Entertainment
ആദ്യം കൂളിങ് ഗ്ലാസ് അഴിക്ക്, എന്നാലേ മൊമന്റോ തരുള്ളൂവെന്ന് മമ്മൂട്ടി, സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 29, 12:50 pm
Thursday, 29th February 2024, 6:20 pm

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഉള്‍പ്പെട്ട സിനിമകളായിരുന്നു കണ്ണൂര്‍ സ്‌ക്വാഡും കാതലും. മമ്മൂട്ടി നായകനായെത്തിയ ഈ രണ്ട് സിനിമകള്‍ക്കും ഗംഭീര അഭിപ്രായമാണ് ലഭിച്ചത്. ബോക്‌സ് ഓഫീസിലും ഈ രണ്ട് സിനിമകള്‍ മികച്ച പ്രകടനം നടത്തി. കഴിഞ്ഞ ദിവസം രണ്ട് സിനിമകളുടെയും സക്‌സസ് സെലിബ്രേഷന്‍ കൊച്ചിയില്‍ വെച്ച് നടന്നിരുന്നു.അതിനോടനുബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

രണ്ട് സിനിമകളുടെയും ക്രൂവിന് മൊമന്റോ നല്‍കുന്ന ചടങ്ങില്‍, കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ ക്രൂവിലെ അംഗത്തിനോട് ആദ്യം കൂളിങ് ഗ്ലാസ് അഴിച്ച് വെക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. പിന്നീട് മൊമന്റോ നല്‍കിയ ശേഷം ഗ്ലാസ് ധരിച്ചുകൊള്ളാന്‍ മമ്മൂട്ടി പറയുന്നുമുണ്ട്.

രണ്ട് സിനിമകളുടെയും ആര്‍ട്ട് അസിസ്റ്റന്റുമാരില്‍ ഒരാളായ വിജു എന്ന വ്യക്തിയാണ് കൂളിങ് ഗ്ലാസ് ധരിച്ചെത്തിയത്. എന്നാല്‍ ഇതുകണ്ട മമ്മൂട്ടി വിജുവിനോട് ആദ്യം കൂളിങ് ഗ്ലാസ് അഴിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞയുടനെ വിജു ഗ്ലാസ് അഴിക്കുകയും മമ്മൂട്ടി കണ്ണൂര്‍ സ്‌ക്വാഡിന്റെ മൊമന്റോ നല്‍കുകയും ചെയ്തു. കാതല്‍ സിനിമയുടെ മൊമന്റോ നല്‍കുന്നതിന് മുമ്പ് ഗ്ലാസ് ഇട്ടോളാന്‍ മമ്മൂട്ടി പറയുന്നതും വീഡിയോയില്‍ കാണാനാകും.

കൂളിങ് ഗ്ലാസിനോടുള്ള മമ്മൂട്ടിയുടെ ഭ്രമം പണ്ടുമുതലേ പ്രശസ്തമായതുകൊണ്ട് ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബി.ജി. എമ്മുകള്‍ കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്യപ്പെട്ട വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

Content Highlight: Mammootty’s video on Kannur Squad success celebration going viral