മലയാളികള്‍ക്ക് ഏറെ പരിചിതനായ താരമാണ് മണികണ്ഠന്‍ പട്ടാമ്പി. ചെറിയ വേഷങ്ങളിലൂടെ നിരവധി സിനിമകളില്‍ ഭാഗമായിട്ടുള്ള താരം മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെയാണ് പ്രശസ്തനായത്. മറിമായത്തില്‍ സത്യശീലന്‍ എന്ന കഥാപാത്രമായാണ് മണികണ്ഠന്‍ എത്തിയത്. അദ്ദേഹം അഭിനയിച്ച രണ്ടാമത്തെ സിനിമയാണ് മീശ മാധവന്‍.
രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മണികണ്ഠന്‍ ഏറെ കൈയ്യടി നേടിയ ഒരു രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘കൃഷ്ണവിലാസം ഭഗീരഥന്‍പിള്ള, വലിയവെടി നാല്, ചെറിയവെടി നാല്’ എന്ന ഡയലോഗും ആ സീനും ഇന്നും ഏറെ ചിരിപ്പിക്കുന്നത് തന്നെയായിരുന്നു. എന്നാല്‍ ആ സീന്‍ മീശ മാധവനില്‍ നിന്ന് കട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് മണികണ്ഠന്‍ പട്ടാമ്പി. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് എഡിറ്റ് ചെയ്യുന്ന സമയത്ത് ചില സീനുകള്‍ വേണ്ടെന്ന് തീരുമാനിക്കും. പലപ്പോഴും സിനിമയുടെ ലെങ്ത്ത് കൂടുമ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുക. എഡിറ്റിങ്ങിന് ഇടയില്‍ ചിലത് കാണുമ്പോള്‍ ഇത് വേണ്ട മാറ്റാമെന്ന് പറഞ്ഞ് അവര്‍ മാര്‍ക്ക് ചെയ്ത് വെയ്ക്കും. അങ്ങനെ മാര്‍ക്ക് ചെയ്ത് വെച്ച സീനുകളില്‍ ഒന്നായിരുന്നു എന്റേത്.
ഞാന്‍ മീശ മാധവനില്‍ അഭിനയിക്കുന്നതിന് മുമ്പ് മണ്‍കോലങ്ങള്‍ എന്ന ഒരു പടം ചെയ്തിരുന്നു. അത് ഈ സിനിമയുടെ എഡിറ്ററും ലാലു ചേട്ടനും (ലാല്‍ ജോസ്) കണ്ടിരുന്നു. ലാലു ചേട്ടന്‍ ‘ഇവന്‍ ഒരു സിനിമയില്‍ നായകനായിട്ടൊക്കെ അഭിനയിച്ച ആളാണ്. ആകെ ഒരു ക്ലോസാണ് ഈ സിനിമയില്‍ ഉള്ളത്. അതുകൊണ്ട് അത് കട്ട് ചെയ്യണ്ട. ആ സീനങ്ങ് വെച്ചേക്ക്’ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സീന്‍ എഡിറ്റ് ചെയ്ത് കളയാതിരുന്നത്,’ മണികണ്ഠന്‍ പട്ടാമ്പി പറഞ്ഞു.
Content Highlight: Manikandan Pattambi Talks About Meesa Madhavan