന്റ് ബി.ജെ.പിയ്ക്കും മുന്നില്‍ കയറി ഈയിടെ അത് ആവശ്യപ്പെട്ടു.
തീരെ ഉപയോഗിക്കാതിരിക്കുകയും ഉപയോഗിക്കുകയാണെങ്കില്‍ ശ്രദ്ധയോടെ മൈന്‍ഡ് അപ്ലൈ ചെയ്തു മാത്രം ഉപയോഗിക്കുകയും ചെയ്യേണ്ട അപകടകാരിയായ ഒന്ന്. പൊലീസും കീഴ് കോടതികളും ഇതൊന്നും ചെയ്യുന്നില്ല. നവോത്ഥാനത്തെ ഉദ്ധരിക്കുന്ന കേരള ഗവണ്‍മെന്റ് എന്തിനാണ് രഹന ഫാത്തിമയുടെ നേരെ ഇതുവഴി കേസെടുത്തതെന്ന് മനസ്സിലാകുന്നില്ല. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ അത്? ഒഡീഷ ഗവണ്‍മെന്റ് അയ്യര്‍ മിത്ര എന്നയാളുടെ പേരില്‍ ഫയല്‍ ചെയ്ത കേസ് ഈയിടെ പിന്‍വലിക്കുകയുണ്ടായി. കേരള സര്‍ക്കാരിന് ഇത് മാതൃകയാക്കി കൂടെ?
ഇന്‍ക്വിസിഷന്‍ കാലത്ത് പറയാറുണ്ട് ഏതു മനുഷ്യനെയും ഒന്ന് ചുരണ്ടിയാല്‍ ഒരു ഹെററ്റിക്കിനെ കാണാമെന്ന്. ചോദ്യം ചെയ്യലാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. വിശ്വാസികളല്ല ഹെറെറ്റിക്കുകളാണ് കാലത്തിന്റെ ചക്രത്തെ തിരിച്ചിട്ടുള്ളത്. ഇന്ന് ആരാധിക്കപ്പെടുന്ന ദിവ്യന്മാരും അവരുടെ കാലത്ത് ബ്ലാസ്‌ഫെമേഴ്‌സ് ആയിരുന്നു. ആ വിധത്തില്‍ ബ്ലാസ്‌ഫെമി മനുഷ്യാവകാശങ്ങളില്‍ ഒന്നാകേണ്ടതല്ലേ?
സുപ്രീംകോടതി ഈയിടെ പീനല്‍കോഡിലെ ചില സെക്ഷനുകള്‍ റദ്ദാക്കി. പുന:പരിശോധിക്കേണ്ട സെക്ഷനുകള്‍ പലതുമുണ്ട് ഇനിയും. 124 അ, 153 അ, 292, 293, 295 ഇങ്ങനെ 150 കൊല്ലം മുന്‍പ് രചിച്ചതാണ് കാലമെത്ര മുന്നോട്ടുപോയി.
ആള്‍ക്കൂട്ടത്തിന്റെ ഹിംസയ്ക്ക് സമീപകാല ചരിത്രത്തില്‍ ഒരു പാട് ഉദാഹരണങ്ങളുണ്ട്. സംഘ പരിവാറിന്റെ വയലന്‍സ് കേരളത്തിലും പരിചിത കാഴ്ചയായി മാറുകയാണ്.
വര്‍ഗീയലഹളകള്‍ നമുക്ക് പുതിയതല്ല. അതിന്റെ ജനകീയമാക്കിയ പുതിയ പതിപ്പുകളാണ് ആള്‍കൂട്ടകൊലകള്‍. ഒരുപക്ഷേ കൂടുതല്‍ ആഴമേറിയതും ക്രൂരവും. കാരണം കൂട്ടക്കൊലയില്‍ ഇര കൃത്യമായി അറിയുന്ന വ്യക്തിയാണ്. ഫാസിസം എന്ന പേരില്‍ നാം മനസ്സിലാക്കുന്ന അവസ്ഥയുടെ ഫാക്ടറികളാണ് അവ. രാഷ്ട്രീയകക്ഷികളും ഭരണകൂടം തന്നെയും ഇളക്കിവിടുന്ന സംഘടനകള്‍ കൂടുതല്‍ ശക്തവും വ്യാപകമാകുമ്പോള്‍ ഭരണകൂടം തന്നെ അകത്തുനിന്ന് തകരും. അപമാനവീകരിക്കപ്പെട്ട മനസ്സുകള്‍ പെരുകുന്നു. അയന്‌ണെ സ്‌കോവിന്റെ തൊള്ളായിരത്തി മുപ്പതുകളിലെ യൂറോപ്പിന്റെ പശ്ചാത്തലത്തിലെ rhinoceros നാടകത്തില്‍ എന്നപോലെ. ചുറ്റുമുള്ള മനുഷ്യര്‍, സുഹൃത്തുക്കളും ബന്ധുക്കളും അടക്കം ഓരോരുത്തരായി, പെട്ടെന്ന് കാണ്ടാമൃഗം ആയിമാറി, കൊമ്പുയര്‍ത്തി മുരണ്ടുകൊണ്ട് ഓടുവാന്‍ തുടങ്ങുന്നു ” അതിലെ മുഖ്യകഥാപാത്രത്തിന്റെ മുന്നില്‍.
കവര്‍ചിത്രം കടപ്പാട്: നിഖില്‍ കാരാളി