എല്ലാ തരത്തിലുള്ള വ്യാജ പ്രചരണങ്ങളെയും അതിജീവിച്ചു: കെ.എം മാണി
Daily News
എല്ലാ തരത്തിലുള്ള വ്യാജ പ്രചരണങ്ങളെയും അതിജീവിച്ചു: കെ.എം മാണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2015, 4:57 pm

mani

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഉയര്‍ത്തിവിട്ട വ്യാജ ആരോപണങ്ങള്‍ക്ക് ജനങ്ങള്‍ വില നല്‍കിയില്ലെന്ന് ധനമന്ത്രി കെ.എം മാണി. വ്യാജ ആരോപണങ്ങളെ അതിജീവിച്ച വിജയമാണിതെന്നും കെ.എം മാണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിക്കുന്ന ഓരോ വോട്ടും മാണിക്ക് ലഭിക്കുമെന്നാണ് കോടിയേരി പറഞ്ഞിരുന്നത് എന്നാല്‍ ഇപ്പോള്‍ എന്തായെന്നും കെ.എം മാണി ചോദിച്ചു.

സി.പി.എം അരുവിക്കരയില്‍ അപസര്‍പ്പക കഥകള്‍ പ്രചരിപ്പിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തി. അതെല്ലാം ജനങ്ങള്‍ തള്ളികളഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. മാണി അരുവിക്കരയില്‍ കാലുകുത്തുകയില്ല എന്നാണ് സി.പി.എം നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ താന്‍ അവിടെ പോവുകയും അനേകം പ്രചരണ പരിപാടികളിലും കുടുംബ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു.

യു.ഡി.എഫിനെതിരെ സര്‍വ്വ സന്നാഹങ്ങളോടെയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയത്. എന്നാല്‍ അവിടെ കള്ളപ്രചരണങ്ങള്‍ ഏറ്റില്ല. അഴിമതിക്കാരെ സ്വന്തം വീട്ടിലും പാര്‍ട്ടിയിലും സംരക്ഷിച്ചുകൊണ്ട് യു.ഡി.എഫിനെതിരെ വ്യാജപ്രചരണങ്ങളുമായി ഇറങ്ങിയ എല്‍.ഡി.എഫിന്റെ കപട സദാചാര തന്ത്രങ്ങള്‍ക്ക് ജനങ്ങള്‍ ഒരു വിലയും നല്‍കിയില്ല.

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമെന്ന മുഖം മൂടിയില്‍ ചില മാധ്യങ്ങള്‍ പടച്ചുവിട്ട വ്യാജവാര്‍ത്തകളും അരുവിക്കരയില്‍ ഫലം കണ്ടില്ല. എല്ലാവിധ വ്യാജ പ്രചരണങ്ങളെയും അതിജീവിച്ചുകൊണ്ടാണ് യു.ഡി.എഫ് അരുവിക്കരയില്‍ വിജയിച്ചതെന്നും മാണി പറഞ്ഞു.