Entertainment
അന്നുതൊട്ട് ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല: സുജാത മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 17, 02:16 am
Monday, 17th March 2025, 7:46 am

സംഗീതപ്രേമികള്‍ക്ക് ഏറൈ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

തന്റെ അമ്മയെ കുറിച്ച് സംസാരിക്കുകയാണ് സുജാത. അമ്മയുടെ 26ാം വയസില്‍ തന്റെ അച്ഛന്‍ മരിച്ചുവെന്നും അന്നുമുതല്‍ അമ്മയുടെ ലോകം താനായിരുന്നുവെന്നും സുജാത പറയുന്നു.

താന്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരുന്ന സമയത്ത് ‘മകളെ പാടിച്ചു സമ്പാദിക്കുകയാണ്’ എന്ന് ചിലര്‍ പറയുന്നത് തന്റെ അമ്മയുടെ ചെവിയിലെത്തിയെന്നും അന്നുതൊട്ട് വിവാഹം കഴിയുന്നത് വരെ താന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും സുജാത പറഞ്ഞു. വനിത മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘അമ്മ ദേവി നന്നായി പാടുമായിരുന്നു. പക്ഷേ, അന്നത്തെ കാലത്തൊന്നും ആരും പിന്തുണക്കാന്‍ ഉണ്ടായിരുന്നില്ല. അമ്മ പറവൂരുകാരിയാണ്. വിവാഹം കഴിച്ചു കൊണ്ടുപോയത് സേലത്തേക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പേ സേലത്തേക്ക് കുടിയേറിയ മലയാളി കുടുംബമാണ് അച്ഛന്റേത്. അനസ്‌മെറ്റിസ്റ്റ് ഡോക്ടര്‍ ആയിരുന്നു അച്ഛന്‍ ഡോ. വിജയേന്ദ്രന്‍.

എനിക്ക് രണ്ടു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പിന്നെ അമ്മ എറണാകുളത്തേക്ക് തിരിച്ചു വന്നു. രവിപുരത്ത് അച്ഛന്‍ വീടുപണി പൂര്‍ത്തിയാക്കിയിരുന്നു. കസിന്‍സായിരുന്നു കൂട്ട്. അനു, രവി ചേട്ടന്‍, രഘു ചേട്ടന്‍, രാധിക, ഉമ, മാലിനി, പത്മജ, ലക്ഷ്മി, ബാലും
അച്ഛന്റെ വീട്ടുകാരെല്ലാം ചെന്നൈയിലാണ്.

എല്ലാ വെക്കേഷനും അച്ചാച്ചന്റെ വീട്ടിലേക്ക് പോകും. അവിടെയുമുണ്ട് കസിന്‍സ്. വിനോദ്, വിദ്യ, സുനു, രാജീവ്, സുമി ചേച്ചി, ജയന്‍ ചേട്ടന്‍ അച്ചാച്ചന്റെ അമ്മാവനാണ് ജി. വേണുഗോപാലിന്റെ മുത്തഛന്‍. വേണു ചേട്ടന്‍, സഹോദരി രാധിക, വല്യമ്മയുടെ മക്കളായ വിനയന്‍ ചേട്ടനും ലതിക ചേച്ചിയുമൊക്കെയായി കുട്ടിക്കാലം രസമായിരുന്നു.

അന്നുതൊട്ട് വിവാഹം കഴിയുന്നത് വരെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല

അച്ഛന്‍ മരിക്കുമ്പോള്‍ അമ്മക്ക് 26 വയസേ ഉള്ളു. പിന്നീടുള്ള ജീവിതം എനിക്ക് വേണ്ടിയായിരുന്നു. വീടും അത്യാവശ്യം സമ്പാദ്യവും അച്ഛനുണ്ടായിരുന്നു. അമ്മ നന്നായി ചിത്രം വരക്കും. ലേഡീസ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പെയിന്റിങ്ങുകള്‍ അവിടെ വില്‍ക്കാന്‍ വെക്കുന്നതും സാരിയില്‍ പെയിന്റ് ചെയ്തു കൊടുക്കുന്നതുമൊക്കെയായിരുന്നു അമ്മയുടെ രസങ്ങള്‍.

മറ്റൊരു കാര്യം പറയാം ഞാന്‍ ഗാനമേളയില്‍ പാടി തുടങ്ങിയ കാലത്ത് ‘മകളെ പാടിച്ചു സമ്പാദിക്കുകയാണ്’ എന്ന് ചിലരൊക്കെ അടക്കം പറയുന്നത് അമ്മയുടെ ചെവിയിലെത്തി. അതോടെ അമ്മയൊരു ദൃഢനിശ്ചയമെടുത്തു. ഒരു പാട്ടിനു പോലും പ്രതിഫലം വാങ്ങില്ല. അന്നുതൊട്ട് വിവാഹം കഴിയുന്നത് വരെ ഞാന്‍ ഗാനമേളക്കും പാട്ടിനും ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല,’ സുജാത മോഹന്‍ പറയുന്നു.

Content highlight: Sujatha Mohan talks about her Mother