Entertainment news
പഴയത് ഇനി വേണ്ട; ഇത് മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 15, 07:27 am
Saturday, 15th April 2023, 12:57 pm

മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ലോഗോ പുറത്ത് വിട്ടു. തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പുതിയ ലോഗോ പുറത്ത് വിട്ടിരിക്കുന്നത്. ക്യാമറയുടെ രൂപത്തിലുള്ള ‘ക’ എന്ന അക്ഷരത്തിന് പ്രാധാന്യം നല്‍കി മമ്മൂട്ടി കമ്പനിയെന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ലോഗോയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ആഷിഫ് സലീമാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനര്‍ക്ക് നന്ദി അറിയിച്ചാണ് മമ്മൂട്ടി കമ്പനി തങ്ങളുടെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കമ്പനിയുടെ ആദ്യത്തെ ലോഗോ കോപ്പിയാണെന്ന ആരോപണത്തെ തുടര്‍ന്ന് ഇത് മാറ്റുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു.

2021ല്‍ ഡോ.സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന ആരോപണം. തുടര്‍ന്നാണ് തങ്ങളുടെ ലോഗോ റീ ബ്രാന്‍ഡിങ് ചെയ്യാന്‍ പോകുകയാണെന്നും തങ്ങളുടെ ജാഗ്രതക്കുറവ് ചൂണ്ടി കാണിച്ചവരോട് നന്ദിയുണ്ടെന്നും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി കമ്പനി അറിയിച്ചത്.

ജോസ്‌മോന്‍ വാഴയില്‍ എന്ന വ്യക്തി സിനിമാ ഗ്രൂപ്പില്‍ പങ്കുവെച്ച പോസ്റ്റിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു വിവാദം ഉയര്‍ന്നുവന്നത്. എന്നിരുന്നാലും പുതിയ ലോഗോ ആരാധകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.

നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് തുടങ്ങിയ സിനിമകളാണ് ഇതുവരെ മമ്മൂട്ടി കമ്പനി നിര്‍മിച്ചത്. ഷൂട്ടിങ് പൂര്‍ത്തിയാക്കിയ കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ തുടങ്ങിയ ചിത്രങ്ങളും റിലീസിനൊരുങ്ങുന്നുണ്ട്.

 

content highlight: mammootty kambany new logo