കോണ്‍ഗ്രസില്‍ ഉറച്ച തീരുമാനം എടുക്കാന്‍ ധൈര്യമുള്ള നേതാക്കളില്ല; പവാര്‍ ജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; മഹാരാഷ്ട്ര സംഭവത്തില്‍ പ്രതികരിച്ച് കേരള എന്‍.സി.പി
India
കോണ്‍ഗ്രസില്‍ ഉറച്ച തീരുമാനം എടുക്കാന്‍ ധൈര്യമുള്ള നേതാക്കളില്ല; പവാര്‍ ജി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; മഹാരാഷ്ട്ര സംഭവത്തില്‍ പ്രതികരിച്ച് കേരള എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2019, 11:32 am

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച അജിത് പവാറിന്റെ നീക്കം വ്യക്തിപരമായ നിലപാട് മാത്രമാണെന്ന് കേരള എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍.

ബി.ജെ.പിയുമായുള്ള ഒരു ബന്ധത്തേയും കേരള എന്‍.സി.പി അനുകൂലിക്കുന്നില്ലെന്നും അറിഞ്ഞിടത്തോളം അജിത് പവാറിന്റെ നേതൃത്വത്തില്‍ ഏതാനും എന്‍.സി.പി നേതാക്കള്‍ മാത്രമാണ് പോയതെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കര്‍ണാടകയിലും ഗോവയിലും നാഗാലാന്റിലും ബി.ജെ.പി ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ കണ്ടതല്ലേയെന്നും കാപ്പന്‍ ചോദിച്ചു. മഹാരാഷ്ട്രയില്‍ ഇത്രയും കാലതാമസം ഉണ്ടാക്കാന്‍ പാടില്ലായിരുന്നു. ശരദ് പവാര്‍ ഇത് നേരത്തെ പറഞ്ഞതാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വര്‍ഗീയ ശക്തികളെ വളര്‍ത്തുന്ന ബി.ജെ.പിയോടൊപ്പം ചേരാനുള്ള അജിത് പവാറിന്റെ നീക്കത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടും. അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ്.

ഗോവയില്‍ ഏറ്റവും അധികം സീറ്റുള്ള ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിന് അവിടെ മന്ത്രിസഭയുണ്ടാക്കാന്‍ സാധിച്ചില്ല. അവര്‍ക്ക് ചര്‍ച്ച പൂര്‍ണമാകുന്നില്ല. എന്ത് ചെയ്യും.

കര്‍ണാടകയുടെ കാര്യം പോട്ടെ. അവിടെ വ്യത്യാസമുണ്ടായിരുന്നു. ജനതാദളുമായി കൂടേണ്ടി വന്നു. ഗോവയില്‍ ചെറിയൊരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നെങ്കില്‍ മന്ത്രിസഭ ഉണ്ടാക്കുമായിരുന്നല്ലോ.

ഗുജറാത്തില്‍ എന്‍.സി.പിയുമായി സഖ്യമുണ്ടായിരുന്നെങ്കില്‍ ഗുജറാത്ത് ഭരിക്കാമായിരുന്നല്ലോ. ദല്‍ഹിയില്‍, ഹരിയാനായില്‍, പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ഉണ്ടായിരുന്നെങ്കില്‍ കോണ്‍ഗ്രസ് എവിടെ നിന്നേനെ.

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനമെങ്കിലും രാഹുല്‍ ഗാന്ധിക്ക് കിട്ടിയേനെ. ഇപ്പോള്‍ അതും ഇല്ലല്ലോ. യു.പിയില്‍ എല്ലാ സീറ്റിലും മത്സരിച്ചു. എന്ത് കിട്ടി? ആ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തി മനസിലാക്കാന്‍ കഴിയുന്ന ഒരു നേതാവ് അതിനകത്തില്ല. ശുഷ്‌കമായ നേതൃനിരയാണ് കോണ്‍ഗ്രസിന്റെ ശാപം.

കോണ്‍ഗ്രസില്‍ ഉറച്ച തീരുമാനം എടുക്കാന്‍ ധൈര്യമുള്ള നേതാക്കളില്ല. രാഹുല്‍ ഗാന്ധിക്ക് ധൈര്യമില്ല. രാഹുല്‍ സാമാന്യ ബുദ്ധിയില്‍ ചിന്തിക്കുകയായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുമായി ഒരുമിച്ച് പോയി ബഹുഭൂരിപക്ഷം സീറ്റുകളും പിടിക്കില്ലായിരുന്നോ. അത് വെറുതെ കൊണ്ടുപോയി നഷ്ടപ്പെടുത്തിയതല്ലേ.

അന്നത്തെ ദയനീയമായ പരാജയത്തിന് ശേഷം രാഹുല്‍ ഗാന്ധി പവാര്‍ജിയെ കണ്ടിരുന്നു. അന്ന് നിങ്ങള്‍ ഊഹാപോഹം അടിച്ചു. പവാര്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകുമെന്ന്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുല്‍ സങ്കടം പറഞ്ഞുവെന്ന് പവാര്‍ ജി എന്നോട് പറഞ്ഞു. ഏറ്റ പരാജയം താങ്ങാനാവുന്നില്ലെന്ന മട്ടില്‍ രാഹുല്‍ പറഞ്ഞതായി അദ്ദേഹം സംസാരിച്ചു. പവാര്‍ ജി അന്ന് രാഹുലിനെ സമാധാനിപ്പിച്ചു വിട്ടു. മഹാരാഷ്ട്രയിലും ഹരിനായിലും തെരഞ്ഞെടുപ്പ് വരുന്നുണ്ടെന്നും നിങ്ങള്‍ ഒരു പദയാത്ര നടത്തൂവെന്നും അദ്ദേഹം ഉപദേശിച്ചു. അന്ന് 45 മിനുട്ട് നേരത്തെ സംസാരം കഴിഞ്ഞപ്പോഴേക്കും മാധ്യമങ്ങള്‍ പവാര്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന് എഴുതുകയായിരുന്നു. – മാണി സി കാപ്പന്‍ പറഞ്ഞഉ.

യു.പി.എയില്‍ നിന്ന് പിന്‍മാറുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നും യു.പി.എയില്‍ തന്നെ തുടരുമെന്നുമായിരുന്നു മാണി ,സി കാപ്പന്റെ മറുപടി.