മമ്മൂട്ടി-വൈശാഖ് കോമ്പോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു
Entertainment news
മമ്മൂട്ടി-വൈശാഖ് കോമ്പോ വീണ്ടും; പുതിയ ചിത്രം പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th October 2023, 8:39 am

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ടര്‍ബോ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

വലിയ ഹിറ്റായി മാറിയ കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ടര്‍ബോ. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി വൈശാഖ് കോമ്പോയില്‍ സിനിമ വരുന്നത്. ഇതിന് മുമ്പ് ഇരുവരും പോക്കിരിരാജയിലും ചിത്രത്തിന്റെ തന്നെ രണ്ടാം ഭാഗമായ മധുരരാജയിലും ഒന്നിച്ചിരുന്നു.

ജസ്റ്റിന്‍ വര്‍ഗീസാണ് ടര്‍ബോയുടെ സംഗീത സംവിധായകന്‍. സമീര്‍ മുഹമ്മദാണ് എഡിറ്റര്‍.

റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച് റിലീസ് ചെയ്ത ചിത്രങ്ങള്‍. ജ്യോതികയും മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ജിയോ ബേബി ചിത്രം കാതലാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ടര്‍ബോ. തന്നെ ഒരിക്കല്‍ കൂടി വിശ്വസിച്ചതിന് മമ്മൂട്ടിയോട് നന്ദി എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വൈശാഖ് കുറിച്ചത്.

അടുത്ത നൂറ് ദിവസം തനിക്ക് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും വൈശാഖ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

സംവിധായകന്‍ വൈശാഖ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘അടുത്ത 100 ദിവസങ്ങള്‍ തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, എന്റെ ‘ആദ്യ സിനിമയുടെ’ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം. പ്രിയ ഷമീര്‍ മുഹമ്മദ്, ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയതിന് നന്ദി. പ്രിയ ആന്റോ ജോസഫ്, നിങ്ങളുടെ പിന്തുണയും ശക്തിയും അഭിനന്ദിക്കുന്നു. മനോഹരമായ ഒരു തിരക്കഥയ്ക്ക് മിഥുന്‍ മാനുവല്‍ തോമസിന് നന്ദി. എല്ലാറ്റിനുമുപരിയായി, ഒരിക്കല്‍ കൂടി എന്നില്‍ വിശ്വസിച്ചതിന് എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഈ ടൈറ്റില്‍ പോസ്റ്റര്‍ ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദിയോടെ ഞാന്‍ സമര്‍പ്പിക്കുന്നു,’

അതേസമയം സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്താണ് കണ്ണൂര്‍ സ്‌ക്വാഡ് ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ചിത്രം ഇതിനോടകം 100 കോടി രൂപ ടോട്ടല്‍ ബിസിനസ്സ് നേടി കഴിഞ്ഞു.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.

Content Highlight: Mammootty vyshakh new movie announced titled as turbo