Daily News
വേശ്യാലയത്തില്‍ നിന്നും അവളെ കൈപിടിച്ചുകയറ്റിയത് സ്വന്തം ജീവിതത്തിലേക്ക്: ഒരപൂര്‍വ്വ പ്രണയകഥ ഇങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jul 07, 07:59 am
Friday, 7th July 2017, 1:29 pm

ന്യൂദല്‍ഹി: ദല്‍ഹി ജി.ബി റോഡിലെ ലൈംഗികത്തൊഴിലാളിയായ സുബി (യഥാര്‍ത്ഥ പേരല്ല)യ്ക്ക് പ്രണയസാഫല്യം. സുബിയുടെ കാമുകനായ സാഗര്‍ ദല്‍ഹി വനിതാ കമ്മീഷന്റെ സഹായത്തോടെ വേശ്യാലയത്തില്‍ നിന്നും സുബിയെ രക്ഷിക്കുകയായിരുന്നു.

രണ്ടുവര്‍ഷം മുമ്പ് ദല്‍ഹിയിലെ ഒരു മാര്‍ക്കറ്റില്‍വെച്ചാണ് സാഗര്‍ സുബിയെ പരിചയപ്പെട്ടത്. “ലവ് അറ്റ് ഫസ്റ്റ് സൈറ്റ് തന്നെ”. പിന്നീട് അവളെ കാണാനായി മാത്രം സാഗര്‍ ജി.ബി റോഡിലെ വേശ്യാലയത്തിലെ സ്ഥിരം സന്ദര്‍ശകനായി. പിന്നീട് സുബിയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

സുബി ഇക്കാര്യം അവിടെയുള്ള മറ്റൊരു ലൈംഗികത്തൊഴിലാളിയോടു പറയുകയും അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആ ശ്രമം പരാജയപ്പെട്ടതോടെയാണ് സാഗര്‍ ദല്‍ഹി വനിതാ കമ്മീഷന്റെ സഹായം തേടിയത്.


Also Read: ട്രാഫിക് നിയമം ലംഘിച്ച മകന് ഫൈന്‍ ഇട്ടു: പൊലീസുകാരെ പരസ്യമായി ചീത്തവിളിച്ച് ബി.ജെ.പി നേതാവും അനുയായികളും- വീഡിയോ കാണാം


വനിതാ കമ്മീഷന്റെ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് സാഗര്‍ കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് വലിയൊരു സംഘം പൊലീസ് ഉദ്യോഗസ്ഥരും വനിതാ കമ്മീഷനിലെ കൗണ്‍സിലര്‍മാരും വേശ്യാലയം റെയ്ഡ് ചെയ്യുകയും സുബിയെ രക്ഷിക്കുകയുമായിരുന്നു.

സുബിയെക്കുറിച്ച് തന്റെ വീട്ടുകാരോടെല്ലാം പറഞ്ഞിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് വിവാഹിതരാവാനാണ് തീരുമാനമെന്നും സാഗര്‍ പറയുന്നു.

2015ല്‍ നേപ്പാളിലുണ്ടായ ഭൂകമ്പമാണ് സുബിയുടെ ജീവിതം മാറ്റിമറിച്ചതെന്നാണ് സാഗര്‍ പറയുന്നത്. ” പാവപ്പെട്ട കുടുംബത്തിലെ കുട്ടിയായിരുന്നു സുബി. അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു. ഭക്ഷണം ലഭിക്കാന്‍ ജീവിക്കാന്‍ വഴിയില്ലാതെ അവള്‍ ദല്‍ഹിയിലെത്തി. അവിടെ ആരോ അവളെ ജെ.ബി. റോഡില്‍ വിറ്റു.” വനിതാ കമ്മീഷനിലെ ഒരു ഉദ്യോഗസ്ഥ പറയുന്നു.

സുബിയ്ക്കും സാഗറിനും വേണ്ട എല്ലാ സംരക്ഷണവും നല്‍കുമെന്ന് വനിതാ കമ്മീഷന്‍ ഉറപ്പു നല്‍കി.