നടനെന്ന നിലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ആ കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ജിയോ ബേബി ഒരുക്കുന്ന കാതൽ ദി കോർ എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം.
മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഒരു നിർമാതാവ് എന്ന നിലയിൽ താൻ തെരഞ്ഞെടുക്കുന്ന സിനിമകളെ കുറിച്ച് പറയുകയാണ് മമ്മൂട്ടി.
ഒരു മാനദണ്ഡവും നോക്കിയല്ല സിനിമകൾ എടുക്കുന്നത് എന്നും എല്ലാം ആഗ്രഹങ്ങളുടെ പുറത്ത് സംഭവിക്കുന്നതാണെന്നും തീരുമാനങ്ങൾ വലിയ പാടാണെന്നും അദ്ദേഹം പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ സ്‌ക്വാഡിനെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു.
‘ഒരു സിനിമ എടുക്കുമ്പോൾ മാനദണ്ഡം ഒന്നും നോക്കാൻ പറ്റില്ല. എന്ത് മാനദണ്ഡം വെച്ചാണ് ഒരു സിനിമയെടുക്കുക. ഇതൊരു ഗംഭീര പടമായിരിക്കും എന്ന് കരുതി സിനിമ എടുക്കുന്നതല്ല. ഒരു കഥ കേട്ട് ഇഷ്ടമാവുമ്പോൾ അത് എങ്ങനെയെങ്കിലും എടുക്കണമെന്ന് തോന്നും. അങ്ങനെയാണ് മനുഷ്യന്റെ ആഗ്രഹങ്ങൾ. സിനിമ എപ്പോഴും ആഗ്രഹങ്ങൾ മാത്രമാണ്. തീരുമാനങ്ങൾ വലിയ പാടാണ്.
ഒരു സിനിമ നന്നായി വന്നാൽ വന്നു. കണ്ണൂർ സ്‌ക്വാഡിന്റെ കാര്യത്തിൽ ഞങ്ങൾക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആളുകൾ ഇങ്ങനെ യാത്ര ചെയ്ത് പോകുന്നതാണ് ആ ചിത്രം. സാധാരണ സിനിമയിൽ കാണുന്ന പാട്ട്, പ്രണയം, അങ്ങനെയുള്ള ഫൈറ്റുകൾ ഒന്നുമില്ല. എല്ലാം ഒരു സർവൈവൽ ഫൈറ്റ് ആണ് അല്ലാതെ ഗുഡ് മോർണിങ് പറഞ്ഞിട്ടുള്ള അടിയൊന്നുമല്ല.
അങ്ങനെ ടെൻഷൻ അടിച്ചിരിക്കുമ്പോൾ പതുക്കെ പതുക്കെ കയറി വന്ന സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ഈ സിനിമയും എങ്ങനെ എടുക്കുമെന്ന് അറിയില്ല. എല്ലാം ഒരു പരീക്ഷണമാണ്. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ ഈ സിനിമയുടെ സാലറി ഞാൻ വേണ്ടായെന്ന് വെച്ചാൽ സിനിമയുടെ ചിലവ് എങ്ങനെയെങ്കിലും നമുക്ക് ഒപ്പിച്ചെടുക്കാം,’മമ്മൂട്ടി പറയുന്നു.
തെന്നിന്ത്യൻ താരം ജ്യോതികയാണ് പുതിയ ചിത്രം കാതലലിൽ നായികയാവുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.