കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കടത്തിക്കൊണ്ടുവരികയാണെന്ന് ഞാനെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗ്ലാദേശിലേക്ക് പോകുന്നത് ആരും കണ്ടില്ലേയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു മമതയുടെ വിമര്‍ശനം.
‘ബംഗ്ലാദേശില്‍ നിന്ന് ആള്‍ക്കാരെ കടത്തിക്കൊണ്ടുവരികയാണ് ഞാനെന്നും നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കുകയാണെന്നും അവര്‍(ബി.ജെ.പി) പറഞ്ഞുപരത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി തന്നെ തെരഞ്ഞടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് നേരിട്ട് ബംഗ്ലാദേശിലേക്ക് പോയിരിക്കുകയാണ്’, മമത പറഞ്ഞു.
അതേസമയം മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം രാജ്യത്തെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതിയും ലഭിച്ചിരുന്നു.
ബംഗ്ലാദേശിലെ മതുവ വിഭാഗങ്ങള്‍ കൂടുതലായുള്ള പ്രദേശത്താണ് നരേന്ദ്ര മോദി ശനിയാഴ്ച സന്ദര്‍ശനം നടത്തിയത്. മതുവ വിഭാഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അമ്പലത്തിലും മോദി സന്ദര്‍ശനം നടത്തിയിരുന്നു.
പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 27ാം തീയ്യതി തന്നെ മോദി മതുവ വിഭാഗത്തിന്റെ ക്ഷേത്രം സന്ദര്‍ശിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എന്ന പരാതിയുയര്‍ന്നിരുന്നു. ബംഗാളിലെ 29 ഓളം സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുള്ള വിഭാഗമാണ് മതുവ. ഇവരെ സ്വാധീനിച്ച് വോട്ട് ബി.ജെ.പിയുടെ പെട്ടിയിലാക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് നിരീക്ഷണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ പ്രതിഷേധം നടക്കുന്നതിനിടെ ജഷോരേശ്വരി കാളി ക്ഷേത്രം മോദി ശനിയാഴ്ച സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കൊവിഡ് മഹാമാരിയില്‍ നിന്ന് ലോകം ഉടന്‍ മോചിക്കപ്പെടണമെന്ന് മാ കാളിയോട് പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോദി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക