'പിണറായി വിജയന്‍ തോളത്ത് തോര്‍ത്തുമുണ്ടിട്ട് ഇറങ്ങുകയൊന്നും വേണ്ട ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍'; ജിഷ്ണുവിന്റെ അമ്മയെക്കെതിരായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് മനില സി. മോഹന്‍
Kerala
'പിണറായി വിജയന്‍ തോളത്ത് തോര്‍ത്തുമുണ്ടിട്ട് ഇറങ്ങുകയൊന്നും വേണ്ട ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍'; ജിഷ്ണുവിന്റെ അമ്മയെക്കെതിരായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ച് മനില സി. മോഹന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2017, 5:56 pm

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ നീതി തേടി ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയേയും ഒപര്പമുണ്ടായിരുന്നവരേയും പൊലീസ് മര്‍ദ്ദിച്ച സംഭവത്തോടുള്ള പ്രതിഷേധം വ്യാപകമാകുന്നു. സംഭവത്തില്‍ ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പി എഡിറ്റര്‍ മനില സി. മോഹന്‍ രംഗത്തെത്തി.

പഠിക്കാന്‍ പോയ മകന്റെ മരിച്ച ദേഹം കാണേണ്ട വന്ന അമ്മ ഇന്ന് നീതി തേടി പൊലീസ് ആസ്ഥാനത്ത് ചെന്നപ്പോള്‍ ക്രൂരമായാണ് പൊലീസ് ആ അമ്മയോട് പെരുമാറിയത് എന്ന് മനില ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിലത്തു കൂടെ വലിച്ചിഴച്ച് മര്‍ദ്ദിക്കുമ്പോള്‍ “ഞാന്‍ അമ്മയാണ്, അമ്മയാണ്” എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അവര്‍ നിലവിളിക്കുന്നത് അവരുടെ മകനെ മറക്കാന്‍ അവര്‍ക്ക് കഴിയാത്തത് കൊണ്ടാണ്. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ്. അവര്‍ ആരുടെയൊക്കെയോ ഉപകരണമാണെന്ന് പറയുന്ന സഖാക്കളേ, അവര്‍ക്ക് ജിഷ്ണുവിന്റെ അമ്മയാവാന്‍ മാത്രമേ കഴിയൂ എന്ന് നിലത്തിരുന്ന് കൈ ചൂണ്ടി, നീതി വേണമെന്ന് നിലവിളിക്കുന്നത് കാണുമ്പോള്‍ മനസ്സിലാവുന്നില്ലേയെന്നും മനില ചോദിക്കുന്നു.


Don”t Miss: ‘ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍…’; പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധാഗ്നി ആളുന്നു


രോഹിത് വെമുലയുടെ അമ്മയുടേയും നജീബിന്റെ അമ്മയുടേയും നിറഞ്ഞ കണ്ണുകള്‍ കണ്ടിട്ടില്ലേയെന്ന് ചോദിച്ച മനില, പഠിക്കാന്‍ പോയ മക്കള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത പേരറിയാത്ത മക്കളുടെ പേരറിയാത്ത അമ്മമാര്‍ക്കൊക്കെ അത്തരം കണ്ണുകളുണ്ടാവുമെന്നും അവരോട് നിയമത്തിന്റെ മനുഷ്യത്വമില്ലാത്ത സാങ്കേതികതയെക്കുറിച്ചല്ല പറയേണ്ടതെന്നും പറഞ്ഞു.

ജിഷശ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തോളത്ത് തോര്‍ത്തുമുണ്ടിട്ട് ഇറങ്ങുകയൊന്നും വേണ്ട. പഠിക്കാന്‍ പോയ മകന്‍ കൊല്ലപ്പെട്ടത് അറിയാവുന്ന ഒരമ്മയാണത്. അവരുടെ ഓര്‍മകളില്‍ ആ മകനുണ്ട്. അവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്നും അവരെ വിലയ്‌ക്കെടുക്കാന്‍ ആവില്ലെന്നും കൂടി പറഞ്ഞുകൊണ്ടാണ് മനില സി. മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

മനില സി. മോഹന്റെ ഫേസ്ബുക്ക് പോസ്റ്റിന്റ് പൂര്‍ണ്ണരൂപം:

പഠിക്കാന്‍ പോയ മകനെ പൊലീസ് കൊന്നുകളഞ്ഞതറിയാതെ, മകന്‍ തിരിച്ചു വരുന്നതും കാത്തിരിക്കുന്ന ഒരമ്മയെ നേരിട്ട് കണ്ടിട്ടുണ്ട്. രാജന്റെ അമ്മ രാധയെ. സംസാരിച്ചിട്ടുണ്ട്. ഓര്‍യുടെ വിടവുകളിലൂടെ കൊച്ചുമകള്‍ സബിതയ്‌ക്കൊപ്പം അവര്‍ പാടിയത് കേട്ടിരുന്നിട്ടുണ്ട്. സബിത അടുത്ത സുഹൃത്താണ്. ക്ലാസ്‌മേറ്റ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് എറണാകുളത്തെ വീട്ടില്‍ അവരെ കാണാന്‍ പോയത്. ആ അമ്മയുടെ ഓര്‍മകളില്‍ രാജന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ രാജന്റെ കല്യാണത്തിന് ഒരുങ്ങുകയായിരുന്നു. അവരെന്നോട് പറഞ്ഞു, “രാജന്റെ കല്യാണമാണ്, മോളും വരണം”. രണ്ട് പതിറ്റാണ്ട് പിന്നിട്ടിരുന്നു അന്ന് രാജന്‍ കൊല്ലപ്പെട്ടിട്ട്. ഇരുപത് വര്‍ഷങ്ങള്‍ കാണാതിരുന്നിട്ടും അമ്മ മകനെ മറന്നില്ല. അവര്‍ രാജനെ മാത്രമേ മറക്കാതിരുന്നുള്ളൂ. അവര്‍ നീതി തേടി തെരുവിലിറങ്ങിയില്ല. മകനെ കൊന്നുകളഞ്ഞത് അവര്‍ക്ക് അറിയില്ലായിരുന്നു.
അച്ഛന്‍ ഈച്ചരവാര്യര്‍ മകനെ അന്വേഷിച്ച് ലോകം മുഴുവന്‍ നടന്നിട്ടുണ്ട് ആ അമ്മയറിയാതെ. മകനെ കാണാനില്ലെന്ന് പരാതി പറയാന്‍ ചെന്നപ്പോള്‍ “ഒരു തോര്‍ത്തുമുണ്ടും തോളിലിട്ട് ഞാനിറങ്ങണോ തന്റെ മകനെ അന്വേഷിച്ച് ” എന്ന് മുഖ്യമന്ത്രിയും പഴയ സുഹൃത്തുമായ സി. അച്ചുതമേനോന്‍ ചോദിച്ചതിനെക്കുറിച്ച് ഈച്ചരവാര്യര്‍, എപ്പോഴും വേദനയോടെ പറയുമായിരുന്നു.

 

പഠിക്കാന്‍ പോയ മകന്റെ മരിച്ച ദേഹം കാണേണ്ടി വന്ന ഒരമ്മ ഇന്ന് പൊലീസ് ആസ്ഥാനത്ത് നീതി തേടി ചെന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. പൊലീസ് ക്രൂരമായാണ് ആ അമ്മയോട് പെരുമാറിയത്. നിലത്തു കൂടെ വലിച്ചിഴച്ചു. മര്‍ദ്ദിച്ചു. നിലത്ത് കിടന്ന് ഞാന്‍ അമ്മയാണ്, അമ്മയാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞ് അവര്‍ നിലവിളിക്കുന്നത് അവരുടെ മകനെ മറക്കാന്‍ അവര്‍ക്ക് കഴിയാത്തതുകൊണ്ടാണ്. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് അവര്‍ക്ക് ഉറപ്പുള്ളതുകൊണ്ടാണ്. ആ അമ്മയും മകനും എന്തൊക്കെ വര്‍ത്തമാനങ്ങള്‍ പറഞ്ഞിട്ടുണ്ടാവും. അവര്‍ അത് മറക്കണമെന്ന് ആരൊക്കെ ആഗ്രഹിച്ചാലും അവര്‍ക്കത് കഴിയില്ലെന്ന് അവരുടെ കരഞ്ഞ കണ്ണുകളില്‍ നോക്കിയാല്‍ അറിയില്ലേ? അവര്‍ ആരുടെയൊക്കെയോ ഉപകരണമാണെന്ന് പറയുന്ന സഖാക്കളേ, അവര്‍ക്ക് ജിഷ്ണുവിന്റെ അമ്മയാവാന്‍ മാത്രമേ കഴിയൂ എന്ന് നിലത്തിരുന്ന് കൈ ചൂണ്ടി, നീതി വേണമെന്ന് നിലവിളിക്കുന്നത് കാണുമ്പോള്‍ മനസ്സിലാവുന്നില്ലേ?
രോഹിത് വെമുലയുടെ അമ്മയുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടിട്ടില്ലേ?
നജീബിന്റെ അമ്മയുടെ കണ്ണുകള്‍ ?
പഠിക്കാന്‍ പോയ മക്കള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത
പേരറിയാത്ത മക്കളുടെ പേരറിയാത്ത അമ്മമാര്‍ക്കൊക്കെ അത്തരം കണ്ണുകളുണ്ടാവും.
അവരോട് നിയമത്തിന്റെ മനുഷ്യത്വമില്ലാത്ത സാങ്കേതികതയെക്കുറിച്ചല്ല പറയേണ്ടത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ തോളത്ത് തോര്‍ത്തുമുണ്ടിട്ട് ഇറങ്ങുകയൊന്നും വേണ്ട ജിഷ്ണുവിന്റെ ഘാതകരെ അറസ്റ്റ് ചെയ്യാന്‍. പഠിക്കാന്‍ പോയ മകന്‍ കൊല്ലപ്പെട്ടത് അറിയാവുന്ന ഒരമ്മയാണത്. അവരുടെ ഓര്‍മകളില്‍ ആ മകനുണ്ട്. അവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടത്. അവരെ വിലയ്‌ക്കെടുക്കാന്‍ ആവില്ല സഖാക്കളെ .